പ്രോട്ടീനിന്റെ മികച്ചൊരു കലവറയാണ് മുട്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആരോഗ്യദായകമായ ഭക്ഷണം കൂടിയാണിത്. എന്നാൽ, പോഷകസമ്പുഷ്ടമാണെങ്കിലും എല്ലാവരെ സംബന്ധിച്ചും അനുയോജ്യമല്ല മുട്ടയുടെ മഞ്ഞക്കരു. ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സന്ധിവാതം, അല്ലെങ്കിൽ ചില അലർജികൾ എന്നിവയുള്ള വ്യക്തികൾ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ ഭക്ഷണം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ
മിക്ക ആളുകൾക്കും മിതമായ അളവിൽ മുട്ട കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ, ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ, മുമ്പ് ഹൃദ്രോഗം ഉണ്ടായിട്ടുള്ളവർ എന്നിവർ ശ്രദ്ധിക്കേണ്ടതുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 185 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അമിതമായ കൊളസ്ട്രോൾ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിന്റെ അളവ് നിരീക്ഷിക്കേണ്ടതാണ്.
പ്രമേഹമുള്ള വ്യക്തികൾ
ടൈപ്പ് 2 പ്രമേഹമുള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിലെ ഉയർന്ന കൊളസ്ട്രോൾ പ്രമേഹരോഗികളിൽ ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ വർധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, പ്രമേഹമുള്ളവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകണം. അതേസമയം, കൊളസ്ട്രോൾ ഇല്ലാതെ പ്രോട്ടീൻ നൽകുന്ന മുട്ടയുടെ വെള്ള രക്തത്തിലെ പഞ്ചസാരയുടെ അളവും ഹൃദയാരോഗ്യവും നിയന്ത്രിക്കുന്നവർക്ക് സുരക്ഷിതമാണ്.
സന്ധിവാതം ഉള്ളവർ
മുട്ടയുടെ മഞ്ഞക്കരുവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിഘടിപ്പിച്ച് യൂറിക് ആസിഡായി മാറുന്ന സംയുക്തമാണ്. അമിതമായ യൂറിക് ആസിഡ് സന്ധികളിൽ വേദനയും വീക്കവും ഉണ്ടാക്കിയേക്കാം. ഈ പ്രശ്നം നിയന്ത്രിക്കുന്നതിനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും റെഡ് മീറ്റ്, സീഫുഡ് തുടങ്ങിയ മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള പ്യൂരിന്റെ അളവ് നിരീക്ഷിക്കേണ്ടതും പ്രധാനമാണ്.
മുട്ടയോട് അലർജിയുള്ളവർ
മുട്ട അലർജിയുള്ളവരെ സംബന്ധിച്ച് മുട്ടയുടെ വെള്ളയാണ് പ്രധാന കാരണമാകാറുള്ളത്. എന്നാൽ, ചിലരിൽ മുട്ടയുടെ മഞ്ഞക്കരുവിനോടും അലർജിയുണ്ടാകാം. ദഹനപ്രശ്നം, ചർമത്തിലെ തിണർപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഇതിന്റെ ഫലമായുണ്ടായേക്കാം.
ചില മരുന്നുകൾ കഴിക്കുന്നവർ
കൊളസ്ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിനുകൾ അല്ലെങ്കിൽ blood thinners എന്നിവ ഉപയോഗിക്കുന്നവർക്ക് കൃത്യമായ ഭക്ഷണക്രമം ആവശ്യമാണ്. ഇവർ മുട്ടയുടെ മഞ്ഞക്കരു പൂർണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും മിതത്വം പാലിക്കേണ്ടതുണ്ട്. ഒരു ഡോക്ടറെ കണ്ട് മുട്ടയുടെ ഉപയോഗം മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്താം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover who should limit or avoid egg yolks due to conditions like high cholesterol, diabetes, gout, or allergies. Learn about safe alternatives. Get informed!
Published: 22 Nov 2025, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented