കണ്ണൂർ: തെരുവുനായകളും പേവിഷബാധയും ഒഴിയാബാധയായ കേരളത്തിന് പകർത്താൻ ഗോവയിൽനിന്നൊരു മാതൃകയുണ്ട്. പേവിഷവിമുക്തം എന്ന അഭിമാനകരമായ നേട്ടം കൈവരിച്ച രാജ്യത്തെ ഏകസംസ്ഥാനമാണ് ഗോവ. 2018 മുതൽ ഒരു പേവിഷബാധ കേസുപോലും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശാസ്ത്രീയമായും ആസൂത്രിതമായും നടപ്പാക്കിയ പദ്ധതികളാണ് ലക്ഷ്യംകണ്ടത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പ്രതിരോധയജ്ഞമാണവിടെ നടക്കുന്നത്.

To advertise here,

മിഷൻ റാബീസ്

വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് (ഡബ്ല്യുവിഎസ്) എന്ന പേരിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന 2014-ൽ പദ്ധതിക്ക് തുടക്കമിട്ടു. സംസ്ഥാന, തദ്ദേശ ഭരണകൂടങ്ങളും സംഘടനകളും ഇതിന് പിന്തുണനൽകി.

നായകൾക്ക് വാക്സിനേഷൻ

2014 മുതൽ പ്രതിവർഷം അറുപതിനായിരത്തോളം നായകൾക്കാണ് മുടക്കമില്ലാതെ വാക്സിൻ നൽകുന്നത്. തെരുവുനായകൾക്കും വളർത്തുനായകൾക്കും വാക്സിനുണ്ട്. ഒരു പ്രദേശത്തെ 70 ശതമാനം നായകൾക്ക് വാക്സിൻ നൽകാനായാൽ വൈറസിനെതിരേ സാമൂഹിക രോഗപ്രതിരോധശേഷി (ഹേർഡ് ഇമ്യൂണിറ്റി) കൈവരിക്കും. അതോടെ വൈറസിന്റെ വ്യാപനം തടയപ്പെടും.

എബിസി

തെരുവുനായകളുടെ പ്രജനനനിയന്ത്രണത്തിനായി വന്ധ്യംകരണം നടത്തുന്നു. തുടക്കത്തിൽ പെൺനായകളെ വന്ധ്യംകരിക്കുന്നതിൽ ശ്രദ്ധചെലുത്തിയതിനാൽ കൂടുതൽ ഫലപ്രദമായി. ഇടവേളകൾ ഇല്ലാതെ നടത്തി.

ബോധവത്കരണം, പാഠ്യവിഷയം

ആറുലക്ഷത്തിലധികം വിദ്യാർഥികൾക്കും, കാൽലക്ഷത്തോളം അധ്യാപകർക്കും പൊതുജനങ്ങൾക്കും റാബീസ് പ്രതിരോധ ബോധവത്കരണ ക്ലാസുകൾ നൽകി. പേവിഷബാധ പ്രതിരോധം യുപി, ഹൈസ്കൂൾ തലങ്ങളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി.

ഹോട്ട്‌ലൈൻ, ബ്ലൂചിപ്പ്

നായകടിയേറ്റാൽ നിരീക്ഷിക്കാൻ പ്രത്യേക ഹോട്ട്‌ലൈൻ സംവിധാനം. നായകളെ നിരീക്ഷിക്കാൻ മൈക്രോ ബ്ലൂചിപ്പ് സംവിധാനം. വൊളന്റിയർമാർക്ക് സഹായകമായി മൊബൈൽ ആപ്പ്.

പൊതുജനാരോഗ്യത്തിന് വെല്ലുവിളി

ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയെയെല്ലാം ഉൾപ്പെടുത്തി ഒരു ആരോഗ്യമിഷൻ തന്നെ ഈ വിഷയത്തിൽ സർക്കാരിന് രൂപവത്കരിക്കാം.

ഡോ. എം. മുഹമ്മദ് ആസിഫ്, വെറ്ററിനറി സർജൻ, മംഗൽപ്പാടി, കാസർകോട്