തിരുവനന്തപുരം: രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കാനുമുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കാൻ സർക്കാർ. നിയമത്തിനെതിരേ സ്വകാര്യ ആശുപത്രി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി സർക്കാരിന് അനുകൂലമായതിനെത്തുടർന്നാണ് നിയമവ്യവസ്ഥകൾ പാലിക്കാൻ സർക്കാർ നിർദേശം നൽകിയത്. വെള്ളിയാഴ്ച ആശുപത്രി ഉടമകളുടെ സംഘടന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

To advertise here,

നിയമപ്രകാരം എല്ലാ ആരോഗ്യസ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാണാവുന്നവിധം പ്രദർശിപ്പിക്കണം. സേവനങ്ങൾക്കും ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും, അഡ്മിഷൻ ഡെസ്‌ക്/റിസപ്ഷൻ എന്നിവിടങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനും നിയമനടപടി സ്വീകരിക്കാനും സർക്കാരിനാവും.

ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങി കിടക്കകളോടുകൂടിയതോ അല്ലാത്തതോ ആയ സ്ഥാപനങ്ങൾക്കെല്ലാം നിയമം ബാധകമാണ്.

സൗകര്യങ്ങളും അവകാശങ്ങളും കൂടും

തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കുന്നതോടെ രോഗികൾക്ക് സൗകര്യങ്ങളും അവകാശങ്ങളും കൂടും. ആശുപത്രിയിൽ അത്യാസന്നനിലയിൽ എത്തുന്ന രോഗിക്ക് അടിയന്തരചികിത്സ നിഷേധിക്കാൻ പാടില്ല. മറ്റൊരു സ്ഥാപനത്തിൽ ചികിത്സ നൽകേണ്ടതുണ്ടെങ്കിൽ യാത്രാസൗകര്യം ഒരുക്കണം. അവിടെ ചികിത്സയ്ക്ക് ആവശ്യമായ വിവരങ്ങളും കൈമാറണം. ചികിത്സ സംബന്ധമായ എല്ലാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിയെ ഡിസ്ചാർജ് ചെയ്താലുടൻ കൈമാറണം.ചികിത്സയുമായോ സേവനങ്ങളുമായോ നിരക്കുകളുമായോ ബന്ധപ്പെട്ട പരാതിയുണ്ടെങ്കിൽ നൽകാം. പരാതിപരിഹാര ഓഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിങ് അതോറിറ്റി എന്നിവരെ ബന്ധപ്പെടാനുള്ള സംവിധാനം, ഫോൺനമ്പറുകൾ തുടങ്ങി വിവരങ്ങളും പ്രദർശിപ്പിക്കണം. സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലും ഇക്കാര്യം ഉണ്ടാകണം.

കൃത്യമായ ബിൽ

എല്ലാ ഉപഭോക്താക്കൾക്കും എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനംതിരിച്ച ബിൽ നൽകണം. പ്രദർശിപ്പിച്ച/പ്രസിദ്ധീകരിച്ച നിരക്കുകളിൽ കവിഞ്ഞനിരക്ക് ഈടാക്കാൻ പാടില്ല. പരാതി പരിഹാര ഡെസ്ക്/ഹെൽപ്പ്‌ലൈൻ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണം. പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകണം. ഒരാഴ്ചയ്ക്കുള്ളിൽ പരാതി പരിഹരിക്കണം. ഗൗരവമുള്ള പരാതികൾ ജില്ലാ രജിസ്റ്ററിങ് അതോറിറ്റി/ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം. പരാതി രജിസ്റ്റർ സൂക്ഷിക്കണം.