ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംവിധായകനും നിര്‍മാതാവുമാണ് കരണ്‍ ജോഹര്‍. എന്നാൽ, ഇപ്പോഴിതാ തന്റെ ആരോ​ഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളോട് പ്രതികരിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. തന്റെ ശരീരഭാരം കുറഞ്ഞത് അസുഖം കാരണമല്ലെന്ന് കരൺ വ്യക്തമാക്കി. താൻ ആരോ​ഗ്യവാനാണെന്നും വെള്ളിയാഴ്ച നടന്ന  'ധടക് 2' ട്രെയിലർ ലോഞ്ചിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

To advertise here,

എന്റെ ആരോ​ഗ്യസ്ഥിത പൂർണമായും നല്ല നിലയിൽ‌ തന്നെയാണ്.ദിനചര്യയിലുണ്ടായ ആരോ​ഗ്യപരമായ മാറ്റങ്ങൾ മൂലമാണ് ശരീരഭാരം കുറഞ്ഞത്. ധാരാളം പുതിയ കാര്യങ്ങളും രീതികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി. അതിനാൽ, ഞാൻ ഇപ്പോൾ ജീവനോടെയുണ്ട്. ഇങ്ങനെ തുടരാൻ തന്നെയാണ് ഉദ്ദേശം, കരൺ പറഞ്ഞു. തന്റെ കുട്ടികൾക്ക് വേണ്ടി ഇനിയും ഏറെക്കാലം ജീവിച്ചിരിക്കും. ധടക് 2 ടീമിനെ പരാമർശിച്ചുകൊണ്ട് നിങ്ങളെല്ലാവരും എൻ്റെ കുട്ടികളെ പോലെ തന്നെയാണെന്ന് പറഞ്ഞ കരൺ താൻ 53 വയസ്സുള്ള അവിവാഹിതനാണെന്ന് പറഞ്ഞതിന് നന്ദിയെന്നും കൂട്ടിച്ചേർത്തു. 

നേരത്തെ, കരൺ ജോഹർ ശരീരഭാരം കുറച്ചതും രൂപമാറ്റം വരുത്തിയതുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒസെമ്പിക് അടക്കമുള്ള മരുന്നുകൾ കരൺ ഉപയോ​ഗിച്ചിരുന്നു എന്നുവരെ കമന്റുകൾ വന്നു. എന്നാൽ, ആയിരക്കണക്കിന് ഡയറ്റുകളും 500-ലധികം തരത്തിലുള്ള വ്യായാമങ്ങളും പരീക്ഷിച്ചതിന്റെ ഫലമാണ് ശരീരഭാരത്തിലുണ്ടായ മാറ്റമെന്ന് പിന്നീട് കരൺ തന്നെ വ്യക്തമാക്കി. ഒസെമ്പിക്കോ മൗഞ്ചാരയോ ഉപയോ​ഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.