നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. ഇപ്പോഴിതാ, വൃക്കകൾ തകരാറിലാകുമ്പോൾ ശരീരം കാണിക്കുന്ന പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ടെന്ന് പറയുകയാണ് നെഫ്രോളജി വിഭാഗം ഡോ. മോഹിത് ഖിർബത്ത്.  ഈ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നത് ദീർഘകാല തകരാറുകൾ തടയുമെന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 

To advertise here,

1. മൂത്രമൊഴിക്കുന്നതിലെ മാറ്റം
മൂത്രമൊഴിക്കുന്നതിലെ അളവിലും സമയത്തിലുമുണ്ടാകുന്ന വ്യത്യാസം വൃക്കരോ​ഗത്തിന്റെ ലക്ഷണമാകാം.  മൂത്രത്തിൽ പത കാണുക, മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധവേണം. വൃക്കകളിൽ നിന്ന് പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു എന്നതിൻ്റെ സൂചനയാണ് പത. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണേണ്ടതാണ്. 

2. തുടർച്ചയായ ക്ഷീണം
വൃക്കകൾ എറിത്രോപോയിറ്റിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമാണത്തിൽ എറിത്രോപോയിറ്റിൻ വലിയ പങ്കുവഹിക്കുന്നുണ്ട്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ചുവന്ന രക്താണുക്കളുടെ അളവ് കുറയുകയും ഇത് വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇതിന്റെ ഫലമായി തുടർച്ചയായ ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടാം.

3. ശരീരഭാ​ഗങ്ങളിൽ നീർവീക്കം
വൃക്കകളുടെ അനാരോ​ഗ്യം ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കാൻ കാരണമായേക്കാം. ഇത് കൈകാലുകളിൽ നീർവീക്കത്തിന് ഇടയാക്കുന്നു.  ഇത് ശരീരത്തിൽ നീരോ തടിപ്പോ ഉണ്ടാകുന്നതിന് കാരണമാകും. പാദങ്ങളിൽ, കണങ്കാലിൽ, കൈകളിൽ, മുഖത്ത് കണ്ണിന് ചുറ്റുമായി എന്നിവിടങ്ങളിലാണ് സാധാരണ ഈ തടിപ്പ് കാണുന്നത്. 

4. ശ്വാസംമുട്ടൽ
ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുകയോ വൃക്കകളുടെ പ്രവർത്തന തകരാറ് കാരണം വിളർച്ചയോ ഉണ്ടായാൽ ശ്വാസംമുട്ട് അനുഭവപ്പെട്ടേക്കാം. വിശ്രമിക്കുമ്പോൾ പോലും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. 

5. വിട്ടുമാറാത്ത ചൊറിച്ചിൽ
ആരോഗ്യമുള്ള വൃക്കകൾ രക്തത്തിൽ നിന്ന് മാലിന്യങ്ങളെ അരിച്ചുമാറ്റുകയും ധാതുക്കളുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. അവ ശരിയായി പ്രവർത്തിക്കാതെ ആകുന്നതോടെ ചർമ്മത്തിൽ വരൾച്ച, ചൊറിച്ചിൽ, അസ്വസ്ഥത എന്നിവയുണ്ടാകുന്നു.

6. അസാധാരണമായ നടുവേദന
നടുവിലോ വശങ്ങളിലോ ഉണ്ടാകുന്ന വേദന വൃക്കയുടെ അനാരോ​ഗ്യത്തെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച്, ഈ പ്രശ്നം ആവർത്തിക്കുന്നുണ്ടെങ്കിൽ അത് വൃക്കയിലെ അണുബാധ, കല്ലുകൾ എന്നീ അവസ്ഥകളുമായി ബന്ധപ്പെട്ടതാകാം.