രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഇന്ന് പലരുടേയും ശീലമാണ്. ആളുകളുടെ ജോലിസമയവും എളുപ്പത്തിൽ ലഭ്യമാകുന്ന ഇൻസ്റ്റന്റ് ഭക്ഷണങ്ങളും മൂലം പലരുടേയും അത്താഴം ഇപ്പോൾ രാത്രി പത്തിന് ശേഷമാണ്. ഈ ശീലം ദഹനവ്യവസ്ഥയെ ബാധിച്ചേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും ഈ ശീലം ചിലപ്പോൾ ആളുകളെ എത്തിച്ചേക്കും.

To advertise here,

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ സംബന്ധിച്ച് പ്രശ്നമാണ്. ശരീരം വിശ്രമിക്കാൻ തയ്യാറെടുക്കുമ്പോൾ വയറു നിറഞ്ഞിരിക്കുന്നതിന് ഇത് കാരണമാകും. ഉറങ്ങാൻ കിടക്കുമ്പോൾ വയറും അന്നനാളവും ഒരേ തലത്തിൽ വരുന്നു. ഇത് ആസിഡ് മുകളിലേക്ക് വരുന്നതിന് കാരണമാകുന്നു. ഇത് തുടർച്ചയായ നെഞ്ചെരിച്ചിൽ, തൊണ്ടയിൽ അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കും. ഉറക്കമില്ലായ്മ, ക്രമരഹിതമായ ഭക്ഷണ സമയം എന്നിവ വിഷയം വഷളാക്കും.

നെഞ്ചെരിച്ചിലിന് പുറമെ വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തേയും ബാധിച്ചേക്കും. ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നത് കുടലിൽ അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. ഇത് സാധാരണ ഉറക്കത്തെ ബാധിക്കുകയും പലരും ക്ഷീണിതനാവുകയും ചെയ്യുന്നു. രാത്രിയിലെ ശീലങ്ങളിൽ ലളിതമായ മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാകും. നേരത്തെ അത്താഴം കഴിക്കുന്നതും കൊഴുപ്പും എണ്ണമയവുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.

എന്താണ് നെഞ്ചെരിച്ചിൽ?

നമ്മളിൽ പലർക്കുമുണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് നെഞ്ചെരിച്ചിൽ. ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് തികട്ടി വരുന്നതുമൂലം നെഞ്ചിലുണ്ടാകുന്ന പുകച്ചിലാണ് ഇതിന് കാരണം. തുടർച്ചയായി ഈ പ്രശ്നമുണ്ടാകുമ്പോഴാണ് അതിനെ ഗ്യാസ്ട്രോ-ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് എന്ന് പറയുന്നത്. ഭക്ഷണ സാധനങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുതൽ മാനസിക സമ്മർദം വരെ നെഞ്ചെരിച്ചലിന് കാരണമായേക്കാം.

ലക്ഷണങ്ങൾ

പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചിൽ, നെഞ്ചിൽ അനുഭവപ്പെടുന്ന പുകച്ചിൽ, വായിൽ പുളിയോ കയ്പ്പോ അനുഭവപ്പെടുന്നത്, വയറുവീർക്കുന്നത്, ഏമ്പക്കം എന്നിങ്ങനെയാണ് ലക്ഷണങ്ങൾ. രാവിലെ ഉണ്ടാകുന്ന ശബ്ദമടപ്പ്, തൊണ്ടവേദന, തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെയുള്ള തോന്നൽ എന്നിവയും നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളാണ്.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)