
കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്കും , അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന കവച് പദ്ധതിയുടെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നവംബര്‍ 30 ന് രാവിലെ 11 ന് കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുമെന്ന് ഐ.ആര്‍.ഐ.എ കേരള ചാപ്റ്ററിന്റെ 2025 ലെ പ്രസിഡന്റ് ഡോ. റിജോ മാത്യു, ഐ.ആര്‍.ഐ.എ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രമേഷ് ഷേണായ്, ഡേ ഡ്രീംസ് പ്രതിനിധികളായ ബിജീഷ് കണ്ണാംകുളത്ത്, അജിത് കുമാര്‍ പട്ടത്ത്, സുജാതാ മേനോന്‍, ലീനാ ജോസഫ്, സ്മിതാ സജിത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്‍ഡ്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിംഗ് അസോസിയേഷന്‍ (ഐ.ആര്‍.ഐ.എ) ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പദ്ധതിയുടെ ലോഗോ പ്രകാശനവും റെഡ് ക്രോസ് കേരള ചെയര്‍മാന്‍ അഡ്വ. കെ. രാധാകൃഷ്ണന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ഐ.ആര്‍.ഐ.എ കേരള ചാപ്റ്ററിന്റെ 2025 ലെ പ്രസിഡന്റ് ഡോ. റിജോ മാത്യു, ഐ.ആര്‍.ഐ.എ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രമേഷ് ഷേണായ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിതരായ മുതിര്‍ന്നവരും വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ പലപ്പോഴും വഴിതെറ്റി തിരികെ വീട്ടിലെത്താന്‍ പറ്റാതെ പ്രതിസന്ധിയിലാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ ധരിച്ചിരിക്കുന്ന ബ്രേസ് ലെറ്റ് അതല്ലെങ്കില്‍ പെന്‍ഡന്റ് എന്നിവയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെ പൊതുസമൂഹത്തിനെയും പോലിസിനും ഇവരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.കുട്ടിയുടെ പേര്,രക്ഷകര്‍ത്താക്കളുടെ ഫോണ്‍നമ്പരുകള്‍ അടക്കം ഇവര്‍ ധരിച്ചിരിക്കുന്ന ബ്രേസ് ലെറ്റില്‍ അതല്ലെങ്കില്‍ പെന്‍ഡന്റില്‍ അടങ്ങിയിരിക്കും. ഇവരെ സഹായിക്കാന്‍ എത്തുന്നവരുടെ കയ്യിലുള്ള ഫോണ്‍ ഉപയോഗിച്ച് ബ്രേസ് ലെറ്റിലോ പെന്‍ഡന്റിലോ ഉള്ള ക്യൂര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ടാപ്പു ചെയ്യുകയോ ചെയ്താല്‍ വിവരങ്ങള്‍ ഫോണില്‍ ദൃശ്യമാകും. ഇതുപയോഗിച്ച് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്ക് ഡേ ഡ്രീംസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി കുട്ടികള്‍ തന്നെയാണ് ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ നിന്നുള്ള വരുമാനവും കുട്ടികള്‍ക്ക് തന്നെയാണ് ലഭിക്കുക. സി.ജെ മാത്യു ഐ.ആര്‍.എസ് ആണ് കവച് പദ്ധതിയുടെ ചെയര്‍മാന്‍. ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യ-കേരള (ഡോക്ടേഴ്‌സ്) ഇന്‍ഡ്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിംഗ് അസോസിയേഷന്‍ -കേരള (ഡോക്ടേഴ്‌സ്), കെ.സി.ബി.സി, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഇ, അസ്സോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് (എ.ഐ.ഡി), അമ്മ സ്‌കാന്‍ സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കൂട്ടികള്‍ക്ക് കൗമാരം കഴിഞ്ഞാല്‍ തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പലതരത്തില്‍ കഴിവുകളുള്ള ഇവരെ ചെറുപ്പകാലത്ത് തന്നെ അത് കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കിയാല്‍ അതില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് പരാശ്രയം കൂടാതെ തന്നെ ഇവര്‍ക്ക് ജീവിതം നയിക്കാന്‍ കഴിയും. നിലവില്‍ നിരവധി കുട്ടികളെ ഐടി, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ അടക്കം നിര്‍മ്മിക്കാന്‍ ഡേ ഡ്രീംസിന്റെ നേതൃത്വത്തില്‍ സൗജന്യമായി പരിശീലനം നല്‍കുന്നുണ്ട്. പവര്‍ബാങ്ക്, ബിസിനസ് കാര്‍ഡ്‌സ്, നോട്ട്പാഡ്, ഫ്രിഡ്ജ് മാഗനെറ്റ്‌സ്, പേനകള്‍, ബാഗുകള്‍, ടാഗുകള്‍, കാര്‍ പെര്‍ഫ്യൂം കാര്‍ഡ്‌സ്, നിയോണ്‍ ബോര്‍ഡ്‌സ്. ഫോട്ടോ ഫ്രെയിംസ്, ടി ഷര്‍ട്ട് പ്രിന്റിംഗ്‌സ ബാക്ക് ലൈറ്റ് അഡ്വര്‍ടൈസ്‌മെന്റ് കപ്പ് പ്രിന്റിംഗ്,ഡിഫ്യൂസര്‍, പെര്‍ഫ്യൂംസ്, ഡെസ്‌ക് ടോപ്പ് അംസംബ്ലി ഉള്‍പ്പെടെയുള്ളവ കൂട്ടികള്‍ സ്വന്തമായി നിര്‍മ്മിച്ച് വരുമാനം നേടുന്നുണ്ട്.ഇത് കൂടാതെ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍, ബാഡ്ജുകള്‍, ടാഗുകള്‍, ബാഗുകള്‍, ഉള്‍പ്പെടെയുള്ളവ നിര്‍മ്മിച്ചു നല്‍കല്‍ അടക്കം ഈ കുട്ടികള്‍ ചെയ്യുന്നുണ്ട്. ഇടപ്പള്ളിയിലെ അമ്മ സ്‌കാന്‍ സെന്ററിന്റെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഡോക്ടര്‍മാരും സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്, പണം കൈകാര്യം ചെയ്യല്‍ എന്നിവ നടത്തുന്നത് ഈ കുട്ടികളുമാണ്. ഇന്‍ഡ്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിംഗ് അസോസിയേഷന്‍ ദേശീയ സമ്മേളനം, ഡിസംബര്‍ 13,14,15 തിയതികളില്‍ നടക്കുന്ന ജീഡിയാട്രിക് സൊസൈറ്റി ദേശീയ സമ്മേളനം എന്നിവയുടെ മാനേജ്‌മെന്റ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നതും ഈ കുട്ടികള്‍ തന്നെയാണെന്നും ഇവര്‍ വ്യക്തമാക്കി.
Content Highlights: Kavach Project Inauguration on 30th November
Published: 29 Nov 2024, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented