ദിവസങ്ങൾക്ക് മുമ്പാണ് തന്നെ ട്രിക്കട്ടലോമാനിയ (trichotillomania) ബാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി ഒലിവിയ മൻ രംഗത്തെത്തിയത്. സ്വന്തം തലയോട്ടിയിൽ നിന്നോ പുരികങ്ങളിൽ നിന്നോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നോ മുടി പറിച്ചെടുക്കാൻ തോന്നുന്ന ഒരു മാനസികാരോഗ്യ വൈകല്യമാണിത്.
ആംചെയർ എക്സ്പേർട്ട് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 'തലയുടെ മുകളിലുള്ള മുടിയാകാം പിഴുതെടുക്കാൻ തോന്നുന്നത്. എന്തോ ഒരു ശാരീരിക അവസ്ഥ അവിടെ തോന്നുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത് എന്നാൽ, പലപ്പോഴും അത് യഥാർഥമായിരിക്കണമെന്നില്ല. ചിലപ്പോൾ കൺപീലി ഊരിപ്പോരാൻ പോകുന്നത് പോലെ തോന്നും. എന്നിട്ട് നമ്മൾ അത് വലിക്കുമ്പോൾ ഒരു നിമിഷത്തെ വേദനയുമുണ്ടാകും. പക്ഷേ, ഒരു സംതൃപ്തിയുണ്ടാകും. ഒപ്പം പശ്ചാത്താപവും', നടി പറഞ്ഞു.
എന്താണ് ട്രിക്കട്ടലോമാനിയ?
ഒരു വ്യക്തിയെ ശരീരത്തിൻ്റെ ഏത് ഭാഗത്തുനിന്നും ആവർത്തിച്ച് രോമം പറിക്കാൻ പ്രേരിപ്പിക്കുന്ന രോഗമാണ് ട്രിക്കട്ടലോമാനിയ എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നത്. ഒബ്സസ്സീവ് കംപൾസീവ് ഡിസോർഡേഴ്സിന്റെ (OCD) ഭാഗമാണ് ഈ പ്രശ്നം. ഉത്കണ്ഠാ പ്രശ്നങ്ങളുമായും രോഗത്തിന് ബന്ധമുണ്ട്. ഈ പ്രശ്നം കാലക്രമേണ മുടി കൊഴിച്ചിലിനും രോഗിയുടെ രൂപഭാവത്തെ ബാധിക്കുന്നതിനും കാരണമായേക്കാം.
ഈ പ്രശ്നമുള്ളവർ പലപ്പോഴും തലയൊട്ടി, പുരികം, കൺപീലികൾ, അല്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പോലും രോമം പറിച്ചെടുക്കാറുണ്ട്. പിരിമുറുക്കമോ ഉത്കണ്ഠയോ അനുഭവപ്പെടുമ്പോൾ ഇത് കൂടുതലാകാം. വെറുതെ വിരസത തോന്നുമ്പോഴും അല്ലെങ്കിൽ അവർ ഇത് ചെയ്യുന്നുണ്ടെന്ന് പോലും അറിയാതെ രോഗം ബാധിച്ചവർ രോമം പിഴുതെടുക്കും.
ലക്ഷണങ്ങൾ
- തലയോട്ടിയിൽ കഷണ്ടിപാടുകൾ അല്ലെങ്കിൽ കൺപീലികളും പുരികങ്ങളും നഷ്ടപ്പെടുക
- നിർത്താൻ ശ്രമിക്കുമ്പോൾ ആവർത്തിച്ച് മുടി പിഴുതെടുക്കുക
- മുടി വലിക്കാൻ കഴിയാതെ വരുമ്പോൾ സമ്മർദ്ദമോ അസ്വസ്ഥതയോ അനുഭവപ്പെടുക
ചികിത്സ
ട്രിക്കട്ടലോമാനിയ രോഗിക്ക് ഒരു ത്വക്ക് രോഗ വിദഗ്ധന്റേയും മനോരോഗ വിദഗ്ധന്റെയും സഹായം ആവശ്യമാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനേയും സമീപിക്കാവുന്നതാണ്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), ഹാബിറ്റ് റിവേഴ്സൽ ട്രെയിനിംഗ് പോലുള്ള തെറാപ്പി രീതികൾ ഫലപ്രദമായേക്കും. മരുന്നുകൾ വഴിയും വിഷയം നിയന്ത്രിക്കാം.
Content Highlights: Olivia Munn reveals she's living with Trichotillomania
Published: 02 Jul 2025, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented