ന്യൂഡൽഹി: ഫാർമസികളിലും മറ്റ് ലൈസൻസുള്ള റീട്ടെയിൽ സ്ഥാപനങ്ങളിലൂടെയുമുള്ള കുറിപ്പടി മരുന്നു വിൽപ്പന വൈകാതെ സി.സി. ടി.വി. നിരീക്ഷണത്തിനു കീഴിൽ വരുത്താൻ നീക്കം. കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകളുടെ നിരീക്ഷണം ശക്തമാക്കുന്നതിനായി 1945-ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന മരുന്ന് വിതരണം സ്ഥാപനത്തിലെ സി.സി.ടിവി നിരീക്ഷണ സംവിധാനത്തിന് കീഴിൽ വേണമെന്ന് 2026 സെപ്റ്റംബർ 8-ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം പറയുന്നു. നിർദിഷ്ട ചട്ടപ്രകാരം സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് മൂന്നുമാസത്തേക്ക് സൂക്ഷിക്കുകയും വേണം.
ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിസിസി) ഈ നിർദ്ദേശം ചർച്ച ചെയ്യുകയും തുടർന്ന് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് (ഡിടിഎബി) അംഗങ്ങൾ ഇത് പരിഗണിക്കുകയും ചെയ്തു. കുറിപ്പടി ആവശ്യമുള്ള മരുന്നുകൾ ഓവർ ദി കൗണ്ടറിലൂടെ അനധികൃതമായി വിൽക്കുന്നത് തടയുന്നതിനും മരുന്ന് വിതരണം മെച്ചപ്പെടുത്തുന്നതിനുമായാണ് നീക്കമെന്ന് സർക്കാർ വ്യക്തമാക്കി.
അതേസമയം മൊത്തവ്യാപാര മരുന്ന് വ്യാപാരികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ രീതി നടപ്പിൽ വരുന്നതോടെ നിയമ ലംഘനങ്ങൾ കണ്ടെത്തലും അന്വേഷിക്കലും എളുപ്പമാകുമെന്നും കരുതുന്നുണ്ട്. ഡ്രഗ്സ് ചട്ടപ്രകാരം കുറിപ്പടി ആവശ്യമായ ഷെഡ്യൂൾ എച്ച്, എച്ച് 1, എക്സ് എന്നിവയിൽ ഉൾപ്പെടുന്ന മരുന്നുകളുടെ നിലവിലുള്ള നിയന്ത്രണങ്ങൾക്കിടയിലാണ് ഈ നിർദേശവും വരുന്നത്. എന്നാൽ ഷെഡ്യൂൾ എച്ച്, എച്ച് 1 അല്ലെങ്കിൽ എക്സ് മരുന്നുകൾക്കു മാത്രമല്ല കഫ് സിറപ്പ് ഉൾപ്പെടെയുള്ള കുറിപ്പടി മരുന്നുകൾക്കും ബാധകമാണ്.
കുറിപ്പടിയില്ലാതെ വിതരണം ചെയ്യാൻ പാടില്ലാത്ത മരുന്നുകളുടെ അനധികൃത വിൽപന തടയലാണ് പ്രധാന ലക്ഷ്യം. ഉത്തരവാദിത്തത്തോടെയുള്ള മരുന്നുവിതരണം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുറിപ്പടി ആവശ്യമായ മരുന്നുകൾ ഓവർ ദി കൗണ്ടറിലൂടെ വാങ്ങുക വഴിയുള്ള സ്വയംചികിത്സ തടയലും ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ കൂടുതൽ കരുതലെടുക്കേണ്ട സാഹചര്യമുള്ളപ്പോഴും പലരും സ്വയം മരുന്ന് വാങ്ങി കുട്ടികൾക്കു നൽകാറുണ്ട്. അവയിൽ പലതും മുതിർന്നവർക്കായി നിശ്ചയിച്ചിട്ടുള്ള ഫോർമുലേഷനിലും ഡോസിലും അടങ്ങിയവയാകും. ഇത് തടയിടലും ലക്ഷ്യമാണ്.
നിർദിഷ്ട ഭേദഗതിയെക്കുറിച്ചുള്ള എതിർപ്പുകളും നിർദേശങ്ങളും കേന്ദ്രം ക്ഷണിച്ചിട്ടുണ്ട്. കൂടിയാലോചന കാലയളവിനുശേഷം കരട് പരിഗണിക്കും, അതിനുശേഷം സർക്കാർ അതിന്റെ അന്തിമ രൂപത്തിൽ വിജ്ഞാപനം ചെയ്യണോ എന്ന് തീരുമാനിക്കും.
ഇക്കഴിഞ്ഞ ജൂണിൽ കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടായിരുന്നു നടപടി. കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികൾ മരിച്ചതിനു പിന്നാലെയാണ് കേന്ദ്രം നടപടിയുമായെത്തിയത്.
Content Highlights: India plans to monitor prescription drug sales through CCTV to curb illegal distribution and enhance accountability in pharmacies and retail outlets.
Published: 17 Sept 2026, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented