കോട്ടയം: സമൂഹത്തിലെ വൃക്കരോഗ ബാധിതരെ നേരത്തെ തിരിച്ചറിയുന്നതിൽ വലിയ പോരായ്മകളുണ്ടെന്ന് പുതിയ പഠനം. ഏറ്റുമാനൂർ നഗരസഭ കേന്ദ്രീകരിച്ച് കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം ആശ പ്രവർത്തകരുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.  പ്രമേഹം, അമിത രക്തസമ്മർദ്ദം എന്നിവ വ്യാപകമായി കണ്ടെത്തുന്നുണ്ടെങ്കിലും വൃക്കരോഗ പരിശോധന വ്യാപകമല്ലെന്ന് പഠനം വ്യക്തമാക്കുന്നു.

To advertise here,

രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ പലപ്പോഴും ഗുരുതരാവസ്ഥയിലെത്തിയ ശേഷമാണ് രോഗികൾ ആശുപത്രികളിൽ എത്തുന്നതെന്നും പഠനം പറയുന്നു. കേരളത്തിലെ പൊതുജനങ്ങളിൽ വൃക്കസംബന്ധമായ തകരാറുകളുടെ വ്യാപനം കണ്ടെത്താൻ ശ്രമിക്കുന്ന ആദ്യത്തെ കമ്യൂണിറ്റി അധിഷ്ഠിത പഠനമാണിത്.

ഏറ്റുമാനൂർ നഗരസഭയിലെ 19 വാർഡുകളിലായി നടത്തിയ പഠനത്തിൽ 30 വയസ്സും അതിനുമുകളിലുള്ള 1,031 പേരെയാണ് പഠനവിധേയമാക്കിയത്.

പ്രധാന കാരണങ്ങൾ

അടിവയറിലെ അമിതവണ്ണം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യത 8.18 മടങ്ങ് വർധിപ്പിക്കുന്നു. അമിതവണ്ണം വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുന്നതും, വൃക്കയിലെ ഫിൽട്ടറുകൾക്കുണ്ടാകുന്ന രോഗമായ ഗ്ലോമെറുലോപതിക്കും കാരണമായേക്കാം. പുരുഷന്മാരിൽ 90 സെന്റിമീറ്ററിലും സ്ത്രീകളിൽ 80 സെന്റിമീറ്ററിലും കൂടുതൽ അരക്കെട്ടിന്റെ അളവുള്ളതാണ് അമിതവണ്ണം.

വൃക്ക തകരാറിലാകാൻ ഉയർന്ന രക്തസമ്മർദ്ദം 2.97 മടങ്ങ് സാധ്യതയുണ്ടാക്കുന്നു. പരിശോധന നടത്തിയ സാമ്പിളിൽ 17 ശതമാനത്തിലധികം ആളുകൾക്കും തങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്ന് അറിയില്ലായിരുന്നു. 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക്, പ്രായം കുറഞ്ഞവരെ അപേക്ഷിച്ച് വൃക്ക തകരാറിലാകാനുള്ള സാധ്യത 1.92 മടങ്ങ് കൂടുതലാണ്.

പ്രതിരോധിക്കാം

തുടക്കത്തിലേ കണ്ടെത്തണം. നിലവിലുള്ള ആരോഗ്യ പദ്ധതികൾക്കൊപ്പം കമ്യൂണിറ്റി തലത്തിൽ വൃക്കകളുടെ ആരോഗ്യ പരിശോധനയും ഉൾപ്പെടുത്താം.

ജീവിതശൈലി മാറ്റം: ഭക്ഷണക്രമത്തിലെ പാകപിഴവുകൾ തിരുത്തുന്നതും, ചുവന്നമാംസത്തിന്റെ അമിത ഉപയോഗം കുറയ്ക്കുന്നതും, വ്യായാമം ശീലമാക്കുന്നതും വഴി വയറ്റിലെ അമിതവണ്ണവും അതുവഴിയുള്ള വൃക്ക തകരാറുകളും ഒരു പരിധിവരെ ഒഴിവാക്കാനാവും

രക്തസമ്മർദ്ദ നിയന്ത്രണം: പ്രമേഹവും മുൻകൂട്ടി കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുന്നത് വൃക്ക തകരാറുകൾ തടയാൻ സഹായിക്കും. കൃത്യമായ ചികിത്സ ഉറപ്പാക്കുന്നത് വൃക്ക തകരാറുകൾ വരുന്നത് തടയാൻ സഹായിക്കും.