പത്തനംതിട്ട: പേവിഷപ്രതിരോധവാക്സിനുകളുടെ വിൽപ്പനയും ഉപയോഗവും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയില്ലാതെ. കാലാവധി കഴിഞ്ഞത് വിൽപ്പനയ്ക്കുണ്ടോ, ഗുണനിലവാരം കുറഞ്ഞോ തുടങ്ങിയവയൊന്നും പരിശോധിക്കപ്പെടുന്നില്ല. തെരുവുനായ ആക്രമണത്തിൽ നിരവധിപേർ മരിച്ചിട്ടും സംസ്ഥാന ഡ്രഗ്സ് കൺട്രോൺ വിഭാഗം വാക്സിൻ പരിശോധന നടത്തിയിട്ടില്ല.
മരുന്നുകമ്പനികളിലോ അംഗീകൃതലാബുകളിലോ പരിശോധിച്ച് പുറത്തിറങ്ങുന്ന ഇവയുടെ പരിശോധന പിന്നീട് നടക്കുന്നേയില്ല. പത്തനംതിട്ട ജില്ലയിൽ 2021 -ലാണ് അവസാനമായി പരിശോധിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകളുണ്ട്. അന്ന് തീയതി കഴിഞ്ഞ മരുന്നുകൾവിറ്റ രണ്ടുസംഭവങ്ങളും കണ്ടെത്തിയിരുന്നു.
ജീവൻരക്ഷാ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന ഭരണഘടനാപരവും നിയമപരവുമായ ബാധ്യത നിലനിൽക്കേയാണ് പരിശോധനയില്ലാതെ പേവിഷ പ്രതിരോധ വാക്സിനുകളുടെ വിൽപ്പന.പരാതിയുണ്ടേൽ മാത്രം സാമ്പിൾ എടുത്ത് പരിശോധിച്ചാൽ മതിയെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ നിലപാട്. ഉത്തർപ്രദേശിലെ നോയിഡ, ഹിമാചൽപ്രദേശിലെ കസൗലി എന്നിവിടങ്ങളിലെ സെൻട്രൽ ഗവ.ലാബുകളിലാണ് വാക്സിൻ പരിശോധന നടത്തേണ്ടത്. പേവിഷ ബാധയ്ക്കുള്ള വാക്സിനാണ് ആന്റി റാബീസ് വാകിസിനും റാബീസ് ഇമ്മ്യൂണോഗ്ലോബിലിനും. ഇവ ഓരോ കമ്പനികളും അവരുടെ പേരിൽ വിപണിയിലെത്തിക്കുന്നു. ജീവൻരക്ഷാമരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കിയശേഷമേ ആശുപത്രികളിലും ഇവ ഉപയോഗിക്കാവുവെന്ന് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് റൂൾസിൽ പറയുന്നു. ഓരോ വാക്സിൻ ബാച്ചും ലാബ് പരിശോധന പൂർത്തിയാക്കിയേ വിൽപ്പനയ്ക്കിറക്കാവു എന്നാണ് നിയമം.
ജീവൻരക്ഷാ മരുന്നുകൾക്ക് കമ്പനിമാത്രം നടത്തിയ ഗുണനിലവാര പരിശോധന നിയമപരമായി നിലനിൽക്കില്ലെന്ന വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് സംസ്ഥാനത്ത് വ്യാപകമായി ഇവയുടെ വിൽപ്പന നടക്കുന്നത്. ഗവ.ലബോറട്ടിയോ മെച്ചപ്പെട്ട സജ്ജീകരണങ്ങളുള്ള ഗവ.അംഗീകൃ ലബോറട്ടറിയിലേയോ പരിശോധന പുറത്തിറക്കുന്ന വാക്സിനുകൾക്ക് ആവശ്യമാണ്. ഇല്ലെങ്കിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് റൂൾസിന്റെ ലംഘനവും സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ലഭിക്കാനുള്ള ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവന്റെ അവകാശ ലംഘനവുമാണ്.
Content Highlights: Serious lapses have emerged in Kerala regarding the quality monitoring of anti-rabies vaccines.
Published: 04 Feb 2026, 11:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented