കൊല്ലം: കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും മറ്റുമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ദോഷകരമാണെന്ന് മുന്നറിയിപ്പുകളുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് പഠനം. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിനുവേണ്ടി കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. മനോജ് മണി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്.

To advertise here,

89.1 ശതമാനം കുട്ടികളും സ്ക്രീൻ ടൈം പരിധിയിൽ വരുന്നുണ്ട്. ഇതിൽ വരാത്ത കുട്ടികൾ സ്മാർട്ട് ഫോൺ ഇല്ലാത്ത രക്ഷിതാക്കളുടെ കുഞ്ഞുങ്ങളാണെന്നും വ്യക്തമാകുന്നു. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നിർദേശപ്രകാരം 18 മാസംവരെ കുട്ടികൾ സ്ക്രീൻ ടൈം പൂർണമായും ഒഴിവാക്കണമെന്നാണ്. അഞ്ചുവയസ്സുവരെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അരമണിക്കൂറിൽ കൂടരുതെന്നുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നരവയസ്സിൽ പ്രതിരോധകുത്തിവെപ്പിന് എത്തുന്ന കുട്ടികളുടെ രക്ഷിതാക്കളെ, അവരുടെ സാമൂഹിക സാഹചര്യങ്ങൾകൂടി കണക്കിലെടുത്താണ് പഠനം നടത്തിയത്. അമ്മയുടെ വിദ്യാഭ്യാസയോഗ്യതയും ഇതുമായുള്ള ബന്ധവും പഠനവിധേയമാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവരിൽ 100 ശതമാനവും പ്ലസ്ടു-89, ഡിപ്ലോമ-91, ഡിഗ്രി-91, പിജി-80 എന്നിങ്ങനെയുമാണ് കണ്ടത്. അണുകുടുംബത്തിൽ 78 ശതമാനം കാണിക്കുമ്പോൾ കൂട്ടുകുടുംബത്തിൽ 91 ശതമാനമാണെന്നതാണ് കണക്ക്.

ഭക്ഷണം കൊടുക്കാൻവേണ്ടി സ്ക്രീൻ സമയം ഉപയോഗിക്കുന്നവർ 69 ശതമാനമാണ്. സഹോദരങ്ങളുടെ സ്വാധീനത്തിൽ ഇതിന് അടിമപ്പെടുന്നവർ ഏതാണ്ട് 50 ശതമാനം വരും. ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് സ്ക്രീൻ ടൈം കുറവ്. അത് മിക്കവർക്കും സ്മാർട്ട് ഫോൺ ഇല്ലാത്തതുകൊണ്ടാണ്. വിദ്യാഭ്യാസം കുറഞ്ഞ അമ്മമാരുടെ ഇടയിലും കൂട്ടുകുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, സ്ക്രീൻ സമയം നിയന്ത്രിക്കുന്നതിന് ഇടപെടലുകളുണ്ടാകണമെന്ന് പഠനം നിർദേശിക്കുന്നു. ആരോഗ്യകരമായ സ്ക്രീൻ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പാഠങ്ങൾ സിലബസിൽ ഉൾപ്പെടുത്തണം. പാരിപ്പള്ളി മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിനിലെ ഡോ. ജീനയുടെ മേൽനോട്ടത്തിൽ ഡോ. രഞ്ജിതയാണ് ഡേറ്റ ക്രോഡീകരിച്ചത്. കൊല്ലം ഡിഎംഒ എം.എസ്. അനുവിന് നൽകി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു.

കളിപ്പാട്ടങ്ങളാണ് നൽകേണ്ടത്

പഠന പിന്നാേക്കാവസ്ഥ, ശ്രദ്ധക്കുറവ്, ഭാഷാവികസനത്തിലെ കാലതാമസം തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മൂന്നുവയസ്സുവരെ ഫോൺ, കംപ്യൂട്ടർ, ടെലിവിഷൻ എന്നിവ നൽകാതിരിക്കുക. കളിപ്പാട്ടങ്ങൾ, മറ്റുള്ളവരുമായി ഇടപഴകൽ എന്നിവയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. പിന്നീട് രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ സമയനിയന്ത്രണത്തോടെ വണം ഇവ നൽകാൻ.

ഡോ. പി.ടി. സന്ദീഷ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഗവ.ജില്ലാ ആശുപത്രി, കോഴഞ്ചേരി