ഫിജിയിൽ ദേശീയ എച്ച്.ഐ.വി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലൈംഗിക ബന്ധത്തിലൂടെയും മയക്കുമരുന്ന് ഉപയോഗത്തിലൂടെയും വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി. 60 മുതിർന്നവരിൽ ഒരാൾക്കെന്ന തോതിൽ രോഗബാധയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

To advertise here,

2025-ൽ പുതിയ എച്ച്.ഐ.വി രോഗബാധിതരുടെ എണ്ണം 2016 ആയി ഉയർന്നതായി അധികാരികൾ വ്യക്തമാക്കി. 2019-ൽ രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് 16 മടങ്ങ് വർധനവാണിത്. ഈ സാഹചര്യത്തിൽ ഫിജിയിൽ ഔദ്യോഗികമായി ദേശീയ എച്ച്.ഐ.വി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി അറ്റോണിയോ ലാലബലവു ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഫിജിയിലെ ഓരോ 60 മുതിർന്നവരിൽ ഒരാൾക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നാണ് കണക്കാക്കുന്നതെന്നും അഞ്ച് വർഷം മുമ്പ് ഇത് 167 പേരിൽ ഒരാളായിരുന്നുവെന്നും സർക്കാർ അറിയിച്ചു. ഗർഭിണികളായ ഓരോ 100 സ്ത്രീകളിൽ രണ്ടുപേർക്കും ഈ വൈറസ് ബാധയുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 2025-ൽ എച്ച്.ഐ.വിയോടെ ജനിച്ച 59 കുഞ്ഞുങ്ങളിൽ 18 പേരും അവരുടെ ആദ്യ ജന്മദിനത്തിന് മുമ്പ് മരണപ്പെട്ടു.

സൗജന്യ എച്ച്.ഐ.വി പരിശോധന, പ്രതിരോധ സേവനങ്ങൾ, ചികിത്സ എന്നിവ കൂടുതൽ ഫലപ്രദമാക്കുകയാണെന്നും സർക്കാർ അറിയിച്ചു. ദ്രുത പരിശോധനകൾ, ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്കുള്ള പ്രതിരോധ മരുന്നുകൾ, എച്ച്.ഐ.വി ബാധിച്ചവർക്കുള്ള സൗജന്യ ചികിത്സ എന്നിവയുൾപ്പെടെയാണിത്.

എച്ച്.ഐ.വി കേസുകളിൽ പകുതിയിലധികവും ലൈംഗിക ബന്ധത്തിലൂടെയും 42 ശതമാനത്തിലധികം പേർക്ക് മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെയുമാണ് രോഗം പകർന്നതെന്ന് യു.എൻ.എ.ഐ.ഡി.എസ് (UNAIDS) പറഞ്ഞു. പത്തുലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ പസഫിക് രാജ്യം ലോകമെമ്പാടുമുള്ള എച്ച്.ഐ.വി. രോഗബാധയിലെ ഏറ്റവും തീവ്രമായ വർധനവുകളിലൊന്ന് നേരിട്ടുകൊണ്ടിരിക്കുകയാണ്. 2010 നും 2025 നും ഇടയിൽ പുതിയ രോഗബാധ 12 മടങ്ങായി വർധിച്ചതായി യു.എൻ.എ.ഐ.ഡി.എസ് വ്യക്തമാക്കി.

എയ്ഡ്സ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന്, ലോകത്തിനുള്ള ശക്തമായ ഓർമപ്പെടുത്തലാണ് ഈ സാഹചര്യമെന്ന് യു.എൻ.എയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബ്യാനിമ ബുധനാഴ്ച പറഞ്ഞു. എച്ച്.ഐ.വി വ്യാപനത്തിൽ വേഗം മാറ്റമുണ്ടാവാമെന്നും അവർ പറഞ്ഞു.

എന്താണ് എച്ച്.ഐ.വി.? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഡോ. മേരി ജോസഫ് വിശദീകരിക്കുന്നു

മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome).

മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.

എച്ച്.ഐ.വി. ബാധിതൻ എയ്‌ഡ്സ് രോഗിയാണോ?

അല്ല. എച്ച്.ഐ.വി.ബാധിതനായ ഒരാൾ എയ്‌ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.

എയ്‌ഡ്സ് പകരുന്ന മാർഗങ്ങൾ

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്.ഐ.വി. പ്രധാനമായും പകരുന്നത്. എച്ച്.ഐ.വി. ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു. ശുക്ലത്തിൽ എച്ച്.ഐ.വി. 50 മടങ്ങ് അധികമായിക്കാണുന്നു. എച്ച്.ഐ.വി. ബാധിച്ച സ്ത്രീകളിൽനിന്ന് പുരുഷന്മാരിലേക്ക് വൈറസ് പകരുന്നതിനേക്കാൾ വേഗത്തിൽ, പുരുഷന്മാരിൽ നിന്ന് സ്ത്രീകളിലേക്ക് എച്ച്.ഐ.വി. പകരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്.ഐ.വി. ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. എച്ച്.ഐ.വി. ബാധിതയായ അമ്മ മുലയൂട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

എയ്‌ഡ്സിന്റെ ലക്ഷണങ്ങൾ

എയ്‌ഡ്സ് കണ്ടുപിടിക്കേണ്ടത് ഡോക്ടറാണ്. രോഗിയല്ല. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്‌ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.

കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.

ടെസ്റ്റുകൾ

ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്.