കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച ഫാറൂഖ് കോളേജ് സ്വദേശിക്ക് ‘മോണോക്ലോണൽ’ ആന്റിബോഡി വെള്ളിയാഴ്ച നൽകിയേക്കും. ഇത് നൽകുന്നത് വൈറൽബാധയുടെ തീവ്രത വലിയതോതിൽ കുറയ്ക്കുമെന്നതിനാലാണ് അപൂർവമായിമാത്രം നൽകുന്ന ഈ മരുന്ന് നൽകാൻ ഡോക്ടർമാർ തീരുമാനിച്ചത്.

To advertise here,

രോഗിയുടെ ആരോഗ്യനില ഇപ്പോഴും അതിഗുരുതരമായിത്തന്നെ തുടരുകയാണ്. എങ്കിലും വ്യാഴാഴ്ച പുലർച്ചെമുതൽ രാത്രിവരെയുള്ള രക്തസമ്മർദം താരതമ്യേന മെച്ചപ്പെട്ടനിലയിലാണ്. ബുധനാഴ്ച വൈകീട്ട് ഇത് തീരെ മോശമായി അപകടാവസ്ഥയിലെത്തിയിരുന്നു. വൈറൽ ബാധയെത്തുടർന്ന് തലച്ചോറിലുണ്ടായ എങ്കഫലൈറ്റിസ് (നീർക്കെട്ട്) ആണ് നിലവിൽ ആശങ്കയുണർത്തുന്നത്. ഇത് ഏതുരീതിയിൽ മറ്റ് അവയവങ്ങളെ ബാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും രോഗമുക്തി.

ഇതിനിടെ, വീണ്ടും കോഴിക്കോട്ട് റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രത്തിൽനിന്ന് ഐ.സി.എം.ആറിലെ ഗവേഷകർ ഉൾപ്പെട്ട സംഘം ശനിയാഴ്ച കോഴിക്കോട്ടെത്തും.