കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫാറൂഖ് കോളേജ് സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എങ്കിലും, ബുധനാഴ്ച അർധരാത്രി സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുമ്പോൾ ഉണ്ടായിരുന്നതിനെക്കാൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. വെന്റിലേറ്റർ സഹായത്തോടെ ഐ.സി.യു.വിൽത്തന്നെയാണ് ഇപ്പോഴുള്ളത്.

To advertise here,

വ്യാഴാഴ്ച വൈകീട്ടോടെയാണ് പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രോഗം സ്ഥിരീകരിച്ചത്.

എന്നാൽ, തോന്നയ്ക്കൽ വൈറോളജി ലാബിൽനിന്നും കോഴിക്കോട്ടെ മൈക്രോബയോളജി ലാബിൽനിന്നുമുള്ള പ്രാഥമികഫലം ലഭിച്ചപ്പോൾത്തന്നെ ശക്തമായ പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ 'മാതൃഭൂമി'യോട് പറഞ്ഞു.

77 പേരുടെ സമ്പർക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ടുപേർ അതീവ റിസ്‌ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്. 62 പേർ റിസ്‌ക് കുറഞ്ഞ വിഭാഗത്തിലാണ്. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. എങ്കിലും, ഇതിൽ റിസ്‌ക് കൂടിയ വിഭാഗത്തിൽപ്പെട്ട എല്ലാവരും ക്വാറന്റീനിലാണെന്നും രോഗബാധിതന്റെ റൂട്ടുമാപ്പ് തയ്യാറായിട്ടുണ്ടെന്നും കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.

ഉറവിടം കണ്ടെത്താൻ തീവ്രശ്രമം

രോഗിക്ക് എവിടെനിന്നാണ് വൈറസ് ബാധയേറ്റത് എന്നത് സ്ഥിരീകരിക്കാൻ ആരോഗ്യപ്രവർത്തകർ തീവ്രശ്രമത്തിലാണ്. ഇദ്ദേഹം ജോലിചെയ്ത ഗോഡൗണിൽനിന്നാണെന്ന രീതിയിൽ പ്രചാരണമുണ്ടായെങ്കിലും വ്യാഴാഴ്ച അവിടെ പരിശോധന നടത്തി ഉദ്യോഗസ്ഥർക്ക് അവിടെ വവ്വാലിന്റെ ഒരു സാന്നിധ്യവും കണ്ടെത്താനായില്ല. വീട്ടുവളപ്പിൽനിന്ന് സപ്പോട്ട പഴം പറിച്ചുകഴിച്ചതിനാൽ, വവ്വാലുകൾ കടിച്ചിട്ട പഴങ്ങളിൽനിന്നാകാം വൈറസ് ബാധിച്ചതെന്ന സാധ്യതയാണ് ആരോഗ്യവകുപ്പ് ഇപ്പോൾ പരിശോധിക്കുന്നത്. ഇതിന് പരിശോധനകൾ നടത്തി സ്ഥിരീകരണം വരേണ്ടതുണ്ട്. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചു.