കൊളസ്ട്രോൾ നില ഉയരുന്നത് തിരിച്ചറിയാതെപോയാൽ രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ നിരവധി രോഗങ്ങൾക്കു കാരണമാകും. ഇന്ത്യയിൽ പ്രായപൂർത്തിയായ പത്തിൽ ഒമ്പതുപേരിലും കൊളസ്ട്രോൾ നില കൂടുതലാണെന്നാണ് അടുത്തിടെ ഐ.സി.എം.ആർ. നടത്തിയ പഠനം വ്യക്തമാക്കിയത്. ഇപ്പോഴിതാ പത്താംവയസ്സുമുതലേ കൊളസ്ട്രോൾ പരിശോധന നടത്തുന്നത് ഹൃദ്രോഗ സാധ്യതയുള്ള കുട്ടികളെ കണ്ടെത്താൻ സഹായിക്കുമെന്ന് പറയുകയാണ് ഹൃദ്രോഗവിദഗ്ധനായ ഡോ. അശോക് സേത്ത്.
ഇന്ത്യ ടുഡേ ഹെൽത്ത് സമ്മിറ്റിൽ സംസാരിക്കവേയാണ് അദ്ദേഹം ഇതേക്കുറിച്ചു പറഞ്ഞത്. ഹൃദ്രോഗസാധ്യത നേരത്തേ കണ്ടെത്താൻ കുട്ടികൾക്ക് കൊളസ്ട്രോൾ സ്ക്രീനിംഗ് നടത്തേണ്ടതു പ്രധാനമാണെന്നും ഹൃദയാരോഗ്യം വിലയിരുത്തുന്നതിൽ എക്കോകാർഡിയോഗ്രാമിന്റെ പങ്ക് വലുതാണെന്നും ഡോക്ടർ പറഞ്ഞു.
ഹൃദ്രോഗ സാധ്യതകൾ വിലയിരുത്തുന്നതിനുള്ള മാർഗ്ഗങ്ങളായി കൊളസ്ട്രോൾ പരിശോധനയെയും എക്കോകാർഡിയോഗ്രാഫിയെയും കാണണമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ഈ പരിശോധനകൾ എല്ലാ കുട്ടികൾക്കും ആവശ്യമില്ലെന്നും പകരം പ്രായം, കുടുംബ പാരമ്പര്യം തുടങ്ങിയ അപകടസാധ്യത ഘടകങ്ങളെ ആശ്രയിച്ചാണ് കൊളസ്ട്രോൾ സ്ക്രീനിങ് നടത്തേണ്ടതെന്നും ഡോക്ടർ പറയുന്നു. ഹൃദ്രോഗ സാധ്യത സൂചിപ്പിക്കുന്ന രോഗലക്ഷണങ്ങളോ, പരിശോധനാഫലങ്ങളോ, പാരമ്പര്യഘടകമോ ഉണ്ടെങ്കിലാണ് എക്കോകാർഡിയോഗ്രാം ശുപാർശ ചെയ്യുന്നതെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
ഹൃദ്രോഗം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നല്ലാതായി മാറിയിരിക്കുന്നുവെന്നും ഡോ. അശോക് സേത്ത് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ ഹൃദയാഘാതങ്ങളിൽ 50 ശതമാനത്തോളവും 50 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വ്യായാമം ആരോഗ്യകരമായ ഭക്ഷണരീതി എന്നിവയ്ക്ക് പ്രാധാന്യമേകി ശരീരഭാരവും ഹൃദ്രോഗസാധ്യതയും കുറയ്ക്കണമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
ആഹാരശീലവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. ചില ജനിതക വകഭേദങ്ങൾ ഉള്ളവരിൽ ആഹാരശീലം മോശമാകുമ്പോൾ മാത്രമാണ് കൊളസ്ട്രോൾ നില ഉയരുന്നതെന്നാണ് പഠനം പറഞ്ഞത്. ജനിതക വകഭേദങ്ങളുണ്ടെങ്കിലും പതിവായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ കൊളസ്ട്രോൾ സാധ്യത വൈകിക്കാനാവുമെന്നും പഠനം പറഞ്ഞിരുന്നു. ചെന്നൈയിലെ മദ്രാസ് ഡയബറ്റസ് റിസർച്ച് ഫൗണ്ടേഷനും (MDRF) യുകെയിലെ റെഡിങ് സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇതേക്കുറിച്ച് വിശദമാക്കിയത്. കൊളസ്ട്രോളിനുള്ള ജനിതക സാധ്യതയുണ്ടെന്നു കരുതി മാത്രം കൊളസ്ട്രോൾ നില ഉയരണമെന്നില്ലെന്നും ഒപ്പം അനാരോഗ്യകരമായ ആഹാരരീതി കൂടിയാകുമ്പോഴാണ് അപകടസാധ്യത കൂടുന്നതെന്നും ഗവേഷകർ വ്യക്തമാക്കിയിരുന്നു.
പാരമ്പര്യമായി കിട്ടിയ ജീനുകളെ മാറ്റാൻ കഴിയില്ലെങ്കിലും ഭക്ഷണ ശീലങ്ങൾ മെച്ചപ്പെടുത്തി കൊളസ്ട്രോൾ സാധ്യത കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും ധാരാളം കഴിക്കുകയുമാണ് ചെയ്യേണ്ടതെന്നും ഗവേഷകർ പറയുന്നുണ്ട്.
കൊളസ്ട്രോൾ പ്രതിരോധം; ശ്രദ്ധിക്കേണ്ടത്
പണ്ടുകാലത്തേതുപോലെ പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നല്ല ഉയർന്ന കൊളസ്ട്രോൾ. മെലിഞ്ഞവർക്കും ഉയർന്ന കൊളസ്ട്രോൾ വരാം. വ്യായാമം ചെയ്യുന്നവരിൽ ഭക്ഷണക്രമം ശരിയല്ലെങ്കിലും ശ്രദ്ധവേണം. സമ്മർദ്ദം, ഉറക്കം, പുകവലി എന്നിവയും ശ്രദ്ധിക്കണം.
കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക
കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി കൊഴുപ്പുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതാണ്. എന്നാൽ, എല്ലാ കൊഴുപ്പും ശരീരത്തിനെ സംബന്ധിച്ച് മോശമല്ല. റെഡ് മീറ്റ്, വെണ്ണ, നെയ്യ്, ക്രീം, കൊഴുപ്പ് നിറഞ്ഞ ചീസ് എന്നിവയിൽ സാധാരണയായി കാണുന്ന പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. അതിനാൽ, എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാം. സാൽമൺ, അയല പോലുള്ള മത്സ്യങ്ങളും ഒലിവ് ഓയിൽ, നട്സ്, വിത്തുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വ്യായാമം
ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമം ചെയ്യേണ്ടത് നിർബന്ധമാണ്. സ്ഥിരമായ വ്യായാമം കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തും. മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾക്ക് വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും.
മദ്യപാനവും പുകവലിയും ഒഴിവാക്കാം
കൊളസ്ട്രോൾ നില ഉയർത്തുന്നതിനും ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്കും പുകവലി കാരണമാകും. എത്രയും പെട്ടെന്ന് പുകവലി നിർത്തുന്നുവോ അത്രയും വേഗം ആരോഗ്യം മെച്ചപ്പെടും. അതുപോലെ, അമിതമായ മദ്യപാനം ശരീരത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വർധിപ്പിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് മദ്യപാനം കുറയ്ക്കാനോ അല്ലെങ്കിൽ പൂർണമായി ഒഴിവാക്കാനോ ശ്രമിക്കുക.
കൊളസ്ട്രോളിന്റെ ചില ലക്ഷണങ്ങൾ
1. കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞനിറമുള്ള മുഴകൾ
കൺപോളകളിൽ ചെറുതും മൃദലവും മഞ്ഞനിറമുള്ളതുമായ മുഴകളുണ്ടെങ്കിൽ ശ്രദ്ധവേണം. സാന്തലാസ്മ(Xanthelasma) എന്നാണ് ഇവയെ പറയുക. ചർമത്തിന് താഴെ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമാണിത്. പലപ്പോഴും വലിയ ശ്രദ്ധ കൊടുക്കാതിരിക്കുന്ന ഈ വിഷയം ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലാണെന്നും ഹൃദയത്തിന്റെ ആരോഗ്യം അപകടത്തിലാണ് എന്നതിന്റേയും സൂചനയാണ്. പലപ്പോഴും, സൗന്ദര്യപരമായ ഒരു പ്രശ്നം മാത്രമാണ് ഇതെന്ന് പല സ്ത്രീകളും കരുതുന്നു.
2. ക്ഷീണം
നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം തോന്നുന്നത് കൊളസ്ട്രോൾ ധമനികളെ ബാധിച്ചത് മൂലമാകാം. രക്തത്തിന്റേയും ഓക്സിജന്റേയും ഒഴുക്ക് കുറയുന്നത് നിങ്ങളെ വല്ലാതെ ക്ഷീണതരാക്കും. എന്നാൽ, തിരക്ക് നിറഞ്ഞ സമയക്രമോ സമ്മർദമോ ആയിരിക്കാം ഈ ക്ഷീണത്തിന്റെ കാര്യമെന്ന് പലരും കരുതുന്നു.
3. ശ്വാസംമുട്ടൽ
പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ ശ്വാസം കിട്ടാതെ വരുന്നത് കൊളസ്ട്രോളിന്റെ സൂചനയാകാം. ഇത് ധമനികൾ ചുരുങ്ങിയതിനാൽ ഹൃദയത്തിന്റെ ആരോഗ്യം പ്രശ്നത്തിലാണെന്ന് വ്യക്തമാക്കുന്നു. പലപ്പോഴും ഉത്കണ്ഠയോ ശാരീരികക്ഷമത കുറവോ ആണെന്ന് സ്ത്രീകൾ തെറ്റിദ്ധരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യും.
4. കൈകളിലും കാലുകളിലും തണുപ്പോ മരവിപ്പോ അനുഭവപ്പെടുക
ചൂടുള്ള കാലാവസ്ഥയിൽ പോലും കൈകളും കാലുകളും തണുക്കുകയോ മരവിക്കുകയോ ചെയ്യുന്നെങ്കിൽ ശ്രദ്ധവേണം. കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തയോട്ടത്തിലുണ്ടാകുന്ന കുറവാകാം ഇതിന് കാരണം.
5. ചർമത്തിലുണ്ടാകുന്ന മാറ്റങ്ങൾ
കണ്ണുകൾക്ക് ചുറ്റുമുള്ള മുഴകൾ കൂടാതെ, കൈകൾ, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിൽ കാണുന്ന മഞ്ഞനിറത്തിലുള്ള പാടുകൾ കൊളസ്ട്രോളിൻ്റെ സൂചനയാകാം.
6. താടിയെല്ല്, കഴുത്ത്, നടുവിന് മുകളിൽ എന്നിവിടങ്ങളിൽ വേദന
താടിയെല്ല്, കഴുത്ത്, നടുവിന് മുകളിൽ എന്നിവിടങ്ങളിൽ വേദനയുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രത്യേകിച്ച്, നെഞ്ചിലെ അസ്വസ്ഥയും ഇതിനോടപ്പമുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം. പേശിവേദനയായോ ദഹനപ്രശ്നമായോ ഇത് അവഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
Content Highlights: Cholesterol screening from age ten helps identify heart disease risk in children
Published: 30 Oct 2026, 11:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented