നിരവധി ആരോഗ്യ പ്രത്യാഘാതങ്ങൾക്കു കാരണമാകുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. എന്നാൽ സ്ത്രീകളിലും പുരുഷന്മാരിലും ‌ടൈപ് 2 പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വ്യത്യസ്തമാണെന്നാണ് പഠനം പറയുന്നത്. PLOS മെഡിസിൻ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

To advertise here,

ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരിൽ ഹൃദ്രോഗമോ അന്തിമഘട്ട വൃക്കരോഗമോ വരാനുള്ള സാധ്യത കൂടുതലാണെന്നും എന്നാൽ സ്ത്രീകളിൽ ഉത്കണ്ഠ, വിഷാദം, തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.

യു.കെ.യിൽ നിന്നുള്ള 2010നും 2020നും ഇടയിൽ പുതുതായി ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ച 28,720 ആളുകളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ശരാശരി 6.8 വർഷക്കാലം പഠനത്തിൽ പങ്കാളികളായവരെ നിരീക്ഷിച്ചു. ടൈപ്പ് 2 പ്രമേഹം നിർണയിച്ചതിനുശേഷം വ്യത്യസ്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ ക്രമവും സമയവും പഠിക്കുകയും ചെയ്തു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, അന്തിമഘട്ട വൃക്കരോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നു കണ്ടെത്തിയത്.

ടൈപ്പ് 2 പ്രമേഹം ബാധിച്ച സ്ത്രീകളിൽ പ്രമേഹം നിർണയിച്ചതിനുശേഷം ഉത്കണ്ഠ, വിഷാദം പോലുള്ളശ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാൾ കൂടുതലായിരുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. അതേസമയം

പുരുഷന്മാരിൽ ഹൃദ്രോഗത്തിന്റെയും വൃക്കരോഗത്തിന്റെയും സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.

ടൈപ്പ് 2 പ്രമേഹത്തെത്തുടർന്നുള്ള സങ്കീർണ്ണതകൾ സ്ത്രീ പുരുഷ വ്യത്യാസമനുസരിച്ച് മാറ്റമുണ്ടാകാമെന്നും ആ രീതിയിൽ സമീപിക്കുന്നത് ഗുണംചെയ്യുമെന്നുമാണ് ഗവേഷകർ പറയുന്നത്. ഇരുവിഭാഗങ്ങളിലും ഉയർന്ന രക്തസമ്മർദം ഏറ്റവും സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണെന്നും ഗവേഷകർ കണ്ടെത്തി. പ്രമേഹവും രക്തസമ്മർദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും രണ്ടും ഒരുപോലെ നിരീക്ഷിച്ച് ചികിത്സിക്കണമെന്നും വ്യക്തമാക്കുകയാണ് ഗവേഷകർ. ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചതിനുശേഷം മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളവരിൽ അകാലമരണസാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. 

പ്രമേഹം സ്ഥിരീകരിച്ച സ്ത്രീകളിൽ മാനസികാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരാമെന്നും അതേസമയം പുരുഷന്മാരിൽ ഹൃദ്രോഗ, വൃക്കസംബന്ധമായ സങ്കീർണ്ണതകൾ നേരത്തെ നിരീക്ഷിക്കുന്നത് പ്രയോജനം ചെയ്യുമെന്നുമാണ് ഗവേഷകർ കൂട്ടിച്ചേർക്കുന്നത്.

ടൈപ് 2 ഡയബറ്റിസ്

ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്‌. ഇത് ഇൻസുലിൻ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങൾ, ജനിതക ഘടന, അമിതവണ്ണം എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.