വണ്ണംകുറയ്ക്കാൻ വർക്കൗട്ടും ഡയറ്റുമൊക്കെ പാലിക്കുന്നവരുണ്ട്. ചിലരിൽ കുറച്ചവണ്ണം വൈകാതെ തിരികെയെത്തുകയും ചെയ്യും. ആരോ​ഗ്യകരമായ ഭക്ഷണരീതി, ജീവിതശൈലി തുടങ്ങിയവ പിന്തുടരുന്നതിലൂടെ വണ്ണത്തെ ഒരുപരിധിവരെ പിടിച്ചുകെട്ടാനാകും. ഇപ്പോഴിതാ പ്രശസ്ത റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ ഹൗസിങ് ഡോട്ട്കോമിന്റെ സി.ഇ.ഒ. ആയ ധ്രുവ് അ​ഗർവാല ചുരുങ്ങിയസമയംകൊണ്ട് വണ്ണംകുറച്ചതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്. വെറും രണ്ടുവർഷത്തിനുള്ളിൽ 71 കിലോയാണ് താൻ കുറച്ചതെന്ന് ധ്രുവ് പറയുന്നു. 

To advertise here,

സൗത് ചൈനാ മോണിങ് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് ധ്രുവ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. ആരോ​ഗ്യപ്രശ്നം വന്നതാണ് താൻ വണ്ണംകുറയ്ക്കുന്നതിനേക്കുറിച്ച് ചിന്തിക്കാൻ കാരണമായതെന്നും ധ്രുവ് പറയുന്നുണ്ട്. 
2021 മുതലാണ് താൻ ഫിറ്റ്നസിൽ ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയതെന്ന് ധ്രുവ് പറയുന്നു. അനാരോ​ഗ്യകരമായ ഭക്ഷണശീലവും വ്യായാമമില്ലായ്മയുമാണ് തന്റെ വണ്ണം വർധിക്കാൻ കാരണമെന്നും ധ്രുവ് പറയുന്നു. 

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ഹൃദയാഘാതത്തിന്റേത് ആണെന്ന് കരുതി ആശുപത്രിയിൽ പോവുകയായിരുന്നു. അന്ന് 151.7 കിലോയായിരുന്നു ഭാരം. പ്രീ ഡയബറ്റിക്കായിരുന്നു എന്നതുകൂടാതെ കൊളസ്ട്രോളും ബി.പി.യുമൊക്കെ നാലുവർഷത്തോളമായി ഉയർന്ന നിലയിലും സ്ലീപ് അപ്നിയ പോലുള്ള ഉറക്ക പ്രശ്നങ്ങൾ നേരിടുകയും ചെയ്തിരുന്നു. ആശുപത്രിയിലെ എമർജൻസി മുറിയിലെത്തിക്കുന്നതുവരെയും താൻ വണ്ണംകുറയ്ക്കുന്നതിനേക്കുറിച്ച് ​ഗൗരവകരമായി ചിന്തിച്ചിരുന്നില്ലെന്ന് ധ്രുവ് പറയുന്നു. 

തുടർന്ന് ആശുപത്രിയിൽ നിന്ന് വിട്ടതോടെ വണ്ണംകുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും രണ്ടുവർഷംകൊണ്ട് 152 കിലോയിൽ നിന്ന് 80 കിലോയിലേക്ക് എത്തിക്കുകയും ചെയ്തെന്ന് അദ്ദേഹം പറയുന്നു. ജീവിതശൈലി ആകെ മാറ്റിമറിക്കുകയാണ് ചെയ്തത്. വർക്കൗട്ട് ജീവിതത്തിന്റെ ഭാ​ഗമാക്കുകയും ഭക്ഷണശീലം ആരോ​ഗ്യകരമാക്കുകയും ചെയ്തു. ആഴ്ചയിൽ മൂന്നുദിവസം കടുത്ത വർക്കൗട്ടുകൾ ചെയ്യുന്നതിനൊപ്പം ദിവസവും 12000 ചുവടുകൾ വെക്കുകയും ചെയ്തു. 

ടെന്നീസ് താരം റോജർ ഫെഡററിൽ നിന്നാണ് താൻ പ്രചോദനം ഉൾക്കൊണ്ടതെന്നും അദ്ദേഹത്തിന്റെ ആരാധകനായതുകൊണ്ടുതന്നെ അതുപോലുള്ള ശരീരം നേടിയെടുക്കാൻ പരിശ്രമം ആരംഭിക്കുകയും ചെയ്തു. ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും കലോറിയിലും മാറ്റംവരുത്തി. ഭക്ഷണത്തിന്റെ അളവ് നന്നേ കുറച്ചതിനൊപ്പം മദ്യപാനം നിർത്തുകയും സംസ്കരിച്ച ഭക്ഷണവും വറുത്തതുംപൊരിച്ചതുമായവയും പാടേ ഉപേക്ഷിച്ചു. കൂടാതെ ഡയറ്റ് പ്രോട്ടീൻ സമ്പന്നമാക്കുകയും ചെയ്തു. 

ഉച്ചഭക്ഷണത്തിൽ പരിപ്പ്, പുഴുങ്ങിയ പച്ചക്കറികൾ, റൊട്ടി തുടങ്ങിയവയാണ് ഉൾപ്പെടുത്തിയത്. അത്താഴത്തിൽ സെലറി, ശതാവരി സൂപ്, ​ഗ്രിൽഡ് ചിക്കൻ, ​ഗ്രിൽഡ് മത്സ്യം എന്നിവ ഉൾപ്പെടുത്തി. നട്സ്, കാരറ്റ്, കുക്കുമ്പർ, തൈര് തുടങ്ങിയവ ഉൾപ്പെടുത്തി സ്നാക്സുകളും പരമാവധി ഹെൽത്തിയാക്കി. 

നാലുമാസത്തെ വ്യായാമത്തോടെ തന്നെ താൻ ഇരുപതുകിലോ കുറച്ചെന്ന് ധ്രുവ് പറയുന്നു. എന്നാൽ അതിലും നിർത്താൻ ധ്രുവ് ഒരുക്കമായിരുന്നില്ല, വ്യായാമം കടുപ്പിക്കുകയും നടത്തത്തിനൊപ്പം ഓട്ടവും നീന്തലും ആരംഭിക്കുകയും ചെയ്തു. വണ്ണം കുറച്ചതോടെ തനിക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനായെന്നും ധ്രുവ് പറയുന്നു.

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

1. സ്നാക്സ് ഹെൽത്തിയാക്കാം

മിക്കയാളുകളും ഇടയ്ക്കിടെയുള്ള വിശപ്പകറ്റാൻ സ്നാക്സുകളിൽ അഭയം തേടുന്നവരാണ്. അവ പലതും ബേക്കറി ഉത്പന്നങ്ങളുമായിരിക്കും. എരിവും പുളിയും മധുരവുമൊക്കെ നിറഞ്ഞ ഇവ വീണ്ടും വണ്ണംവെക്കാൻ ഇടയാക്കുകയും ചെയ്യും. സ്നാക്സ് കഴിക്കണം എന്നുതോന്നുന്ന സമയങ്ങളിൽ ഹെൽത്തിയായവയ്ക്ക് പ്രാധാന്യം നൽകാം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും നല്ലകൊഴുപ്പുമൊക്കെ അടങ്ങിയ സ്നാക്സുകൾ പകരംകഴിക്കാം. നട്സും പച്ചക്കറി സാലഡും പഴങ്ങളുമൊക്കെ പകരം കഴിക്കാം. ഇവ വയറുനിറഞ്ഞതുപോലെ തോന്നിക്കുകയും കൂടുതൽ ഭക്ഷണംകഴിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും. 

2. പതുക്കെ കഴിക്കാം, അളവു കുറയ്ക്കാം

പലരും ഭക്ഷണം അളവുനോക്കാതെ വാരിവലിച്ചു കഴിക്കുന്നവരാണ്. ഭക്ഷണം വേ​ഗത്തിൽ കഴിക്കുന്നതും അളവിൽ‍ ശ്രദ്ധിക്കാതിരിക്കുന്നതുമൊക്കെ വണ്ണംകൂട്ടുന്ന ഘടകങ്ങളാണ്. അതിനാൽ ഇവയിൽ മാറ്റംവരുത്തേണ്ടതും പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ പാത്രത്തിൽ സാധാരണ എടുക്കുന്നതിനേക്കാൾ കുറച്ച് അളവിൽ ഭക്ഷണം എടുത്തുതുടങ്ങാം. പതിയെ പതിയെ അതിന്റെ അളവ് കുറച്ചുകൊണ്ട് വരികയും ചെയ്യാം. അതുപോലെ തന്നെ സാവധാനം ചവച്ചരച്ചു കഴിക്കുകയും വേണം. ചോറും എണ്ണയും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുമൊക്കെ കുറച്ച് ആരോ​ഗ്യപ്രദമായ ആഹാരങ്ങൾ കൂട്ടുകയും ചെയ്യണം. 

3. വെള്ളത്തിൽ വീട്ടുവീഴ്ച്ച വേണ്ട

വണ്ണംകുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണോ? എന്നാൽ വെള്ളംകുടിക്കുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യുകയേ അരുത്. വെള്ളം കുടിക്കുന്നത് വയറുനിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലും വെള്ളത്തിന്റെ പങ്ക് വളരെവലുതാണ്. ദിവസവും എട്ടുമുതൽ പത്തു​ഗ്ലാസോളം വെള്ളം കുടിക്കണം. 

4. ഉറക്കം പ്രധാനം

വണ്ണംകുറയ്ക്കാൻ തുടങ്ങുന്ന പലരും ആഹാരത്തിലും വ്യായാമത്തിലും മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കാറുള്ളത്. എന്നാൽ ഉറക്കത്തിനും വണ്ണംകുറയ്ക്കുന്നതിൽ വലിയപങ്കുണ്ട്. ശരീരത്തിന് മതിയായ ഉറക്കം ലഭിക്കാതിരിക്കുക വഴി ലെപ്റ്റിൻ എന്ന ഹോർമോണിന്റെ അളവിൽ ഏറ്റക്കുറച്ചിൽ വരികയും ഇത് വിശപ്പിനെ സ്വാധീനിക്കുകയും ചെയ്യും. താരതമ്യേന ഉറക്കം കുറഞ്ഞവരിൽ കൃത്യമായി ഏഴുംഎട്ടും മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് വണ്ണംകൂടുന്നതായി പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉറക്കം ചിട്ടയാകുന്നതിലൂടെ രാത്രികാലങ്ങളിൽ അനാവശ്യമായി സ്നാക്സ് കഴിക്കുന്ന ശീലവും ഇല്ലാതാകും. 

5. വ്യായാമവും വേണം

വണ്ണംകുറയ്ക്കാൻ വ്യായാമം പ്രധാനമാണെന്നത് പലർക്കും അറിയുന്ന കാര്യമാണ്. വ്യായാമം മുടങ്ങാതെ ചെയ്യുന്നതിലൂടെ ആരോ​ഗ്യകരമായി വണ്ണംകുറയ്ക്കാനാവും. വ്യായാമം സ്ഥിരമാക്കുക വഴി ഊർജം നിലനിർത്താനും കലോറി കുറയ്ക്കാനുമാവും. കലോറി കുറയ്ക്കുന്നതിലൂടെയാണ് മിക്കയാളുകൾക്കും പെട്ടെന്ന് വണ്ണം കുറയുന്നതായി കാണാറുള്ളത് . കുറച്ചുനാളത്തേക്ക് വ്യായാമം ചെയ്യുന്നതിനു പകരം സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് ​ഗുണം ചെയ്യുക.