സമ്മർദം നിറഞ്ഞ ജീവിതാന്തരീക്ഷത്തിൽ നിന്ന് അൽപമൊന്നു റിലാക്സാവാൻ മദ്യത്തെ ആശ്രയിക്കുന്നവരുണ്ട്. ആഴ്ചയിലൊരിക്കലേ മദ്യപിക്കുന്നുള്ളൂ എന്നാണ് ഇവരുടെ ന്യായീകരണം. എന്നാൽ അതും അത്ര സുരക്ഷിതമല്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്. അത്തരം മദ്യപാനവും മസ്തിഷ്കത്തിന് തകരാറുണ്ടാക്കിയേക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ന്യൂറോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ മസ്തിഷ്കത്തിന് കേടുപാടുകൾ സംഭവിക്കുകയും നാഡീസംബന്ധമായ തകരാറുകളുണ്ടാവുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. ഇത് ഓർമക്കുറവ്, വൈജ്ഞാനിക പ്രവർത്തനങ്ങളുടെ അപചയം, അൽഷൈമേഴ്സ് ഡിസീസ് എന്നിവയ്ക്കും കാരണമാകും. എന്നാൽ, ഇത് ആധികാരികമായി തെളിയിക്കപ്പെട്ടതല്ല, ഗവേഷണത്തിലെ ഒരു കണ്ടെത്തൽ മാത്രമാണെന്ന് പഠനത്തിൽ പറയുന്നുണ്ട്.
ഏകദേശം എഴുപത്തിയഞ്ചു വയസ്സ് പ്രായമുള്ള മരിച്ചവരുടെ 1700 പേരുടെ മസ്തിഷ്കകോശം പരിശോധിച്ചാണ് പഠനം നടത്തിയത്. ഇവരിലെ മദ്യ ഉപഭോഗത്തേക്കുറിച്ച് വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് മദ്യവും മസ്തിഷ്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായത്. മദ്യപിക്കാത്തവരെ അപേക്ഷിച്ച് മദ്യപാനികളിൽ തലച്ചോറിന് ക്ഷതം സംഭവിക്കാനുള്ള സാധ്യത 133 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. മദ്യപാനം ഉപേക്ഷിച്ചവരിൽ 89 ശതമാനവും മിതമായി മദ്യപിക്കുന്നവരിൽ 60 ശതമാനവും കൂടുതലാണെന്ന് കണ്ടെത്തി.
അമിതമായി മദ്യപിക്കുന്നവരിൽ അൽഷൈമേഴ്സുമായി ബന്ധപ്പെട്ട മസ്തിഷ്ക തകരാറുകൾ കൂടുതലാണെന്നും മദ്യപിക്കാത്തവരെ അപേക്ഷിച്ച് 13 വർഷം മുമ്പേ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു. അമിതമായി മദ്യപിക്കുന്നവരിൽ മസ്തിഷ്കക്ഷതത്തിന്റെ അടയാളങ്ങൾ കണ്ടെത്തി, ഇത് മസ്തിഷ്കാരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഓർമ, ചിന്ത തുടങ്ങിയവയേയും സാരമായി ബാധിക്കും- പഠനത്തിൽ പങ്കാളിയായ ഗവേഷകൻ ആൽബെർട്ടോ ഫെർണാണ്ടോ ഒലിവെയ്റ ജസ്റ്റോ പറഞ്ഞു.
മദ്യപാനവും മസ്തിഷ്കാരോഗ്യവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് കൂടുതൽ അവബോധം നടത്തുകയാണ് പരിഹാരമെന്നും ഗവേഷകർ കരുതുന്നു. അതേസമയം ജീവിച്ചിരിക്കുന്നവരെ മുൻനിർത്തിയല്ല പഠനം നടത്തിയത് എന്നത് പ്രധാന അപാകതയായും വിലയിരുത്തുന്നുണ്ട്.
അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലാണെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. മദ്യപാനം മൂലമുള്ള മരണനിരക്കുകൾ ചൈനയേക്കാൾ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നും ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിലുണ്ടായിരുന്നു.
മദ്യം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടും
പലരും ദിവസവും പരിമിതമായ അളവിൽ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാൽ, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും. കൂടാതെ ട്രിഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
കരളിന്റെ ആരോഗ്യം
ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഭാരം കുറയാൻ
വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും.
ബന്ധങ്ങൾ സുഖകരമാക്കും
മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യൽ ഡ്രിങ്കിങ് എന്ന അവസ്ഥയിൽനിന്ന് പലരും ബോധം നഷ്ടമാകും വരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.
കാൻസർ സാധ്യത കൂട്ടും
മദ്യപാനം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാര്‍ബുദം, വായിലെ അര്‍ബുദം, കുടലിലെ അര്‍ബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാന്‍സറുകള്‍ക്ക് പിന്നില്‍ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഉറക്കം മെച്ചപ്പെടും
മദ്യപാനം തുടക്കത്തിൽ മയക്കത്തിന് സമാനമായ അനുഭവം നൽകുമെങ്കിലും സുഖകരമായ ഉറക്കത്തിന് തടസ്സമാകാം. മൂത്രമൊഴിക്കുന്നതിനുൾപ്പെടെ ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഉറക്കം അസ്വസ്ഥമാക്കും. രാത്രി വളരെ വൈകുംവരെ മദ്യപിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുന്നതാണ് ഗുണകരം.
പ്രതിരോധശേഷി
മദ്യം ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും. ഇതുതടയാൻ മദ്യം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.
രക്തസമ്മർദം നിയന്ത്രിക്കാനാവും
വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച് ഈ ശേഷികൾ മെച്ചപ്പെടുകയും ചെയ്യും.
മദ്യത്തിന് അടിമകളായിട്ടുള്ളവർ പെട്ടെന്ന് അതുപേക്ഷിക്കുന്നത് വിത്ഡ്രോവൽ സിൻഡ്രോമിലേക്ക് നയിക്കാം. ഹൃദയമിടിപ്പ് ഉയരുക, ഛർദി, കൈകൾ വിറയൽ, അമിത ഉത്കണ്ഠ തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ധസഹായം തേടണം.
Content Highlights: A new study reveals that heavy alcohol consumption significantly harms brain health
Published: 12 Apr 2025, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented