ദിവസവും നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ശീലമാക്കിയവരെ ആശങ്കപ്പെടുത്തുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കൂട്ടരിൽ 25 ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 475,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ദിവസേന മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ കാൻസറിതര രോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. മാംസം സന്തുലിതമായ ആഹാരക്രമത്തിന്റെ ഭാഗമാണെങ്കിലും അമിതമായി കഴിക്കുന്നതും പ്രത്യേകിച്ച് സംസ്കരിച്ച മാംസത്തിന്റെ അമിതോപഭോഗവുമാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
ആഴ്ചയിൽ മൂന്നുതവണയിൽ കൂടുതൽ റെഡ് മീറ്റോ, സംസ്കരിച്ച മാംസമോ കഴിക്കുന്നവരിൽ ഹൃദ്രോഗം, പ്രമേഹം, ന്യുമോണിയ, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ചിക്കൻ വിഭവങ്ങൾ അമിതമായി കഴിക്കുന്നവരിലും വയറിന് പ്രശ്നങ്ങളുണ്ടാകുന്നതായി കണ്ടെത്തി. എന്നാൽ റെഡ് മീറ്റ്, ചിക്കൻ തുടങ്ങിയവ കഴിക്കുന്നവരിൽ അയേണിന്റെ കുറവ്, അനീമിയ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു.
ആഴ്ചയിൽ മൂന്നുതവണയിൽക്കൂടുതൽ മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ ഒമ്പത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട് ഉയർന്ന പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങൾ വണ്ണംകുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഗുണംചെയ്യുമെങ്കിലും നിയന്ത്രണമില്ലാത്ത അമിതോപഭോഗം വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് തരുന്നത്.
1. ദഹനസംബന്ധമായ പ്രശ്നങ്ങൾ
ദിവസേനയെന്നോണം മാംസാഹാരങ്ങൾ ശീലമാക്കിയവരിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണെന്ന് പഠനം പറയുന്നു. റെഡ് മീറ്റിലും സംസ്കരിച്ച മാംസത്തിലും പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കും, ഇത് ദഹനപ്രക്രിയ മെല്ലെയാക്കും. അതുമൂലം മലബന്ധം, അസിഡിറ്റി, വയറ് വീർക്കൽ തുടങ്ങിയവയ്ക്കും ക്രമേണ ഗൗരവകരമായ ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും കാരണമാകും.
2. ഹൈപ്പർടെൻഷൻ, സിഒപിഡി
കൊളസ്ട്രോളും സാച്യുറേറ്റഡ് ഫാറ്റും അമിതമായി അടങ്ങിയ റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് രക്തധമനികൾ ചുരുങ്ങാനും ഹൈപ്പർടെൻഷൻ, അതിറോസ്ക്ലിറോസിസ്, സിഒപിഡി( Chronic Obstructive Pulmonary Disease), ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തിൽ പറയുന്നത്.
3. ആന്റിബയോട്ടിക് പ്രതിരോധം
മൃഗങ്ങളിൽ രോഗപ്രതിരോധത്തിനും വളർച്ചയ്ക്കുമായി അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു വിധേയമായ മാംസം കഴിക്കുന്നതിലൂടെ ചെറിയ അളവിലാണെങ്കിലും ആന്റിബയോട്ടിക്കുകൾ ശരീരത്തിലെത്തും. ഇത് പിന്നീട് ആന്റിബയോട്ടിക് റെസിസ്റ്റൻസിന് കാരണമാകും.
4. കാൻസർ
റെഡ് മീറ്റും പലതരത്തിലുള്ള കാൻസറുകളും തമ്മിൽ അഭേദ്യ ബന്ധമാണുള്ളതെന്നും പഠനത്തിലുണ്ട്. സ്ഥിരമായി റെഡ് മീറ്റ് ഉപയോഗിക്കുന്നത് കോളറെക്റ്റൽ കാൻസർ, ബ്രെസ്റ്റ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, കിഡ്നി കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടും. സംസ്കരിച്ച മാംസങ്ങളുടെ അമിതോപഭോഗവും കാൻസർ സാധ്യത കൂട്ടുമെന്ന് പഠനത്തിലുണ്ട്.
5. ഹോർമോൺ അസന്തുലിതാവസ്ഥ
മാംസാഹാരങ്ങൾ സ്ഥിരമാക്കുന്നത് ഹോർമോൺ നിലയിലും വ്യതിയാനമുണ്ടാക്കും. ഇത് പിന്നീട് പ്രത്യുത്പാദനം, മാനസികാവസ്ഥ, ചയാപചയ പ്രക്രിയ തുടങ്ങിയവയേയൊക്കെ ബാധിക്കും. ചിലഘട്ടങ്ങളിൽ ഹോർമോൺ സംബന്ധമായ കാൻസറുകളുടെ വളർച്ചയ്ക്കും കാരണമാകും.
6. ആയുസ്സ് കുറയും
സ്ഥിരമായുള്ള മാംസത്തിന്റെ ഉപഭോഗം ആയുസ്സ് കുറയ്ക്കുമെന്നും പഠനത്തിലുണ്ട്. മാംസാഹാരങ്ങൾ മിതമായി കഴിക്കുന്നവരിൽ അകാലമരണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിലുണ്ട്. സന്തുലിതമായ ആഹാരശൈലിയിലാണ് ആയുസ്സ് വർധിക്കാൻ സഹായിക്കുകയെന്നും പഠനത്തിൽ പറയുന്നു.
7. അമിതവണ്ണം
സ്ഥിരമായി നോൺ വെജ് കഴിക്കുന്നത് അമിതവണ്ണത്തിനും അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കലോറി ധാരാളം അടങ്ങിയ റെഡ് മീറ്റ് സ്ഥിരമാക്കുന്നത് വണ്ണം കൂടുതൽ വെക്കാനിടയാക്കും.
8. ടൈപ് 2 ഡയബറ്റിസ്
മാംസാഹാരം സ്ഥിരമാക്കുന്നത് ടൈപ് 2 ഡയബറ്റിസ് സാധ്യതയും കൂട്ടുമെന്ന് പഠനത്തിലുണ്ട്. സംസ്കരിച്ച മാംസങ്ങളിലെ സാച്യുറേറ്റഡ് ഫാറ്റും മറ്റും രക്തത്തിലെ പഞ്ചസാരയുടെ നില തകിടംമറിക്കും.
9. ഹൃദ്രോഗം
മാംസാഹാരങ്ങൾ, പ്രത്യേകിച്ച് സംസ്കരിച്ചവ കൊളസ്ട്രോൾ നില കൂട്ടും, ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാനഘടകമാണ്.
Content Highlights: Daily Meat Consumption Linked to 25 Increased Health Risks: Oxford Study
Published: 06 Aug 2025, 08:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented