നിപയെ പിടിച്ചുകെട്ടാൻ ഇറങ്ങിത്തിരിച്ച വിദഗ്‌ധസംഘം 2018 മുതൽ ഓരോ വർഷവും കേരളത്തിൽ പരിശോധിച്ചത് നൂറുകണക്കിനു പഴങ്ങൾ. ലോകത്തുതന്നെ ഏറ്റവുംകൂടുതൽ പഴങ്ങൾ പരിശോധിച്ചതും സംസ്ഥാനത്താണ്. ഇതുവരെ ഒന്നിൽപ്പോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. പക്ഷേ, വവ്വാലിലും മനുഷ്യനിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുമുണ്ട്. ഇവ ഒരേ ഇനം വൈറസാണെന്നും നിപ ബാധയുണ്ടാകുന്നത് വവ്വാലിൽനിന്നാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോഴും തെളിയാത്തത് വൈറസ് മനുഷ്യനിലേക്ക് എത്തുന്ന വഴി മാത്രം.

To advertise here,

നിപ റിപ്പോർട്ടുചെയ്ത പ്രദേശങ്ങളിൽനിന്ന് റംബൂട്ടാൻ, സപ്പോട്ട, വാഴപ്പഴം, മാംഗോസ്റ്റിൻ, മാങ്ങ, പേരയ്ക്ക, അടയ്ക്ക തുടങ്ങി പക്ഷിമൃഗാദികൾ കടിച്ചിട്ട പഴങ്ങൾ ശേഖരിച്ചാണ് ഓരോ മാസവും പരിശോധിക്കുന്നത്. ഒരു പഴത്തിൽപ്പോലും വൈറസ് കണ്ടെത്താനാവാത്തതിന് കാരണം നിപ വൈറസ്, ആർ.എൻ.എ. (റൈബോന്യൂക്ലിക് ആസിഡ്) വിഭാഗത്തിൽപ്പെട്ടവ ആയതിനാലാണ്. ഇത്തരം വൈറസുകൾ അല്പസമയം കഴിയുമ്പോഴേക്കും നശിച്ചുപോകും. സൂര്യപ്രകാശം തട്ടിയാലും നശിക്കും. ഇതാണ് ഒരു പഴത്തിൽപ്പോലും വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്തതിന് കാരണമെന്നാണു നിഗമനം.

വൈറസിന്റെ ഈ സ്വഭാവമാണ് ഉറവിടംതേടിയുള്ള അന്വേഷണത്തിന് തടസ്സമാവുന്നതെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. പക്ഷേ, കൂടുതൽ ആളുകളിലേക്ക് വ്യാപനമുണ്ടാകില്ലെന്ന ആശ്വാസവുമുണ്ടിതിന്. പഴങ്ങൾ കഴിക്കാൻ അത്ര പേടിക്കേണ്ടതുമില്ല.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, തിരുവനന്തപുരം തോന്നയ്ക്കലിലെ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ആൻഡ് റെസിലിയൻസ് എന്നിവയാണ് നിപ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് പഠനം നടത്തുന്നത്.

മറ്റു രാജ്യങ്ങളിലും സമാനഫലം

മലേഷ്യ: ആദ്യം നിപ സ്ഥിരീകരിച്ച രാജ്യം. ഇവിടെ മനുഷ്യരിലേക്ക് എത്തിയത് പന്നിയിൽനിന്ന്. എങ്ങനെ പന്നിയിലെത്തിയെന്നത് അവ്യക്തം

ഫിലിപ്പീൻസ്: കുതിരയിൽനിന്നാണ് മനുഷ്യനിലേക്കു പകർന്നത്. കുതിരയിൽ എങ്ങനെയെത്തിയെന്നതിൽ ഉത്തരമില്ല.

ബംഗ്ലാദേശ്: ഡേറ്റ് പാം ഇനത്തിൽപ്പെട്ട പനയിൽ നിന്നെടുക്കുന്ന കള്ളിൽനിന്നാണ് നിപ മനുഷ്യനിലെത്തിയതെന്നു സ്ഥിരീകരിച്ചു. രോഗബാധയുണ്ടായ സ്ഥലത്തെ കള്ളിൽ നടത്തിയ പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. കള്ളുകുടിക്കാത്തവർക്കും ഇവിടെ നിപ ബാധിച്ചു.