മണിക്കൂറുകളോളമുള്ള ഇരിപ്പ് പുകവലിക്ക് സമാനമാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജോലിയുടെ ഭാഗമായും മറ്റുമൊക്കെ മണിക്കൂറുകളോളം ഇരിക്കുന്നവരിൽ ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അരമണിക്കൂർപ്പോലും തുടർച്ചയായി ഇരിക്കുന്നത് അർബുദസാധ്യതയും അതുമൂലമുള്ള മരണവും കൂട്ടുമെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.
ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്ലോസ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും 30 മിനിറ്റിലധികം തുടർച്ചയായി ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് കാൻസർ മരണത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരു പതിറ്റാണ്ടിലധികം 90,000-ലധികം ആളുകളെ നിരീക്ഷിച്ചതിനൊടുവിലാണ് ഗവേഷകർ ഈ വിലയിരുത്തലിലെത്തിയത്. അരമണിക്കൂറിനുശേഷമുള്ള ഓരോ അധിക മണിക്കൂറും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു.
എന്നാൽ, അരമണിക്കൂർ ഇരിക്കുന്നതിനിടെ ഇടവേളയെടുത്ത് ചെറുവ്യായാമങ്ങൾ ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കുമെന്ന ആശ്വാസവാർത്തയും ഗവേഷകർ പങ്കുവെക്കുന്നുണ്ട്. ഓരോ അര മണിക്കൂറിനിടയിലും എഴുന്നേറ്റ് മുറിക്കു ചുറ്റും നടക്കുന്നതുപോലും ആരോഗ്യത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും.
തുടർച്ചയായി 30 മിനിറ്റിലധികം ഇരിക്കുന്നത് കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് തങ്ങളുടെ ഡാറ്റ വ്യക്തമാക്കുന്നതെന്ന് ഗ്ലാസ്ഗോ സർവകലാശാലയിൽനിന്നുള്ള പ്രൊഫസറും പഠനത്തിന് നേതൃത്വം വഹിച്ചയാളുമായ ഡോ. ഫ്രെഡറിക് ഹോ പറഞ്ഞു. ഒരു ചെറിയനടത്തം പോലുള്ള ലളിതമായ ശാരീരികപ്രക്രിയപോലും അപകടസാധ്യത കുറയ്ക്കുന്നുവെന്നത് സന്തോഷവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ ശരീരത്തിന് മിതമായതോ കഠിനമായതോ ആയ വ്യായാമങ്ങൾ വളരെ പ്രധാനമാണെന്നും ലഘുവായ ചലനങ്ങൾ പോലും അവഗണിക്കരുതെന്നാണ് തങ്ങളുടെ പഠനം പറയുന്നതെന്നും ഗവേഷകർ പറയുന്നു. മണിക്കൂറുകളോളം വെറുതെയിരിക്കുന്നുവെങ്കിൽ ചെറുവ്യായാമങ്ങൾക്കും സമയംമാറ്റിവെച്ച് കാൻസറിനുള്ള അപകടസാധ്യത കുറയ്ക്കണം. സാവധാനത്തിലുള്ള നടത്തവും വീട്ടുജോലികളുംപോലും ഗുണംചെയ്യും.
മണിക്കൂറുകളോളം ഒരേ ഇരിപ്പ് തുടരുന്നത് കാലുകൾ ദുർബലമാക്കുകയും അമിതവണ്ണം, പുറംവേദന, ഹൃദ്രോഗം, ഉത്ണ്ഠ, വിഷാദരോഗം, പ്രമേഹം, വെരിക്കോസ് വെയ്ൻ, അസ്ഥികൾ ദുർബലമാവുക തുടങ്ങിയവയ്ക്കും കാരണമാകുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ദീർഘനേരം ഇരുന്നുജോലിചെയ്യുന്നവർ ശ്രദ്ധിക്കാൻ
- ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.
- കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം
- കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കുകയുമാവാം.
- കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.
- പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.
- കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക. കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.
Content Highlights: Sitting for more than 30 consecutive minutes is linked to increased cancer mortality risk., Data based on a decade-long study of over 90,000 individuals by the University of Glasgow
Published: 03 Jul 2026, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented