തിരുവനന്തപുരം: കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി അസോസിയേഷന്റെ (കെഎംഡിഐഎ) പ്രവർത്തനോദ്ഘാടനം ഹയാത്ത് റീജൻസിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്തെ സാങ്കേതിക മാറ്റങ്ങൾ മെഡിക്കൽ ഉപകരണ വ്യവസായത്തിന് വലിയ അവസരങ്ങളാണ് തുറക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ നാനോടെക്നോളജി വരെ ചികിത്സയെയും രോഗനിർണയത്തെയും മാറ്റിമറിക്കുകയാണ്. സാങ്കേതികവിദ്യയും അറിവും നിരന്തരം പുതുക്കുകയും ലോകവിപണിയുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ ഉപകരണ നിർമാണത്തിൽ കേരളം ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. ഈ കരുത്ത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേരളത്തിൽ നിർമിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് ലോകവിപണി കണ്ടെത്തണം. പുതിയ സംരംഭങ്ങൾക്കും മെഡിക്കൽ ഡിവൈസ് പാർക്കുകൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാണ്. വ്യവസായ മേഖല ഒറ്റയ്ക്കല്ല, കൂട്ടായി പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കണമെന്ന കെഎംഡിഐഎയുടെ സമീപനം ഈ വളർച്ചയ്ക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വ്യവസായ സംരംഭങ്ങൾക്ക് ‘സിംഗിൾ ഡോർ, സിംഗിൾ ഡോക്യുമെന്റ്, സിംഗിൾ അപ്രൂവൽ’ സംവിധാനം നടപ്പാക്കാൻ 19 നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾക്ക് വർഷങ്ങളോളം അനുമതി കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കി സമയബന്ധിതമായി തീരുമാനമെടുക്കും. നിക്ഷേപ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നേതൃത്വം നൽകുന്ന ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ കൗൺസിൽ നേരിട്ട് നിരീക്ഷിക്കും. കേരളത്തിന് അനുയോജ്യമായ, പരിസ്ഥിതി സൗഹൃദവും വിജ്ഞാനാധിഷ്ഠിതവുമായ വ്യവസായമാണ് മെഡിക്കൽ ഉപകരണ മേഖലയെന്നും സംസ്ഥാനത്തിന്റെ വലിയ ടാലന്റ് പൂളിനെ പ്രയോജനപ്പെടുത്തി ഈ രംഗത്ത് കൂടുതൽ നിക്ഷേപവും സ്ഥാപനങ്ങളും കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ; കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവർ സർക്കാർ നയങ്ങളും മുന്നോട്ടുള്ള സാധ്യതകളും വിശദീകരിച്ചു. ‘മേക്ക് ഇൻ കേരള’ മെഡിക്കൽ സാങ്കേതികവിദ്യയുടെ വിശ്വസ്ത ആഗോള നാമമാക്കി മാറ്റാനുള്ള കെഎംഡിഐഎയുടെ കാഴ്ചപ്പാട് പ്രസിഡന്റ് തോമസ് ജോൺ അവതരിപ്പിച്ചു. കെഎംഡിഐഎ പ്രസിഡന്റ് തോമസ് ജോൺ; സെക്രട്ടറി ടി.സി. ജയശങ്കർ, ഡോ. സതീഷ് കുമാർ സി.എസ് , സിഇഒ ,കെഎംഡിഐഎ; കെഎംടിസി സ്പെഷ്യൽ ഓഫീസർ സി. പത്മകുമാർ, കെഎംഡിഐഎ ട്രഷറർ ബിനു അഗസ്റ്റിൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
Content Highlights: Government announces full support for new medical device parks in Kerala
Published: 16 Sept 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented