പോഷകങ്ങളുടെ പവര്‍ ഹൗസ് എന്ന് ഭക്ഷ്യശാസ്ത്രം വിശേഷിപ്പിച്ച ഭക്ഷ്യോത്പന്നമാണ് മുട്ട. മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി ഒക്‌ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോക മുട്ടദിനം ആചരിക്കുകയാണ്. 'മുട്ട- പ്രകൃതിദത്ത പോഷകങ്ങളുടെ കലവറ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രധാന പ്രമേയമായി ഇന്റര്‍നാഷണല്‍ എഗ്ഗ് കമ്മീഷന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
മുട്ട-പോഷകരഹസ്യങ്ങള്‍
ആരോഗ്യദായകമായതും സമീകൃതമായതുമായ ആഹാരത്തില്‍ ഉള്‍പ്പെടേണ്ട പോഷകങ്ങള്‍ ബഹുഭൂരിപക്ഷവും അടങ്ങിയ ഉത്തമാഹാരമാണ് മുട്ട. കോഴിമുട്ടയില്‍ ജലാംശം, മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങള്‍ എന്നിവയുടെ അളവ് യഥാക്രമം 76.1%, 12.6%, 9.5%, 0.7%, 1.1% എന്നിങ്ങനെയാണ്.
മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും മാംസ്യത്തിന്റെ സമ്യദ്ധമായ കലവറയാണ്. ശരാശരി 50 മുതല്‍ 55 ഗ്രാം വരെ തൂക്കമുള്ള ഒരു കോഴിമുട്ടയില്‍ 6.3 ഗ്രാമോളം മാംസ്യം മാത്രമാണ്. മനുഷ്യശരീരത്തിന് ആവശ്യമായ അമിനോഅമ്ലങ്ങള്‍ എല്ലാം അടങ്ങിയിട്ടുള്ള ഐഡിയല്‍ പ്രോട്ടീന്‍ സ്രോതസ്സായാണ് മുട്ട പരിഗണിക്കപ്പെടുന്നത്.
ആഹാരത്തില്‍ അടങ്ങിയ മാംസ്യമാത്രകള്‍ എത്രത്തോളം കാര്യക്ഷമമായി ശരീരകലകളായി പരിവര്‍ത്തനം ചെയ്യപ്പെടും എന്നതിന്റെ സൂചകമാണ് ജൈവികമൂല്യം അല്ലെങ്കില്‍ ബയോളജിക്കല്‍ വാല്യൂ. മാംസ്യമാത്രകളുടെ ഗുണനിലവാരത്തിന്റെ സൂചകമായ ജൈവിക മൂല്യം/ബയോളജിക്കല്‍ വാല്യുവിന്റെ കാര്യത്തില്‍മുട്ടയില്‍ അടങ്ങിയ മാംസ്യത്തെ വെല്ലാന്‍ മറ്റൊരു മാംസ്യ മാത്രയില്ല എന്ന് തന്നെ പറയാം. മുലപ്പാലില്‍ അടങ്ങിയ മാംസ്യത്തിന്റെ ജൈവികമൂല്യത്തോട് അടുത്ത് നില്‍ക്കുന്നതാണ് മുട്ടയിലെ മാംസ്യത്തിന്റെ ജൈവികമൂല്യം എന്നതും അറിയുക.
550-ഓളം വ്യത്യസ്തങ്ങളായ പ്രോട്ടീനുകള്‍ മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്നും വെള്ളയില്‍ നിന്നും ഇതുവരെയും വേര്‍ത്തിരിച്ചെടുത്തിട്ടുണ്ടെന്ന് ലോകപ്രശസ്ത ഗവേഷണ ജേര്‍ണലായ ന്യൂട്രിയന്റ്‌സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. എന്നാല്‍ ഇതില്‍ ഇരുപതോളം മാംസ്യമാത്രകളുടെ പ്രവര്‍ത്തനത്തെ പറ്റി മാത്രമേ ശാസ്ത്രത്തിന് ഇതുവരെ പൂര്‍ണമായും തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതാണ് വസ്തുത. നമുക്ക് ഇന്നുമറിയാത്ത എത്രയോ പോഷകരഹസ്യങ്ങള്‍ ഇനിയും മുട്ടയ്ക്കുള്ളില്‍ മറഞ്ഞിരിപ്പുണ്ടെന്ന് ചുരുക്കം.
ദിവസേന ഒരു മുട്ട കഴിക്കൂ ഡോക്ടറെ അകറ്റി നിര്‍ത്തൂ
മാംസ്യ സമൃദ്ധി മാത്രമല്ല, ധാതു ജീവക സമൃദ്ധിയിലും മുട്ടയുടെ മികവ് ഒട്ടും പിന്നിലല്ല. ഫോസ്ഫറസ് കാത്സ്യം പൊട്ടാസ്യം സോഡിയം എന്നിവയെല്ലാം നൂറ് ഗ്രാമില്‍ 142 മില്ലിഗ്രാം വരെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, സെലീനീയം, സിങ്ക്, അയഡിന്‍ തുടങ്ങി മുട്ടയില്‍ അടങ്ങിയ മറ്റ് ധാതുമൂലകമാത്രകളും ഏറെ. അയണിന്റെയും സിങ്കിന്റെയും സമൃദ്ധിയുള്ളതിനാല്‍ മുട്ടയുടെ മഞ്ഞക്കരു വിളര്‍ച്ച തടയാനുള്ള പ്രതിരോധ ഔഷധമാണ് പരിഗണിക്കുന്നത്.
ജീവകം സി. ഒഴിച്ച് സകല ജീവകങ്ങളുംമുട്ടയുടെ മഞ്ഞക്കരുവില്‍ മറഞ്ഞിരിപ്പുണ്ട്. മുട്ടയുടെ വെള്ളയില്‍ ആവട്ടെ ബി. വിഭാഗത്തില്‍ പെട്ടജീവകങ്ങള്‍ ധാരാളമായും അടങ്ങിയിരിക്കുന്നു. ഏറെ ആരോഗ്യഗുണങ്ങള്‍ കണക്കാക്കുന്ന കോളിന്‍ എന്ന ഘടകത്തിന്റെ നിറഞ്ഞ കലവറ കൂടിയാണ്മുട്ട. മുട്ടയുടെ മഞ്ഞക്കരുവില്‍ നൂറ് ഗ്രാമില്‍ 680 മില്ലിഗ്രാം വരെയും വെള്ളയില്‍ ഒരു മില്ലിഗ്രാം വരെയും കോളിന്‍ അടങ്ങിയിട്ടുണ്ട്.
നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം, മസ്തിഷ്‌കത്തിന്റെ വികാസം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് എല്ലാം ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമായാണ് കോളിനെ ആരോഗ്യശാസ്ത്രം പരിഗണിക്കുന്നത്. മാത്രമല്ല കുട്ടികളില്‍ മസ്തിഷ്‌കത്തിന്റെ വികാസത്തിലും നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയിലും കോളിന് വലിയ പങ്കുണ്ട്.
കോളിന്‍, ആസെറ്റൈല്‍കോളിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ നിര്‍മാണത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും, അല്‍ഷിമേഴ്സ് രോഗത്തെ ചെറുക്കാനുമൊക്കെ കോളിന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമെന്ന് ആരോഗ്യശാസ്ത്രം വിലയിരുത്തുന്ന ലൂട്ടിന്‍ മാത്രകളും കോളിന്‍ ഘടകത്തിനൊപ്പം മുട്ടയിലുണ്ട്. ചുരുക്കത്തില്‍ കോളിന്‍ പോഷകത്തിന്റെ സാന്നിധ്യം കോഴിമുട്ടയെ ഒരു ബ്രെയിന്‍ ഹെല്‍ത്തി ഫുഡ് ആയി മാറ്റിത്തീര്‍ക്കുന്നു.
രക്തസമ്മര്‍ദം കുറയ്ക്കുക, പ്രതിരോധ ഗുണം പ്രദാനം ചെയ്യുക, അര്‍ബുദ കോശങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധം, രോഗാണുക്കള്‍ക്ക് എതിരെയുള്ള പ്രതിരോധം, നിരോക്‌സീകരണ ഗുണം തുടങ്ങിയ സ്വഭാവങ്ങളും മുട്ടയില്‍ അടങ്ങിയ മാംസ്യ മാത്രകളില്‍ ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. മുട്ടയേക്കാള്‍ ചുരുങ്ങിയ ചിലവില്‍ ലഭ്യമാവുന്ന ഇത്രയും പോഷക സമൃദ്ധമായ മറ്റൊരു ആഹാര സ്രോതസ്സ് ഇല്ലെന്ന് തന്നെ പറയാം. 'ദിവസേന ഒരു ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റി നിര്‍ത്തൂ'- എന്ന പഴമൊഴി 'ദിവസേന ഒരു മുട്ട കഴിക്കൂ ഡോക്ടറെ അകറ്റി നിര്‍ത്തൂ'-എന്നാക്കി മാറ്റണമെന്നാണ് ഇന്റര്‍നാഷണല്‍ എഗ്ഗ് കമ്മീഷന്റെ കൗതുകകരമായ നിരീക്ഷണം.
മുതിര്‍ന്ന ഒരു വ്യക്തി ആരോഗ്യകരമായ ജീവിതത്തിനായി പ്രതിവര്‍ഷം ഏറ്റവും ചുരുങ്ങിയത് 180 മുട്ടകള്‍ എങ്കിലും കഴിച്ചിരിക്കണം എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നിര്‍ദ്ദേശിച്ചതിന്റെ കാരണവും മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ തന്നെ. കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 90 മുട്ടകള്‍ എങ്കിലും ഉറപ്പാക്കണമെന്നും ഐസിഎംആര്‍ നിര്‍ദേശിക്കുന്നു.
കോഴിമുട്ട കഴിച്ചാല്‍ കൊഴുപ്പ് കൂടുമോ?
മുട്ട കഴിക്കുന്നത് രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്ന പേടി ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്ന വാദത്തെ പുതിയ ആരോഗ്യഗവേഷണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ശരീരത്തിന് ഗുണകരമായ മോണോ അണ്‍സാച്ചുറേറ്റഡ്, പോളി അണ്‍സാച്ചുറേറ്റഡ് ഇനത്തില്‍പ്പെട്ട അപൂരിതകൊഴുപ്പുകളാണ് കോഴിമുട്ടയിലടങ്ങിയ കൊഴുപ്പു മാത്രകളില്‍ മഹാഭൂരിഭാഗവും. അപൂരിത കൊഴുപ്പ് മാത്രകളുടെ ഉയര്‍ന്ന അളവ് മുട്ടയെ ആര്‍ക്കും കൊഴുപ്പിനെ പേടിക്കാതെ കഴിക്കാവുന്ന സുരക്ഷിതമായ ഭക്ഷണമാക്കി മാറ്റുന്നു. ലിനോലിക് അമ്ലം ഉള്‍പ്പെടെയുള്ള അവശ്യ ഫാറ്റി അമ്ലങ്ങളുടെ സാന്നിധ്യവും മുട്ടയില്‍ ഏറെ.
മുട്ട ഉത്പ്പാദനത്തില്‍ ഇന്ത്യന്‍ മുന്നേറ്റം
മുട്ടയുത്പാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം ലോകരാജ്യങ്ങള്‍ക്കിടയില്‍ രണ്ടാമതാണ്. 1950-51 കാലഘട്ടത്തില്‍ 1.83 ബില്യണ്‍ മാത്രമായിരുന്നു രാജ്യത്തിന്റെ വാര്‍ഷിക മുട്ടയുത്പാദനം എങ്കില്‍ 2024-25 കാലഘട്ടത്തില്‍ എത്തുമ്പോള്‍ അത് 143 ബില്യണ്‍ എന്ന വലിയ സംഖ്യയിലേക്ക് കുതിച്ചുകയറി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുട്ട ഉത്പ്പാദനം 8%-10% എന്ന തോതില്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ സൂചന നല്‍കുന്നു. ആന്ധ്രാപ്രദേശും തമിഴ്‌നാടും തെലുങ്കാനയുമാണ് രാജ്യത്തെ മുട്ടയുത്പാദനത്തില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത്.
Content Highlights: Discover why eggs are a nutritional powerhouse. Learn about their rich protein, vitamins, and minerals.
Published: 10 Oct 2025, 08:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented