ജോലി സ്ഥലത്തെ സമ്മര്‍ദങ്ങളും മേലുദ്യോ​ഗസ്ഥരുടെ പെരുമാറ്റങ്ങളും പലരുടേയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ ദൈനംദിന ജീവിതത്തെ തന്നെ താറുമാറാക്കും. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ ഒരു യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ചൈനയില്‍ ജോലിസ്ഥലത്തുനിന്ന് ശകാരമേറ്റതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന യുവതിയുടെ വാർത്ത സൗത്ത് ചൈന മോണിങ് പോസ്റ്റാണ് പുറത്തുവിട്ടത്.

To advertise here,

ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലി എന്ന യുവതിക്കാണ് ജോലി സ്ഥലത്തെ ടീം ലീഡറുടെ ശകാരം മാനസികമായ പ്രയാസമുണ്ടാക്കിയത്. ഒരു മാസം മുമ്പാണ് സംഭവം. വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് യുവതി വിഷമത്തോടെയാണ് ജോലിസ്ഥലത്തുനിന്ന് മടങ്ങിയത്. പിന്നാലെ കടുത്ത മാനസിക പ്രയാസം നേരിട്ട യുവതി ഭക്ഷണം കഴിക്കാതിരിക്കുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരുമായി സംസാരിക്കുന്നതില്‍ നിന്നും വിട്ടുനിന്നു. 

പിന്നാലെ ശാരീരികമായും തളര്‍ച്ച നേരിടാന്‍ തുടങ്ങി. ദൈനംദിന പ്രവൃത്തികളും ചെയ്യാന്‍ സാധിക്കാതെയായി. ടോയ്‌ലറ്റില്‍ പോകാന്‍ പോലും കൂടെയുള്ളവരുടെ സഹായം ആവശ്യമായി വന്നെന്നുമാണ് റിപ്പോര്‍ട്ട്. 

വിഷാദത്തിന്റെ സൂചനകളാണ് യുവതി പ്രകടിപ്പിച്ചതെന്നാണ് ലി യെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. അന്തര്‍മുഖയായ വ്യക്തിത്വമാണ് യുവതിയുടേത്. അതിനാല്‍ കാര്യങ്ങള്‍ ചുറ്റുമുള്ളവരോട് തുറന്നുപറയാനും ബുദ്ധിമുട്ടുണ്ടായി. ഇത് സാഹചര്യം കൂടുതല്‍ രൂക്ഷമാക്കിയെന്നും ഡോക്ടര്‍മാർ പറഞ്ഞു. 

നിലവിൽ യുവതി സുഖം പ്രാപിച്ചുവരുകയാണ്. സംഭവം ചൈനീസ് സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.