ആരോഗ്യകരമായ ശരീരത്തിന് വ്യായാമം അനിവാര്യമാണ്. വ്യായാമം ശരീരത്തിന് താങ്ങുന്നതിലുമപ്പുറമായാൽ ആരോഗ്യം തകരാറിലാവുകയും ചെയ്യും. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയുള്ള കുഴഞ്ഞുവീണു മരണങ്ങളിൽ പലതിനും പിന്നിൽ ശരീരത്തിന് താങ്ങുന്നതിലേറെ വ്യായാമം ചെയ്യുന്നതുകൂടിയാണ്. വർക്കൗ‌ട്ട് അമിതമാകുന്നത് ഹൃദയാരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നുവെന്നു പങ്കുവെക്കുകയാണ് ഹൈദ്രാബാദിൽ ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്.

To advertise here,

കഠിനമായ വ്യായാമങ്ങൾ ഹൃദയാഘാതത്തിനും മരണത്തിനും കാരണമാകുമോ എന്ന ആമുഖത്തോടെയാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. മാരത്തോൺ ഓട്ടത്തിനിടയിലും ജിമ്മിലെ വർക്കൗട്ടിനിടയിലും നൃത്തത്തിനിടയിലുമൊക്കെ ആളുകൾ കുഴഞ്ഞുവീഴുന്നത് ഭയപ്പെടുത്തുന്നവയാണ്. അമിതമായ വ്യായാമം ഹൃദയാരോഗ്യത്തെ ബാധിക്കുമോയെന്ന സ്വാഭാവികചോദ്യവും ഉയരും. അതെ എന്നതാണ് സത്യസന്ധമായ ഉത്തരമെന്ന് ഡോ.സുധീർ കുറിക്കുന്നു.

കഠിനമായ വ്യായാമങ്ങൾ ചിലപ്പോഴൊക്കെ ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. പക്ഷേ അതിനർഥം വ്യായാമം അപകടകരമാണെന്നല്ല. വ്യായാമം യഥാർഥത്തിൽ ഹൃദയാരോഗ്യം കാക്കുന്നതിൽ പ്രധാനഘടകമാണ്. ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം, അകാലമരണം തുടങ്ങിയവ പ്രതിരോധിക്കുന്നതിൽ വ്യായാമത്തിനു വലിയ പങ്കുണ്ട്. പക്ഷേ വ്യായാമം ചെയ്യുന്നരീതിയിലാണ് ശ്രദ്ധിക്കേണ്ടത്. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റോളം മിതമായ വ്യായാമമാണ് മുതിർന്നവർ ചെയ്യേണ്ടത്. അല്ലെങ്കിൽ 75 മുതൽ 150 മിനിറ്റുവരെയുള്ള കഠിനമായ വ്യായാമമോ ആവാം.

വ്യായാമത്തിനിടെ ആളുകൾ കുഴഞ്ഞുവീഴുന്നതിന്റെ കാരണവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കഠിനമായ ശാരീരിക പ്രവർത്തനം ഹൃദയത്തിന്റെ ജോലി ഇരട്ടിയാക്കുകയും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗങ്ങൾ ഉള്ളവരിൽ ഇത് ഹൃദയാഘാത സാധ്യത കൂട്ടുകയും ചെയ്യും. യഥാർഥത്തിൽ വ്യായാമം നേരിട്ടല്ല ഹൃദയാഘാതത്തിനു കാരണമാകുന്നത്. മറിച്ച് ഹൃദ്രോഗങ്ങൾ തിരിച്ചറിയപ്പെടാതെപോവുകയും ചികിത്സിക്കാതിരിക്കുകയും ചെയ്യുകയും കഠിനമായ വ്യായാമം അപകടസാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്.

മിക്കപ്പോഴും ആഴ്ചാവസാനങ്ങളിൽ അതികഠിനമായ വർക്കൗട്ട് ചെയ്യുന്നവരെയാണ് ഇതു കൂടുതലും കണ്ടുവരാറുള്ളതെന്നും ഡോ.സുധീർ പറയുന്നു. ഉദാസീനമായ ജീവിതശൈലി നയിക്കുകയും പൊടുന്നനെ അതികഠിനമായ വ്യായാമം ചെയ്യുകയും ചെയ്യുന്നത് ഹൃദയത്തെ തകരാറിലാക്കും. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളേക്കുറിച്ചും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. അതിലൊന്ന് സോഫയിൽ നിന്ന് നേരെ മാരത്തോണിനുപോകുന്ന ശീലം നിർത്തണമെന്നതാണ്. പകരം നടക്കാൻ പോവുകയും ക്രമേണ മാരത്തോൺ ഓട്ടത്തിന് പ്രാപ്തമാക്കുകയുമാണ് വേണ്ടത്. ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നവരിൽ മാരത്തോൺ സുരക്ഷിതമാണ്.

സ്ട്രെങ്ത് ട്രെയിനിങ്ങിന്റെ ഗുണങ്ങളേക്കുറിച്ചും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഇവ ഹൃദയത്തെ കരുത്താർന്നതാക്കുകയും പേശികളുടെയും അസ്ഥികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും മെറ്റബോളിക് ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ടുദിവസം മസിലുകളെ കരുത്താർന്നതാക്കുന്ന വ്യായാമരീതികൾക്ക് സമയം കണ്ടെത്തണമെന്നും ഡോ.സുധീർ നിർദേശിക്കുന്നു.

വ്യായാമത്തിനിടെ അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമാക്കരുതെന്ന മുന്നറിയിപ്പും ഡോ.സുധീർ നൽകുന്നുണ്ട്. വ്യായാമത്തിനിടെ നെഞ്ചുവേദനയോ, സമ്മർദമോ അനുഭവപ്പെടുക, കുഴഞ്ഞുവീഴുക, പാൽപിറ്റേഷൻ, ശ്വാസത‌ടസ്സം, പെട്ടെന്ന് വ്യായാമം ചെയ്യാൻ കഴിയാതാവുക തുടങ്ങിയവ ശ്രദ്ധിക്കണം. ഹൃദ്രോഗമുള്ളവർ, ഹൃദ്രോഗത്തിനുള്ള അപകടസാധ്യത കൂടുതലുള്ളവർ തുടങ്ങിയവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യണം.

വ്യായാമത്തോടുള്ള ഭയം ഏറ്റവും വലിയ പ്രശ്നമാണെന്നും ഡോ.സുധീർ പറയുന്നുണ്ട്. വ്യായാമം മൂലമുള്ള അപകടസാധ്യതയേക്കാൾ വലുതാണ് മണിക്കൂറുകളോളം ഇരിക്കുകയും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ. വ്യായാമ വേളയിൽ അപൂർവമായി സംഭവിച്ചേക്കാവുന്ന വലിയ ദുരന്തങ്ങൾക്കുള്ള പരിഹാരം വ്യായാമം നിർത്തുക എന്നതല്ല, മറിച്ച് ബുദ്ധിപൂർവ്വം വ്യായാമം ചെയ്യുക എന്നതാണെന്നും അദ്ദേഹം പറയുന്നു. അതിനായി ചില ടിപ്സും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

എല്ലാ ദിവസവും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, പതിവായി എയ്റോബിക് വ്യായാമങ്ങൾ ചെയ്യുക, ആഴ്ചയിൽ 2-3 തവണ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുക, വ്യായാമത്തിന്റെ തീവ്രതയും ദൈർഘ്യവും ക്രമേണ വർദ്ധിപ്പിക്കുക, വിശ്രമത്തിനും ഉറക്കത്തിനും മുൻഗണന നൽകുക, ശരീരത്തിൽ നിന്നുണ്ടാകുന്ന മുന്നറിയിപ്പ് ലക്ഷണങ്ങൾ ശ്രദ്ധിക്കുക തുടങ്ങിയവയാണവ.