മഴക്കാലമെത്തിയതോടെ രോഗങ്ങളും വരവായി. അവയെ പടികടത്താന്‍ ഈ അറിവുകള്‍ കൂട്ടുകാരെ സഹായിക്കും

തുമ്പപ്പൂവോളം വലുപ്പമുള്ള മഴത്തുള്ളികൾ വീഴുന്നത് കാണാനും, മഴയത്ത് കടലാസുതോണി ഒഴുക്കാനുമൊക്കെ നമുക്ക് ഒരുപാട് ഇഷ്ടമാണല്ലേ. എന്നാൽ, ഈ കനത്തമഴയ്ക്കൊപ്പം ചില വില്ലൻമാരായ രോഗാണുക്കളും നമ്മുടെയടുത്തേക്ക് വരാൻനോക്കുന്നുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും വെള്ളം കെട്ടിക്കിടക്കുന്നതുമാണ് ഇതിന് കാരണം. അല്പം ശ്രദ്ധിച്ചാൽ ഈ വിരുതൻമാരെയെല്ലാം നമുക്ക് പടിക്കുപുറത്ത് നിർത്താം.
ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും
ഡെങ്കിപ്പനി ഉണ്ടാക്കുന്നത് ഡെങ്കി വൈറസും ചിക്കുൻഗുനിയ ഉണ്ടാക്കുന്നത് ചിക്കുൻഗുനിയ വൈറസുമാണ്.
വീട്ടുപറമ്പിലോ സ്‌കൂൾമുറ്റത്തോ കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിൽ മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകുകളാണ് പകൽസമയത്ത് നമ്മളെ കടിച്ച് ഈ വൈറസുകളെ പരത്തുന്നത്. കടുത്ത പനിയും ശരീരവേദനയുമാണ് പ്രധാന ലക്ഷണം.
വയറിളക്കരോഗങ്ങൾ
ടൈഫോയ്ഡ് ഉണ്ടാക്കുന്നത് സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ്. ഇതുകൂടാതെ, വയറിളക്കത്തിനുംമറ്റും കാരണമാകുന്നത് റോട്ടാവൈറസ് അല്ലെങ്കിൽ ഇ-കോളി തുടങ്ങിയ അണുക്കളുമാകാം. കിണറ്റുവെള്ളത്തിൽ മലിനജലം കലരുന്നതിലൂടെയും ഈച്ചകൾ വന്നിരുന്ന ആഹാരത്തിലൂടെയുമാണ് ഈ രോഗങ്ങൾ പകരുന്നത്. ഷിഗെല്ലയും ഇതിൽ പ്രധാനമാണ്. മലിനമായ ജലത്തിലൂടെയുംമറ്റുമാണ് ഇത് പടരുന്നത്.
ജലദോഷപ്പനി
ഇൻഫ്ലുവൻസ വൈറസുകളാണ് ഇതിന് കാരണം. വായുവിലൂടെ ഈ വൈറസുകൾ വേഗത്തിൽ പടരുന്നു. രോഗമുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഇത് മറ്റുള്ളവരിലേക്ക് പകരാം.
എലിപ്പനി
ലെപ്റ്റോസ്‌പൈറ എന്ന ഇനം ബാക്ടീരിയങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. എലി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ മൂത്രം കലർന്ന മലിനജലത്തിലൂടെയോ ചെളിയിലൂടെയോ ആണ് ഈ ബാക്ടീരിയങ്ങൾ പകരുന്നത്. കാലിലെ ചെറിയ മുറിവുകളിലൂടെ ഇവ ശരീരത്തിൽ കടക്കാം. കടുത്ത പനിയും മുട്ടുകാലിലെ പേശീവേദനയുമാണ് ലക്ഷണം.
മഞ്ഞപ്പിത്തം
മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട ജലജന്യരോഗമാണിത്. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകളാണ് ഇതിന് കാരണം.
മലിനമായ വെള്ളം കുടിക്കുന്നതിലൂടെയും വൃത്തിഹീനമായ കൈകളിലൂടെയും ഈ വൈറസ് ശരീരത്തിലെത്തുന്നു. കടുത്ത ക്ഷീണവും മൂത്രത്തിന് മഞ്ഞനിറവും ഇതിന്റെ ലക്ഷണങ്ങളാണ്.
ജലത്തിലൂടെ മനുഷ്യരിലെത്തുന്ന മറ്റൊരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴും മറ്റും രോഗാണു ശരീരത്തിലെത്തുന്നു.
കൂട്ടുകാർ ശ്രദ്ധിക്കുമല്ലോ
കൊതുകുവളരുന്ന കേന്ദ്രങ്ങൾ നശിപ്പിക്കാം: ആഴ്ചയിലൊരിക്കൽ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ കമഴ്ത്തിവയ്ക്കുക (ഡ്രൈ ഡേ ആചരിക്കാം)
മലിനജലത്തിൽ കളിക്കരുത്: മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലും പറമ്പുകളിലും ഇറങ്ങി കളിക്കരുത്. പുറത്തുപോയി വന്നാൽ കൈയും കാലും സോപ്പിട്ട് കഴുകണം
തിളപ്പിച്ച വെള്ളംമാത്രം: പച്ചവെള്ളം കുടിക്കരുത്. നന്നായി തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. ആഹാരം എപ്പോഴും അടച്ചുവയ്ക്കുക
വസ്ത്രം ശ്രദ്ധിക്കാം: കൊതുകുകടിയേൽക്കാതിരിക്കാൻ ശരീരമാകെ മൂടുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക
Content Highlights: Overview of monsoon-related viral and bacterial infections
Published: 17 Jun 2026, 11:50 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented