കൂട്ടംകൂടി നിൽക്കുമ്പോൾ മറ്റുള്ളവരെയെല്ലാം ഒഴിവാക്കി കൊതുകുകൾ നിങ്ങളെ മാത്രം കടിക്കുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? രോഗം പരത്തുന്ന ഈ ചോരകുടിയന്മാരെ ചിലരിലേക്ക് കൂടുതൽ ആകർഷിക്കുന്നതിന്റെ കാരണം കണ്ടെത്താനുള്ള നിരന്തരമായ ശ്രമത്തിലാണ് ശാസ്ത്രലോകം. രക്തഗ്രൂപ്പാണ്് ഇതിന്റെ പ്രധാന കാരണം എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. എന്നാൽ ശരീരം പുറപ്പെടുവിക്കുന്ന ഗന്ധം, ചൂട്, അതുപോലെ നമ്മൾ ശ്വസിക്കുമ്പോൾ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡ് എന്നിവയുൾപ്പെടെയുള്ള പലവിധ കാരണങ്ങളാണ് കൊതുകുകൾ മറ്റുള്ളവരെക്കാൾ ഒരു പ്രത്യേക വ്യക്തിയെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ. അതായത് മുമ്പ് കരുതിയതുപോലെ രക്തഗ്രൂപ്പിന് ഇതിൽ പ്രത്യേകിച്ച് സ്ഥാനമൊന്നും ഇല്ലെന്നർഥം. കൊതുകുകൾക്ക് ചില പ്രത്യേക രക്തഗ്രൂപ്പുകളോട് താത്പര്യമുണ്ടെന്ന ധാരണയ്ക്ക് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നാണ് പുതിയ കണ്ടെത്തൽ. അതുപോലെ മനുഷ്യന്റെ ചർമ്മത്തിന്റെയോ, കണ്ണിന്റെയോ, മുടിയുടെയോ നിറവുമായും ഇതിന് യാതൊരു ബന്ധവുമില്ല. കൊതുകുകൾ ഏകദേശം 10 മീറ്ററിനുള്ളിൽ എത്തുമ്പോൾ തന്നെ നമ്മുടെ ശരീരഗന്ധം തിരിച്ചറിയാൻ തുടങ്ങും. കാർബൺ ഡൈ ഓക്സൈഡിനൊപ്പം നമ്മുടെ ശരീരഗന്ധം കൂടി ചേരുമ്പോൾ അവ കൂടുതൽ ആകർഷിക്കപ്പെടുന്നു എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഫോർ ഡെവലപ്‌മെന്റിലെ ഫ്രെഡറിക് സിമാർഡ് എന്ന മെഡിക്കൽ എന്റമോളജിസ്റ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

To advertise here,

മനുഷ്യർ 300 മുതൽ 1,000 വരെയുള്ള വ്യത്യസ്ത ഗന്ധസംയുക്തങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്, എന്നാൽ ഇവയിൽ ഏതാണ് കൊതുകുകളെ ആകർഷിക്കുന്നതെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി വരുന്നതേയുള്ളൂ. മദ്യവും മറ്റും കൊതുകുകളെ ആകർഷിക്കുന്ന ഗന്ധങ്ങളാണ്. അതുകൊണ്ടുതന്നെ ലഘുവായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് ശാസ്്ത്രജ്ഞർ മുന്നോട്ടുവെക്കുന്നത്. അതുപോലെ ചർമ്മം പൂർണമായി മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കൊതുക് വലകളും കൊതുക് നിവാരണികളും ഉപയോഗിക്കുക എന്നിവയാണ് മറ്റ് പരിഹാരങ്ങൾ.