തിരുവനന്തപുരം: നിപ പ്രതിരോധ നടപടികൾ ശക്തമായി തുടരുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതന്റെ സമ്പർക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4പേരും ഉയർന്ന വിഭാഗത്തിൽപ്പെട്ട 14പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്.

To advertise here,

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 86 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത ജൂൺ 11 മുതൽ രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രം, ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകർ ടീം ആയി വീടുകളിൽ സന്ദർശനം നടത്തി വരുന്നുണ്ട്. നിപ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ യഥാസമയം കണ്ടെത്തുന്നതിനായാണ് ഗൃഹ സന്ദർശനം. ഇന്ന് (ജൂൺ 24) നടത്തിയ സന്ദർശനത്തിൽ പനിയുള്ള 35 പേരെ കണ്ടെത്തി ഇതിൽ 5 പേരെ ആശുപത്രികളിലേക്ക് റഫർ ചെയ്തു.

സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 92 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

ഷിഗെല്ല ഒരാൾക്ക്‌ കൂടി

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക്‌ മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് സ്ഥിരീകരിച്ചത്. ‌സംസ്ഥാനത്ത് ജൂൺ മാസം 166 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 242 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (58), വയനാട് (22), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.