മൂത്രത്തിലെ ലവണങ്ങളും ധാതുക്കളും (കാൽസ്യം, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയവ) വൃക്കയിൽ അടിഞ്ഞുകൂടി കട്ടിയായി രൂപപ്പെടുന്ന കഠിന തരികളാണ് വൃക്കക്കല്ലുകൾ. മണൽത്തരി മുതൽ വലിയ കല്ല് വരെയാകാം. വൃക്കയിൽ ഒതുങ്ങി നിൽക്കുമ്പോൾ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. കല്ല് മൂത്രക്കുഴലിലേക്ക് ഇറങ്ങി മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് കഠിനമായ വേദന തുടങ്ങുന്നത്.

To advertise here,

ഇന്ത്യയിൽ ഏകദേശം 12% പേർക്ക് വൃക്കക്കല്ലിന് സാധ്യതയുണ്ട്. ഒരിക്കൽ കല്ലുണ്ടായവരിൽ അടുത്ത 5 വർഷത്തിനകം വീണ്ടും വരാനുള്ള സാധ്യത 30-50% വരെയാണ്.

രോഗ കാരണങ്ങൾ

  • വെള്ളം കുറച്ചു കുടിക്കുന്നത്: മൂത്രം കട്ടിയാകുകയും ലവണങ്ങൾ അടിയുകയും ചെയ്യും
  • ചൂടും അമിത വിയർപ്പും
  • ഉപ്പും മൃഗജന്യ പ്രോട്ടീനും കൂടുതലുള്ള ഭക്ഷണം
  • ഓക്‌സലേറ്റ് കൂടിയ ഭക്ഷണങ്ങൾ
  • അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം
  • കുടുംബത്തിലെ പാരമ്പര്യം
  • ആവർത്തിക്കുന്ന മൂത്രാണുബാധ

ലക്ഷണങ്ങൾ

  • വശത്തോ അരക്കെട്ടിലോ കഠിനമായ വേദന; വയറിലേക്കും തുടയിടുക്കിലേക്കും പടരാം
  • മൂത്രത്തിൽ രക്തം, ചുവപ്പ് നിറം
  • ഓക്കാനം, ഛർദ്ദി
  • മൂത്രമൊഴിക്കുമ്പോൾ നീറ്റൽ
  • ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നൽ

കല്ലുകൾ പല തരം

  • കാൽസ്യം ഓക്‌സലേറ്റ്
  • വളരെ സാധാരണയായി കണ്ടുവരുന്നു. ഓക്‌സലേറ്റ് കൂടിയ ഭക്ഷണവും വെള്ളം കുടിക്കുന്നത് കുറയുന്നതും കാരണമാകാം.
  • യൂറിക് ആസിഡ്
  • പ്രോട്ടീൻ കൂടുതലും നിർജ്ജലീകരണവും കാരണമാകാം.
  • സ്ട്രൂവൈറ്റ്
  • സാധാരണയായി മൂത്രത്തിലെ അണുബാധ മൂലം ഉണ്ടാകുന്നു.
  • സിസ്റ്റിൻ
  • അപൂർവമായി മാത്രം കാണുന്നു. പാരമ്പര്യം ഒരു കാരണമാണ്.

ചികിത്സാ രീതികൾ

കല്ലിന്റെ വലിപ്പം അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. വളരെ ചെറിയ കല്ലുകൾക്ക് ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന വഴി. എന്നാൽ കല്ല് വലുതാണെങ്കിൽ വെള്ളം കുടിച്ചു മാത്രം പുറത്തു കളയാൻ കഴിയില്ല. അപ്പോൾ ESWL, RIRS, PCNL പോലുള്ള ചികിത്സകൾ വേണ്ടിവരും. കല്ലിന്റെ വലിപ്പം, സ്ഥാനം, എണ്ണം, കട്ടി, വൃക്കയുടെ ഘടന എന്നിവ നോക്കിയാണ് യൂറോളജിസ്റ്റ് ചികിത്സ തീരുമാനിക്കുന്നത്.

ചെറിയ കല്ല്

ഏകദേശം 5 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള കല്ലാണെങ്കിൽ ധാരാളം വെള്ളം കുടിക്കുക. പലപ്പോഴും അവ തനിയെ മൂത്രത്തിലൂടെ പുറത്തു പോകും. വേദനയ്ക്കും കല്ല് ഇറങ്ങാനും ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കുകയും ആവശ്യമെങ്കിൽ സ്‌കാനിംഗ് ചെയ്യേണ്ടതുമാണ്. കല്ല് തടസ്സമോ അണുബാധയോ ഉണ്ടാക്കുന്നെങ്കിൽ മറ്റു ചികിത്സ വേണം.

ഇടത്തരം കല്ല്

ഏകദേശം 6 മുതൽ 20 മില്ലിമീറ്റർവരെ വലിപ്പമുള്ള കല്ലാണെങ്കിൽ ESWL, ലേസർ URS, RIRS എന്നീ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കാം. 10 മില്ലിമീറ്ററിൽ താഴെ വലിപ്പം ഉള്ളവയ്ക്ക് ESWL അല്ലെങ്കിൽ URS ചികിത്സയാണ് ചെയ്യാറുള്ളത്. 10 മുതൽ 20 വരെ RIRS (URS), ചിലപ്പോൾ ESWL അല്ലെങ്കിൽ PCNL എന്നിവയിൽ ഏതെങ്കിലും മാർഗ്ഗം സ്വീകരിക്കാം.

വലിയ കല്ല്

20 മില്ലിമീറ്ററിനുമുകളിൽ വലിപ്പമുള്ള വൃക്കക്കല്ലിന്റെ ചികിത്സയ്ക്കായി PCNL ആണ് സാധാരണയായി ചെയ്യുന്നത്. ചിലപ്പോൾ RIRS അല്ലെങ്കിൽ ESWL ഒന്നിലധികം തവണചെയ്യേണ്ടതായും വരാം.

ഉടൻ ആശുപത്രിയിൽ പോകേണ്ട സാഹചര്യങ്ങൾ

വേദനയോടൊപ്പം പനിയും വിറയലും ഉണ്ടെങ്കിൽ, മൂത്രം ഒട്ടും പോകുന്നില്ലെങ്കിൽ, നിർത്താതെ ഛർദ്ദി ഉണ്ടെങ്കിൽ, സഹിക്കാനാവാത്ത വേദനയുണ്ടെങ്കിൽ കാത്തിരിക്കരുത്, ഉടൻ തന്നെ ആശുപത്രിയിൽ പോകേണ്ടതാണ്. ഇത് അണുബാധയുടെയോ വൃക്കയിൽ തടസ്സമുണ്ടാകുന്നതിന്റെയോ ലക്ഷണമാകാം.

കേരളത്തിൽ ഇപ്പോൾ ലഭ്യമായ ചികിത്സകൾ

1. ESWL: ശബ്ദതരംഗ ചികിത്സ

ശരീരത്തിനു പുറത്തുനിന്നുള്ള ഷോക്ക് വേവുകൾ കല്ല് പൊടിക്കുന്നു. ESWL, മുറിവില്ലാതെ ചെറിയതും ഇടത്തരവുമായ കല്ലുകളുടെ ചികിത്സയ്ക്ക് അനുയോജ്യമാണ്. ഇത് ഒന്നിലധികം തവണ ചെയ്യേണ്ടതായി വരാം. പൊടി പുറത്തുപോകുമ്പോൾ വേദന ഉണ്ടാകാം.

2. URS + ലേസർ

മൂത്രനാളിയിലൂടെ സ്‌കോപ്പ് കടത്തി മൂത്രക്കുഴലിൽ (യൂറിറ്റർ) കുടുങ്ങിയ കല്ല് ലേസർ കൊണ്ട് പൊടിക്കുന്നു. മുറിവില്ലാത്ത ചികിത്സാ രീതിയാണിത്.

3. RIRS: വളയുന്ന സ്‌കോപ്പ് + ലേസർ

വളയുന്ന ഫ്‌ളെക്‌സിബിൾ സ്‌കോപ്പ് വൃക്കയ്ക്കുള്ളിൽ എത്തിച്ച് കല്ല് ലേസർ കൊണ്ട് പൊടിക്കുന്നു. മുറിവില്ല, ആശുപത്രി വാസം കുറവ്. ESWL വലിപ്പമേറിയ കല്ലുകൾക്കും PCNL ചെറിയ കല്ലുകൾക്കുമാണ് അനുയോജ്യം.

4. PCNL, മിനി-PCNL: കീഹോൾ ശസ്ത്രക്രിയ

പുറംഭാഗത്ത് ചെറിയ ദ്വാരമിട്ട് വൃക്കയിലെത്തി വലിപ്പമുള്ളതോ സങ്കീർണമോ ആയ കല്ല് നീക്കുന്നു. ജനറൽ അനസ്‌തേഷ്യ നൽകിയാണ് ഇത് ചെയ്യുന്നത്. രക്തസ്രാവം, അണുബാധ സാധ്യത താരതമ്യേന കൂടുതലാണ്. വിശ്രമകാലയളവും താരതമ്യേന കൂടുതലാണ് ഈ ചികിത്സാ രീതിയ്ക്ക്.

5. DJ സ്റ്റെന്റ്

മൂത്രക്കുഴലിൽ വീക്കമോ തടസ്സമോ ഉള്ളപ്പോൾ അവ നീക്കുന്നതിനായി താൽക്കാലിക കുഴൽ ഇടാം. തുറന്ന (ഓപ്പൺ) ശസ്ത്രക്രിയ ഇപ്പോൾ വളരെ അപൂർവമായി മാത്രം വേണ്ടിവരൂ.

ശസ്ത്രക്രിയയ്ക്കു ശേഷം

  • സാധാരണയായി ഒന്നോ രണ്ടോ ദിവസത്തിൽ ആശുപത്രി വിടാം.
  • ചെറിയ നീറ്റലോ മൂത്രത്തിൽ നേരിയ രക്തമോ ഉണ്ടാകാം അത് വേഗം മാറും.
  • ചിലർക്ക് കല്ല് പൂർണമായി പോകാൻ രണ്ടാമതും ശസ്ത്രക്രിയ വേണ്ടി വരാം
  • സ്റ്റെന്റ് ഇട്ടിട്ടുണ്ടെങ്കിൽ നിശ്ചിത ദിവസം കഴിഞ്ഞ് നീക്കം ചെയ്യണം
  • പനി, കഠിനവേദന, മൂത്രം പോകാതിരിക്കൽ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക

ആവർത്തിക്കാതിരിക്കാൻ

ദിവസവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിക്കുക. 2.5 മുതൽ 3 ലിറ്റർ കുടിക്കുക; 2 മുതൽ 2.5 ലിറ്റർ വരെ മൂത്രം ഉണ്ടാകണം. സാധാരണ തിളപ്പിച്ച് ആറിയ വെള്ളമാണ് നല്ലത്. Hard water ആണെങ്കിൽ നന്നായി തിളപ്പിച്ച ശേഷം കുടിക്കുക.

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ

  • കാരറ്റ്
  • പാവയ്ക്ക
  • വാഴപ്പഴം
  • നാരങ്ങ, ഓറഞ്ച്
  • തണ്ണിമത്തൻ
  • ഇളനീർ
  • പൈനാപ്പിൾ ജ്യൂസ്
  • ബാർലി, ഓട്‌സ്
  • അരിത്തവിട്
  • പയർ വർഗ്ഗങ്ങൾ
  • കൊഴുപ്പു കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ

നിയന്ത്രിക്കേണ്ടവ

  • ചീര, മുള്ളൻചീര
  • കോളിഫ്‌ളവർ
  • വഴുതനങ്ങ
  • കൂൺ
  • തക്കാളി
  • മത്തങ്ങ
  • മുന്തിരി
  • സപ്പോട്ട
  • സ്‌ട്രോബെറി
  • അണ്ടിപ്പരിപ്പ്, നട്‌സ്
  • ഇറച്ചി, മീൻ, മുട്ട
  • ചോക്ലേറ്റ്, കൊക്കോ
  • ചായ, കാപ്പി
  • കാർബണേറ്റഡ് പാനീയങ്ങൾ

സോഡിയം: ഒരു ദിവസം 4 - 5 ഗ്രാം മാത്രം ഉപയോഗിക്കുക. സംസ്‌കരിച്ച ഇറച്ചി, ടിൻ സൂപ്പ്, നൂഡിൽസ്, ഉപ്പുള്ള സ്‌നാക്‌സ് എന്നിവ കുറയ്ക്കുക.

മൃഗജന്യ പ്രോട്ടീൻ - ഓരോ കിലോ ശരീരഭാരത്തിനും 0.8 - 1.0 ഗ്രാം എന്ന അളവിൽ ഉപയോഗിക്കാം. 60 കിലോ ഭാരമുള്ളയാൾക്ക് ദിവസം 48 മുതൽ 60 ഗ്രാം വരെ ആകാം.

കാൽസ്യം: ഒരു ദിവസം 1 - 1.2 ഗ്രാം കാൽസ്യം വരെ കഴിക്കാം. പാൽ, തൈര് എന്നിവയിലൂടെയാണ് സാധാരണയായി കാൽസ്യം ലഭിക്കുക. ഗുളികയായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കാൽസ്യം ഗുളികകൾ കഴിക്കാൻ പാടുള്ളൂ. പറയാതെ വേണ്ട.

ഇവയും ഓർക്കാം: കാൽസ്യം, വിറ്റാമിൻ സി ഗുളികകൾ ഡോക്ടർ പറയാതെ കഴിക്കരുത്. ക്രാഷ് ഡയറ്റ് ഒഴിവാക്കി ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക. അമിത കഫീൻ, കട്ടൻചായ, ഗ്രേപ്പ് ഫ്രൂട്ട്, ആപ്പിൾ ജ്യൂസ്, മധുരം ചേർത്ത പാനീയങ്ങൾ എന്നിവ കുറയ്ക്കുക. പുറത്തു വന്ന കല്ല് സൂക്ഷിച്ച് ലാബിൽ പരിശോധിപ്പിച്ചാൽ തരം അറിഞ്ഞ് ഭക്ഷണം ക്രമീകരിക്കാം. 'നിയന്ത്രിക്കാം' എന്നാൽ അളവ് കുറയ്ക്കുക എന്നാണ്, പൂർണമായി ഒഴിവാക്കണമെന്നില്ല

പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ആണ് ലേഖകൻ.