To advertise here,

2040 ആകുമ്പോഴേക്കും വിട്ടുമാറാത്ത വൃക്കരോഗം അഞ്ചാമത്തെ പ്രധാന മരണകാരണമായി മാറുമെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 84 കോടിയിലേറെ പേരെ ക്രോണിക് കിഡ്നി ഡിസീസ് ബാധിക്കുന്നുണ്ടെന്നും ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഇക്കഴിഞ്ഞ വർഷം പുറത്തുവരികയും ചെയ്തിരുന്നു. 2023-ലെ കണക്കനുസരിച്ച് രാജ്യത്ത് 13.8 കോടി പേരെ രോഗം ബാധിച്ചതായാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. രോഗം തിരിച്ചറിയാൻ വൈകുന്നതാണ് വൃക്കരോഗം ജീവനെടുക്കുന്നതിനു പിന്നിലെ പ്രധാന കാരണം. എന്താണ് വിട്ടുമാറാത്ത വൃക്കരോഗമെന്നും ലക്ഷണങ്ങളും തിരിച്ചറിയാം. 

എന്താണ് വിട്ടുമാറാത്ത വൃക്കരോഗം?

അരിപ്പ പോലെയാണ് നമ്മുടെ ശരീരത്തിലെ വൃക്കകൾ പ്രവർത്തിക്കുന്നത്. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അധിക ജലം എന്നിവ ഇവ അരിച്ചെടുക്കുന്നു. എല്ലുകളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിലും വൃക്കകൾക്ക് പ്രധാന പങ്കുണ്ട്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതോടെ അവയ്ക്ക് മാലിന്യങ്ങൾ അരിച്ചെടുക്കാൻ സാധിക്കില്ല. ഇത് രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യും. എന്താണ് വിട്ടുമാറാത്ത വൃക്കരോഗമെന്നും ലക്ഷണങ്ങളും പരിശോധിക്കാം.

ക്രമേണ വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനാലാണ് ഈ രോഗത്തെ 'വിട്ടുമാറാത്ത വൃക്കരോഗം' അഥവാ chronic kidney disease എന്ന് പറയുന്നത്. വൃക്കസ്തംഭനത്തിലേയ്ക്ക് പോലും ഈ രോഗം നയിച്ചേക്കാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ രോഗം വഷളാകും. വിട്ടുമാറാത്ത വൃക്കരോഗം പൂർണമായി ഭേദമാക്കാൻ കഴിയില്ലെന്ന് ക്ലീവ്ലാൻഡ് ക്ലിനിക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രോഗം മൂർച്ഛിക്കുന്നത് തടയാനാകും. അവസാനഘട്ടത്തിൽ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സാരീതിയാണുള്ളത്.

ലക്ഷണങ്ങൾ

പ്രാരംഭഘട്ടത്തിൽ ഈ രോഗം അധികം ലക്ഷണങ്ങൾ കാണിക്കാറില്ല. പതിവായ മൂത്രപരിശോധന അത്യാവശ്യമാണ്. രക്തസമ്മർദ്ദം, പ്രമേഹം പോലുള്ള അപകടസാധ്യതാ ഘടകങ്ങളുടെ നിയന്ത്രണവും പ്രധാനമാണ്. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും രോഗം മൂർച്ഛിക്കുന്നതും ഗുരുതരമായ സങ്കീർണതകൾ തടയാനും സഹായിച്ചേക്കാം. കൂടാതെ, ഈ ലക്ഷണങ്ങളേയും ശ്രദ്ധിക്കാം

  • ക്ഷീണവും ഊർജക്കുറവും.
  • കാലുകളിലും, പാദങ്ങളിലും, കണങ്കാലുകളിലും, കൈകളിലുമുള്ള നീര്.
  • സാധാരണയിൽ കൂടുതലോ കുറഞ്ഞ തവണയോ മൂത്രമൊഴിക്കുക.
  • മൂത്രത്തിൽ പത.
  • വിശപ്പില്ലായ്മ.
  • ഓക്കാനം അല്ലെങ്കിൽ ഛർദ്ദി.
  • ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ചൊറിച്ചിൽ.
  • ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
  • ഉറക്കപ്രശ്നങ്ങൾ.
  • പ്രത്യേകിച്ച് കാരണമില്ലാതെ ശരീരഭാരം കുറയുന്നത്.
  • രോഗം മൂർച്ഛിച്ച ഘട്ടത്തിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടേക്കാം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

  • ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.
  • ഭക്ഷണക്രമം ശ്രദ്ധിക്കുക. സമീകൃതാഹാരം കഴിക്കാം.
  • പുകവലിക്കുകയോ പുകയില ഉൽപ്പന്നങ്ങളോ ഉപയോഗിക്കരുത്.
  • ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും 30 വീതം മിനിറ്റ് വ്യായാമം ചെയ്യുക.
  • ആരോഗ്യകരമായ ഭാരം നിലനിർത്തുക.
  • മദ്യം ഒഴിവാക്കാം.