Representative Image| Photo: Canva.com
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ ഭക്ഷണരീതിക്കും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. പലരും തിരക്കിട്ട ഓട്ടത്തിനിടയിൽ കഴിക്കുന്ന ഭക്ഷണം പോഷകമൂല്യമുള്ളതാണോ എന്നു തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല ഫാസ്റ്റ്ഫുഡുകൾക്ക് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങൾ വിളിച്ചുവരുത്തുന്നതിൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും പ്രധാന സ്ഥാനമുണ്ട്. വണ്ണം കുറയ്ക്കാൻ തീരുമാനമെടുക്കുമ്പോഴാകട്ടെ, പെട്ടെന്ന് കാര്യം നടക്കാനായി അശാസ്ത്രീയ എളുപ്പവഴികൾക്ക് പിന്നാലെ പായുന്നവരുമുണ്ട്. ഒടുവിൽ കുറച്ച വണ്ണം വീണ്ടും ഇരട്ടിയായി തിരിച്ചുവരികയും നിരാശയിലാഴുകയും ചെയ്യും. വണ്ണം കുറയ്ക്കാൻ തീരുമാനിക്കുംമുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും ഡയറ്റിങ് ശാസ്ത്രീയമായി പാലിക്കേണ്ടതിനെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് കോട്ടയ്ക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡയറ്റീഷ്യനായ ടി. ഉഷ.
വണ്ണം കുറയ്ക്കാനായി ഭക്ഷണം സ്കിപ് ചെയ്യുന്നവരുണ്ട്, അതുകൊണ്ട് ഭാരം കുറയ്ക്കൽ പ്രക്രിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ?
ഒരിക്കലും ഭക്ഷണം സ്കിപ് ചെയ്ത് ഡയറ്റ് ചെയ്യാൻ ശ്രമിക്കരുത്. സ്മാർട് ഫ്രീക്വന്റ് ഡയറ്റ് ആണ് പിന്തുടരേണ്ടത്. എല്ലാ സമയത്തും ഭക്ഷണം കഴിക്കുക. അതേസമയം, അളവ് കുറയ്ക്കുക എന്നതാണത്. ഒപ്പം കലോറി കുറഞ്ഞ ഭക്ഷണം കൂടുതൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. ഒരു സമയം ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ അടുത്ത നേരം കൂടുതൽ ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. പ്രാതൽ ഒഴിവാക്കുന്നവർ ഉച്ചഭക്ഷണം കൂടുതൽ കഴിക്കുന്നതായി കാണാറുണ്ട്.
പലരും ഡയറ്റിങ്ങിന് പിന്നാലെ പോകുമ്പോൾ പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ കുറവ് സംഭവിക്കാറുണ്ട്. ഡയറ്റ് ചെയ്യുമ്പോഴും പോഷകസമ്പന്നമാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവെക്കാമോ?
പോഷകങ്ങളുടെ കുറവ് പലപ്പോഴും ഡയറ്റിങ് പാലിക്കുന്നവരിൽ കാണാറുണ്ട്. അതിൽതന്നെ മൈക്രോ ന്യൂട്രിയന്റ്സിന്റെ കുറവാണ് കൂടുതലും കാണപ്പെടുന്നത്. അതൊഴിവാക്കാനായി ഭക്ഷണം കഴിക്കുന്ന സമയങ്ങളിലെല്ലാം ധാരാളം പയർ വർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഒപ്പം അവ കുറഞ്ഞ അളവിലാവുകയും വേണം. കാർബോ ഹൈഡ്രേറ്റ്, ഫാറ്റ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കണം. പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയുടെ അളവ് കുറയ്ക്കരുത്. കാരണം അവ ഭക്ഷണത്തിൽ കുറയുന്നത് ക്ഷീണമുണ്ടാക്കാൻ ഇടയാകും. പലരും ഡയറ്റിങ് കാലത്ത് ഒരുനേരം ഒരു പഴം മാത്രം കഴിച്ചോ നാലു നേരവും ചപ്പാത്തി മാത്രം കഴിച്ചോ ഒക്കെ മുന്നോട്ടു പോകും. അത്തരക്കാരിൽ പോഷകാഹാരക്കുറവ്, അനീമിയ തുടങ്ങിയ പല പ്രശ്നങ്ങളും കാണാറുണ്ട്. എന്നാൽ, പഴങ്ങളും പച്ചക്കറികളും നട്സുമൊക്കെ ആവശ്യത്തിന് ഉൾപ്പെടുത്തി ഡയറ്റ് പാലിച്ചാൽ ക്ഷീണമോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടാകില്ല.
.jpg?$p=7a2538d&&q=0.8)
കലോറി നിയന്ത്രിച്ചുള്ള ഭക്ഷണരീതിയാണോ അതോ ഫാസ്റ്റിങ് ആണോ ഗുണകരം?
ഫാസ്റ്റിങ് പലപ്പോഴും ഗുണകരമാകണമെന്നില്ല. കാരണം ഫാസ്റ്റിങ് ബ്രേക് ചെയ്യുന്ന സമയത്ത് അടുത്ത ഭക്ഷണം നന്നായി കഴിച്ചുവെന്നു വരും. അത് കലോറി കൂടിയ ഭക്ഷണമാകാം. ഒരുദിവസം മാത്രം ഫാസ്റ്റിങ് ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണം കിട്ടണമെന്നില്ല. മാസത്തിലൊരു തവണയൊക്കെ ചെയ്യുന്നത് ശരീരത്തിന് ഉണർവ് നൽകും. ഭാരം കുറയ്ക്കുക, എന്നത് നീണ്ടകാലത്തെ പ്രക്രിയയാണ് എന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പെട്ടെന്ന് വണ്ണം കുറയുന്നതൊക്കെ ആന്തരികാവയവങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കലോറി കുറച്ചുകൊണ്ട് സാവധാനം വണ്ണം കുറയ്ക്കുന്ന രീതിയാണ് അഭികാമ്യം.
ഫാസ്റ്റ്ഫുഡുകളോടുള്ള പ്രിയവും പച്ചക്കറിയും പഴവർഗങ്ങളുമൊക്കെ കുറച്ചതുമായ ഭക്ഷണരീതിയാണ് പലരും പിന്തുടരുന്നത്. ഇത് ജീവിതശൈലീരോഗങ്ങൾ വിളിച്ചുവരുത്താൻ ഇടയാക്കുന്നില്ലേ? എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?
ലൈഫ്സ്റ്റൈൽ രോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷണരീതി തന്നെയാണ്. ഒന്നുകിൽ ധാരാളം ഭക്ഷണം കഴിക്കുന്നത്, അല്ലെങ്കിൽ എണ്ണ, മധുരം, ഉപ്പ്, പ്രൊസസ്ഡ് ഫുഡ് തുടങ്ങിയ ആവശ്യമില്ലാത്ത ഭക്ഷണങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത്. ഇവ രണ്ടും ജീവിതശൈലീ രോഗങ്ങളെ വിളിച്ച് വരുത്തുന്നവയാണ്. പണ്ടുകാലത്ത് ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി എത്രയോ നേരത്തെയാണ് ജീവിതശൈലീരോഗങ്ങൾ ഇന്ന് കണ്ടുവരുന്നത്. മുമ്പ് അറുപതുകളിലും മറ്റും കണ്ടുവന്നിരുന്ന ഡയബറ്റിസും ഹൃദ്രോഗവുമൊക്കെ ഇന്ന് മുപ്പതുകളിൽ വരുന്നതിന് കാരണം തന്നെ ഭക്ഷണരീതിയിലെ മാറ്റങ്ങളാണ്. പുറത്തുനിന്നുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം, കൃത്രിമമായ ചേരുവകൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യൽ, ആവശ്യമില്ലാത്ത മസാലകൾ അമിതമായി ഉപയോഗിക്കുക തുടങ്ങിയവയൊക്കെയാണ് ജീവിതശൈലീ രോഗങ്ങൾ നേരത്തേ വരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ.
ഡയറ്റിങ് തുടങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണ്?
1) എത്രകിലോ കുറയ്ക്കണം?
എത്ര കിലോ കുറയ്ക്കണം എന്നത് നിശ്ചയിക്കലാണ് ആദ്യം ചെയ്യേണ്ടത്. ബി.എം.ഐ.(ബോഡി മാസ് ഇൻഡെക്‌സ്) കണ്ടെത്തി അമിതഭാരമാണോ പൊണ്ണത്തടിയാണോ മോർബിഡ് ഒബീസാണോ സിവിയർ ഒബീസാണോ എന്നിവ പരിശോധിക്കണം. മാതൃകാപരമായ വണ്ണത്തിലേക്കെത്താൻ എത്ര കിലോ കുറയ്ക്കണം എന്നത് ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇരിക്കുന്നത്.
2) ഏതു പ്ലാൻ സ്വീകരിക്കണം?
പെട്ടെന്ന് വണ്ണംകുറയ്ക്കുന്ന രീതിയിലുള്ള പ്ലാനുകളുടെയും മറ്റും നിരവധി പരസ്യങ്ങൾ കാണാറുണ്ട്. അതിനു പകരം ശാസ്ത്രീയപരമായ മാർഗങ്ങളിലൂടെയായിരിക്കണം എന്നത് തീരുമാനിക്കലും പ്രധാനമാണ്.
3) മനസ്സിനെ പാകപ്പെടുത്തൽ
എന്തായാലും വണ്ണം കുറച്ചിരിക്കുമെന്നു മനസ്സിനെ പാകപ്പെടുത്തേണ്ടതും പ്രധാനമാണ്. അതല്ലെങ്കിൽ വണ്ണം കുറച്ചാലും അധികനാൾ നീണ്ടുനിൽക്കില്ല. ഡയറ്റിങ് മടുത്ത് വീണ്ടും പഴയരീതിയിലേക്ക് മാറാനും രുചികരമായ ഭക്ഷണത്തിലേക്ക് പോകാനുമിടയാക്കും. അതുപോലെ ചടങ്ങുകളിൽ ഉൾപ്പെടെ പോയാൽ മറ്റുള്ളവർക്കു വേണ്ടി ഭക്ഷണം കഴിക്കുന്ന രീതിയും നിർത്തണം.
4) ആരോഗ്യാവസ്ഥ
വണ്ണം കൂടുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം. തൈറോയ്‍ഡ് തകരാർ പോലുള്ള ഹോർമോണൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് അതിനുള്ള ചികിത്സയും തേടണം..
5) വിദഗ്ധ സഹായം
ഏതെങ്കിലും ഭക്ഷണമോ ജ്യൂസോ കഴിച്ചാൽ വണ്ണം കുറയും എന്നു കേട്ടാലുടൻ എളുപ്പവഴികൾ പരീക്ഷിക്കാതെ ഡയറ്റിങ്ങിന് മുമ്പ് വിദഗ്ധ ഉപദേശം തേടിയിരിക്കണം.
ഡയറ്റിങ് കാലത്ത് ഭക്ഷണം കുറയ്ക്കുന്നതുവഴി വണ്ണം കുറയുകയും മാസങ്ങൾക്കുശേഷം വീണ്ടും പഴയപടി ആവുകയും ചെയ്യുന്നു എന്നത് പലരുടെയും പരാതിയാണ്. എന്താണ് ഇതിനൊരു പരിഹാരം?
ഡയറ്റിങ് സമയത്ത് വണ്ണം കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്നത് ഹ്രസ്വകാല ഡയറ്റിന്റെ പ്രധാന പ്രശ്നമാണ്. ഡയറ്റിങ് ആരംഭിച്ച ആദ്യത്തെ മാസം അഞ്ചോ പത്തോ കിലോ ഒക്കെ കുറയാം, പക്ഷേ പിന്നീടുള്ള സമയങ്ങളിൽ അതിന്റെ തോത് കുറയും. പത്തു കിലോ കുറഞ്ഞു എന്നുകരുതി വീണ്ടും പഴയ ഭക്ഷണത്തിലേക്ക് പോകാനിടയുണ്ട്, അത് വീണ്ടും വണ്ണം വെക്കാൻ ഇടയാക്കും. അതല്ലെങ്കിൽ പിന്നീടുള്ള മാസങ്ങളിൽ വണ്ണം കുറയുന്ന തോത് പതിയെയാകുമ്പോൾ നിരാശ അനുഭവപ്പെടുകയും ഡയറ്റിങ് തുടരുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നതും വീണ്ടും വണ്ണം വെക്കാൻ കാരണമാകും. ശരീരത്തിന് വണ്ണം വെക്കുന്നത് ഒരു ദിവസം കൊണ്ടോ, ഒരു മാസം കൊണ്ടോ അല്ല. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാനും അൽപം സമയമെടുക്കും എന്നത് മനസ്സിലാക്കുകയാണ് ഇവിടെ ചെയ്യേണ്ടത്.. മാതൃകാപരമായ ശരീരഭാരത്തിലേക്ക് എത്തുന്നതുവരെ കലോറി കുറഞ്ഞ ഭക്ഷണരീതിയുമായി ചിട്ടയോടെ മുന്നോട്ടു പോകണം. കുറച്ച വണ്ണം അതുപോലെ നിലനിർത്താൻ കഴിയാത്തതാണ് പലരിലും വീണ്ടും വണ്ണം വെക്കാൻ കാരണമാകുന്നത്.
ഫാസ്റ്റ്ഫുഡ്, പാക്കറ്റ് ഫുഡ്, പ്രൊസസ്ഡ് ഫുഡ് പോലുള്ളവയിൽ ആകൃഷ്ടരാണ് പുതുതലമുറ. തുടർച്ചയായ ഇവയുടെ ഉപയോഗം എത്രത്തോളം പ്രശ്നകരമാണ്?
ഫാസ്റ്റ്ഫുഡുകളിൽ ഉപ്പും കൊഴുപ്പും അമിതമായിരിക്കും. അതിന് കൂടുതലും ആകൃഷ്ടരാകുന്നത് കുട്ടികളാണ്. ഇവയിൽ രുചിക്കായി ചേർക്കുന്ന പല മസാലകളും പിന്നീട് അവരിൽ അൾസറിന് ഇടയാക്കുന്നുണ്ട്. ഒപ്പം ഇവയിലുള്ള അമിതമായ ഉപ്പും കൊഴുപ്പും ലിവർ ഡിസീസിനും കാരണമാകുന്നുണ്ട്. ഇന്നത്തെ കുട്ടികളിലെ പൊണ്ണത്തടിക്കും ഈ ഭക്ഷണരീതി കാരണമാകുന്നുണ്ട്. ഫാറ്റി ലിവർ, കൊളസ്ട്രോൾ പോലുള്ള മുതിർന്നവരിൽ കാണപ്പെടുന്ന പല രോഗങ്ങളും കുട്ടികളിൽ ഇപ്പോൾ കണ്ടുവരുന്നുണ്ട്. അടുത്തിടെ പത്തു വയസ്സുള്ള ഒരുകുട്ടി ആരോഗ്യപ്രശ്നങ്ങളുമായി വന്നിരുന്നു. ശരീരവേദന, ഭാരം കൂടൽ, ക്ഷീണം എന്നിവയായിരുന്നു കുട്ടിയുടെ ലക്ഷണങ്ങൾ. തുടർന്ന് ചെയ്ത സ്കാനിങ്ങിലാണ് ഫാറ്റി ലിവർ ഉണ്ടെന്നറിഞ്ഞത്. പതിമൂന്നു വയസ്സിലൊക്കെ കൊളസ്ട്രോൾ കൂടിയതുകൊണ്ട് ചികിത്സ തേടി വരുന്നവരുമുണ്ട്. ഇറച്ചി വിഭവങ്ങളുടെ അമിതമായ ഉപയോഗം, മയണൈസ് തുടങ്ങിയവയൊക്കെ പൊണ്ണത്തടി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. പ്രൊസസ്ഡ് ഫുഡ്, നാരുകൾ തീരെയില്ലാത്ത മൈദ പോലുള്ളവയുടെ കൂടുതലായുള്ള ഉപയോഗവും വയറിന് പ്രശ്നവും ദഹനത്തകരാറും മറ്റുപല പ്രശ്നങ്ങൾക്കും വഴിവെക്കാറുണ്ട്.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോലുള്ളവ എത്രത്തോളം ഗുണം ചെയ്യും? എല്ലാ പ്രായക്കാർക്കും യോജിച്ചതാണോ?
ഒരു പ്രത്യേക കാലഘട്ടത്തിൽ മാത്രം വണ്ണം കുറയ്ക്കുന്നവരിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പ്രശ്നമുണ്ടാക്കാറില്ല. എന്നാൽ, ദീർഘനാളത്തേക്ക് സ്വീകരിക്കാവുന്ന ഒരു രീതിയല്ല ഇത്. സാധാരണ ഡയറ്റിങ് പ്ലാനുകളല്ലാതെ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്, കീറ്റോ ഡയറ്റ് തുടങ്ങിയവയൊന്നും ദീർഘനാളത്തേക്ക് കൊണ്ടുപോകാനാവില്ല. മൈക്രോ ന്യൂട്രിയന്റ്സിന്റെയും മറ്റു പോഷകങ്ങളുടെയുമൊക്കെ അസന്തുലിതാവസ്ഥ ഈ ഡയറ്റുകളിൽ പ്രകടമാണ്. കൊഴുപ്പ് കൂട്ടി, കാർബോഹൈഡ്രേറ്റ്സ് കുറച്ച് കഴിക്കുമ്പോൾ പോഷകങ്ങളുടെ കാര്യത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാകുന്നു. ഈ ഭക്ഷണരീതി പിന്തുടരുന്നവരിൽ കിഡ‍്നി തകരാറും സംഭവിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഡയറ്റിങ് മാത്രം കൃത്യമായി ചെയ്ത് വ്യായാമത്തിലും മറ്റും വേണ്ട ശ്രദ്ധ പുലർത്താതെയും ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ മുഴുവനായും ഒഴിവാക്കിയുമൊക്കെ പലരും ഡയറ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ ഡയറ്റിങ് കാലത്ത് പിന്തുടരുന്ന തെറ്റുകൾ എന്തൊക്കെയാണ്?
ഡയറ്റിങ് ചെയ്യുന്നവർ തങ്ങൾ ചെയ്യുന്നത് ശരിയാണെന്നു കരുതി പല തെറ്റുകളും ആവർത്തിക്കാറുണ്ട്. പട്ടിണി കിടക്കുക, ഒരു നേരം ഭക്ഷണം കഴിക്കാതെ ഇരിക്കുക ഒക്കെ അവയിൽ ചിലതാണ്. ഡയറ്റിങ്ങിന്റെ ഭാഗമായി പ്രാതൽ ഒഴിവാക്കുന്നവരുണ്ട്. അത് മെറ്റബോളിക് റേറ്റ് കുറയ്ക്കുകയും വണ്ണം വർധിക്കാൻ കാരണമാവുകയും ചെയ്യും. അതുപോലെ ഡയറ്റിങ് ചെയ്യുന്നുവെന്ന് കരുതി വ്യായാമം ഒഴിവാക്കുന്നവരുണ്ട്. എന്നാൽ, ഡയറ്റിങ് മാത്രം ചെയ്താൽ കൊഴുപ്പ് എരിയുന്നത് ശരിയായ നിലയിലാകില്ല. ഡയറ്റിങ് ചെയ്യുന്നതുകൊണ്ട് വണ്ണം കുറഞ്ഞാലും വ്യായാമം ഇല്ലാതിരിക്കുന്നതുകൊണ്ട് വയറിലും മറ്റു ഭാഗങ്ങളിലും കൊഴുപ്പ് അതുപോലെ നിൽക്കാനും ഇടയുണ്ട്.
മറ്റൊന്ന് ഡയറ്റിങ് കാലത്ത് ചിലർ കൊഴുപ്പ് തീരെ ഒഴിവാക്കും. വണ്ണം വർധിപ്പിക്കുക എന്നതല്ല ഫാറ്റിന്റെ ധർമം എന്നത് മനസ്സിലാക്കണം. ഫാറ്റ് ആവശ്യത്തിലധികമാവുമ്പോഴാണ് വണ്ണം വെക്കുന്നത്. ആവശ്യത്തിന് കൊഴുപ്പ് ഇല്ലാതിരിക്കുമ്പോൾ എ, ഡി, ഇ, കെ പോലുള്ള പല വിറ്റാമിനുകളും ലഭിക്കാതിരിക്കുകയും വിറ്റാമിന്റെ അപര്യാപ്തത ഉണ്ടാവുകയും ചെയ്യും.
ചോറ് പൂർണമായും ഒഴിവാക്കി ചപ്പാത്തി മാത്രം കഴിക്കുന്നതും ശരിയാണെന്ന് ധരിക്കുന്നവരുണ്ട്. കാർബോ ഹൈഡ്രേറ്റ് തീരെ ഇല്ലാതിരിക്കുമ്പോൾ ശരീരത്തിന് ആവശ്യത്തിനുള്ള ഊർജം ലഭിക്കാതിരിക്കും. കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറച്ചു കൊണ്ട് വേണം ഡയറ്റ് പിന്തുടരാൻ. നാലും അഞ്ചും നേരം ചപ്പാത്തി മാത്രം കഴിക്കുന്നവരുണ്ട്. അതും അത്ര നല്ലതല്ല, ഗ്ലൂട്ടൻ അമിതമാകുന്നത് പലരിലും വയറിന് പ്രശ്നം ഉണ്ടാക്കും. കൂടാതെ ചപ്പാത്തിയിലും ആവശ്യത്തിന് കാർബോ ഹൈഡ്രേറ്റ് ഉണ്ട്. രണ്ടായാലും ആവശ്യത്തിലധികം കഴിക്കാതിരിക്കുകയാണ് പ്രധാനം.
ഒരു മാസത്തിൽ കുറയ്ക്കാവുന്ന ശരാശരി ഭാരം എത്രയാണ്?
ഒരു മാസത്തിൽ അഞ്ചു മുതൽ ഏഴു കിലോയോളമാണ് കുറയ്‌ക്കേണ്ടത്. അത് മൂന്നു കിലോ ആയാലും പ്രശ്നമില്ല. പെട്ടെന്ന് അഞ്ചു കിലോ കുറയ്ക്കുന്നു എന്നതുകൊണ്ട് ഗുണമൊന്നുമില്ല. ആദ്യത്തെ മാസം കുറച്ച അതേവണ്ണം തൊട്ടടുത്ത മാസം കുറയ്ക്കാൻ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ വലിയ ടാർഗറ്റ് ഒന്നും വെക്കണമെന്നില്ല. പരമാവധി ഒരു മാസം കുറയ്ക്കാവുന്നത് ഏഴു കിലോയാണ്.
പെട്ടെന്ന് വണ്ണം കുറയ്ക്കാം എന്നു പറഞ്ഞുള്ള പല പരസ്യങ്ങളിലും വീണുപോകുന്നവരുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?
പെട്ടെന്ന് വണ്ണം കുറയ്ക്കാം എന്ന പരസ്യങ്ങളിൽ ഒരിക്കലും വീഴരുത്. പെട്ടെന്ന് വണ്ണം കുറയുന്നവരിൽ മറ്റ് പല ആരോഗ്യപ്രശ്നങ്ങളും കണ്ടുവരാറുണ്ട്. ഇത്രയും കൊഴുപ്പ് ഉരുകുമ്പോൾ ഗോൾ ബ്ലാഡർ, കിഡ്നി എന്നിവയെയെല്ലാം ബാധിക്കാം. മാത്രമല്ല, സ്ഥായിയായി കൊണ്ടുപോകാവുന്നതുമല്ല. പെട്ടെന്ന് വണ്ണം കുറയ്ക്കാം എന്നു പരസ്യങ്ങളിൽ പറയുകയല്ലാതെ അതു വഴിയുണ്ടാകുന്ന സങ്കീർണ വശങ്ങളെക്കുറിച്ച് പലരും പറയാറില്ല എന്നതാണ് യാഥാർഥ്യം.
പലരും സ്വയം ഡയറ്റിങ് പ്ലാനുകൾ നിശ്ചയിക്കുന്നവരാണല്ലോ? വിവിധ രോഗങ്ങൾ ഉള്ളവർ വണ്ണം കുറയ്ക്കാൻ ഒരുങ്ങുംമുമ്പ് ശ്രദ്ധിക്കേണ്ടവ?
വിവിധ രോഗങ്ങൾ ഉള്ളവർ വണ്ണം കുറയ്ക്കും മുമ്പ് വിദഗ്ധ ഉപദേശം നിർബന്ധമായും തേടിയിരിക്കണം. സാധാരണരീതിയിൽ പ്രോട്ടീൻ കൂട്ടി, കാർബോ ഹൈഡ്രൈറ്റും ഫാറ്റും കുറയ്ക്കുന്ന രീതിയാണ് തടി കുറയ്ക്കാനായി പറയാറുള്ളത്. പക്ഷേ, പ്രോട്ടീൻ കുറയ്ക്കേണ്ട ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് അത് പ്രായോഗികമല്ല. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ഗുണം ചെയ്യില്ല. അതിനാൽ അവനവൻറെ ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അതിനുതകുന്ന രീതിയിലുള്ള ഡയറ്റിങ് പ്ലാൻ വേണം തിരഞ്ഞെടുക്കാൻ.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണരീതിയിലും ജീവിതശൈലിയിലും വരുത്തേണ്ട പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?
- വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തോടൊപ്പം വ്യായാമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണക്രമീകരണത്തോടൊപ്പം ശരിയായ വ്യായാമവും ഉണ്ടെങ്കിലേ ആരോഗ്യകരമായി വണ്ണം കുറയൂ.
- ഡയറ്റ് പ്ലാനിൽ ഉറച്ചു നിൽക്കാൻ കഴിയണം. ഇഷ്ടമുള്ള ഭക്ഷണങ്ങൾ പലതും ഉപേക്ഷിക്കാനും ഇഷ്ടമില്ലാത്തവ കൂട്ടിച്ചേർക്കാനും കഴിയണം.
- പച്ചക്കറി തീരെ കഴിക്കാത്തവർ അവ കൂടുതൽ കഴിച്ച് നോൺവെജ് വിഭവങ്ങൾ കുറയ്ക്കണം. പഞ്ചസാര പാടേ കുറയ്ക്കേണ്ടതും പ്രധാനമാണ്.
- ഒപ്പം മൂന്ന് പ്രധാന ഭക്ഷണങ്ങൾക്കൊപ്പം ഇടയ്ക്കിടെ രണ്ടോ മൂന്നോ ലഘുഭക്ഷണങ്ങളും കഴിക്കണം. കഴിയുന്നതും പഴങ്ങളോ വെജിറ്റബിൾ സാലഡോ ആയിട്ടായിരിക്കണം ലഘുഭക്ഷണങ്ങൾ കഴിക്കേണ്ടത്.
- വിരുന്നുകളിലും മറ്റ് ചടങ്ങുകളിലുമൊക്കെ പങ്കെടുക്കുമ്പോൾ സാലഡും മറ്റും നന്നായി കഴിച്ചിട്ട് പോകാം. വയറ് നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ മറ്റു ഭക്ഷണം കുറയ്ക്കാൻ കഴിയും.
- പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസരങ്ങളിൽ പച്ചക്കറി വിഭവങ്ങൾ കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കാം.
- ഒന്നിച്ചിരുന്ന് കഴിക്കുമ്പോഴാണോ അതോ ഒറ്റയ്ക്കിരുന്ന് കഴിക്കുമ്പോഴാണോ കൂടുതൽ ഭക്ഷണം കഴിക്കുന്നത് എന്ന് ശ്രദ്ധിക്കാം. അതിൽ ഏതാണ് കുറവ് എന്നുനോക്കി അത് തിരഞ്ഞെടുക്കാം.
- ധാരാളം വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. ശരീരത്തിലെ മാലിന്യങ്ങൾ മൂത്രമായി പോകാൻ നന്നായി വെള്ളം കുടിച്ചിരിക്കണം.
- ഓരോ ഭക്ഷണത്തിന്റെയും ഇടവേളകൾ പരിമിതപ്പെടുത്തണം. അപ്പോഴേ അളവ് കുറയ്ക്കാൻ കഴിയൂ.
- എത്ര വണ്ണമുള്ളവരാണെങ്കിലും വളരെ കലോറി കുറഞ്ഞ ഡയറ്റ് പ്ലാൻ തുടങ്ങരുത്. പതിയെ മാത്രമേ മാറ്റം വരുത്താവൂ. സാധാരണ കഴിച്ചിരുന്ന അളവിൽനിന്ന് പെട്ടെന്ന് മുഴുവനായും ഒഴിവാക്കാതെ കുറേശ്ശെയായി കുറച്ചുകൊണ്ടുവരണം.
- അതിരാവിലെ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കാം.
- വ്യായാമത്തിന് ശേഷം ഗ്രീൻ ടീയോ ടീ യോ കുടിക്കാം.
- ഒപ്പം നാലോ അഞ്ചോ നട്സ് കഴിക്കാം, ഇത് ബ്രേക്ഫാസ്റ്റിന്റെ വിശപ്പ് കുറയ്ക്കും
- എഴുന്നേറ്റ് ഒരുമണിക്കൂറിനുള്ളിലോ എട്ടു മണിക്ക് ഉള്ളിലോ പ്രാതൽ കഴിക്കണം. അത് സാധാരണ കഴിക്കുന്ന ദോശയോ ഇഡ്ഡലിയോ ആവാം. ഒപ്പം സാമ്പാർ, ചട്നി ഒക്കെയാവാം. അരിയുടെ മാത്രം വിഭവം ആണെങ്കിൽ പയറുവർഗങ്ങളും ചേർക്കണം. പുട്ട് ആണെങ്കിൽ പയർ വർഗങ്ങളുടെ കറി കഴിക്കാം.
- പത്തു മണിക്ക് പഴങ്ങൾ കഴിക്കാം.
- പന്ത്രണ്ടു മണിക്ക് സീഡ്സ് കുതിർത്തോ പൊടിച്ചോ അല്ലെങ്കിൽ വെജിറ്റബിൾ സാലഡ് കഴിക്കാം.
- ഉച്ചയ്ക്ക് ബ്രൗൺ റൈസ് ഒരുകപ്പ്, ഒപ്പം അതേ അളവിൽ ഇലക്കറിയും പച്ചക്കറിയും കഴിക്കാം. മീൻ, തൈര്, മോര് പോലെ പ്രോട്ടീൻ വിഭവം എന്തെങ്കിലും എല്ലാ സമയത്തെ ഭക്ഷണത്തിനൊപ്പവും കഴിക്കാനും ശ്രദ്ധിക്കണം.
- വൈകീട്ട് ചായയ്ക്കൊപ്പം എണ്ണക്കടിയല്ലാത്ത ഒരു കഷ്ണം മധുരക്കിഴങ്ങോ രണ്ടു സ്പൂൺ അവിൽ നനച്ചതോ നാലോ അഞ്ചോ നട്സോ കഴിക്കാം.
- ആറു മണിയോടെ കുറച്ച് വെജിറ്റബിൾ സാലഡോ വെജിറ്റബിൾ സൂപ്പോ കഴിക്കണം.
- ഏട്ടു മണിക്കുള്ളിൽ(ഏറ്റവും അഭികാമ്യം ഏഴരയോടെ) മില്ലെറ്റ് വിഭവം എന്തെങ്കിലും കഴിക്കാം. റാഗി, തിന, ചാമ പോലുള്ളവ പൊടിച്ച് ദോശയോ പുട്ടോ ഉണ്ടാക്കി കഴിക്കാം. അതിനൊപ്പം പയർ വർഗങ്ങൾ, പനീർ, കൂൺ എന്നിവ കറിയാക്കി കഴിക്കാം. മുട്ടയുടെ വെള്ളയും കഴിക്കാം. മുട്ടയുടെ മഞ്ഞ എന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Content Highlights: things to know before starting a new diet senior consultant dietitian Usha sharing tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..