തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സയിൽ കീ ഹോൾ ശാസ്ത്രക്രിയാ രീതികൾക്ക് ഇന്നുള്ള അതിവിപുലമായ സാധ്യതകൾ ചർച്ച ചെയ്ത് കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) വാർഷിക  സമ്മേളനം. 

To advertise here,

ഹയാത്ത് റീജൻസിയിൽ നടന്ന സമ്മേളനം സീനിയർ കാർഡിയോളജിസ്റ്റും ഐ.സി.സി.കെ പ്രസിഡന്റുമായ ഡോ.പ്രതാപ്കുമാർ എൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സങ്കീർണമായ ഹൃദ്രോഗ ചികിത്സയിൽ ഇന്ന് നിലവിലുള്ള അതിനൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളം മുന്നിലാണെന്ന് ഡോ.പ്രതാപ്കുമാർ എൻ പറഞ്ഞു.

'കീറിമുറിക്കലുകൾ ഇല്ലാതെ  ഹൃദയത്തിലെ  ബ്ലോക്കുകൾ നീക്കം ചെയ്യുക, കാൽസിഫൈഡ് ബ്ലോക്കുകൾ പൊടിച്ചു കളയുക, ഹാർട്ട് വാൽവുകൾ നന്നാക്കുകയോ മാറ്റി വെക്കുകയോ ചെയ്യുക, ഹൃദയത്തിലെ ചോർച്ചകൾ അടയ്ക്കുക, ജന്മനായുള്ള  ഹൃദയ വൈകല്യങ്ങൾ പരിഹരിക്കുക, പേസ്മേക്കർ ഘടിപ്പിക്കുക തുടങ്ങിയവ നൂതന കത്തീറ്റർ സാങ്കേതികവിദ്യകൾ (കീഹോൾ  രീതികൾ) വഴി  ഇന്ന് സാധ്യമാണ്." ഡോ. പ്രതാപ്കുമാർ. എൻ പറഞ്ഞു.

കീഹോൾ  രീതി ഏറെ വികസിച്ചു. മുമ്പ്  കാലിലെ   ഫെമറൽ  ആർട്ടറി വഴി ഹൃദയത്തിലെത്തിച്ചിരുന്ന കീഹോൾ രീതി  ഇന്ന്  മിക്കവാറും  കൈത്തണ്ടയിലെ റേഡിയൽ ആർട്ടറി വഴിയാണ് നടത്തുന്നത്. അപകടസാധ്യത  കുറവും ഈ രീതിക്കാണ്- അദ്ദേഹം പറഞ്ഞു.

ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS), ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രഫി (OCT) എന്നിവ  വഴി ഹൃദയത്തെയും രക്തക്കുഴലുകളെയും ഉള്ളിൽ നിന്ന് ചിത്രീകരിക്കാൻ സാധിക്കും. ബ്ലോക്കുകൾ കൃത്യമായി കണ്ട് നീക്കം ചെയ്യാൻ ഇത് സഹായിക്കുമെന്നും ഡോ. പ്രതാപ്കുമാർ പറഞ്ഞു

റോട്ടാബ്ലേറ്റർ, ഐ.വി.എൽ, ലേസർ തുടങ്ങിയ നൂതന അനുബന്ധ ഉപകരണങ്ങളും ഇന്ന് ചികിത്സക്ക്  പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ.അഭിലാഷ് എസ്.പി പറഞ്ഞു. കാഠിന്യമേറിയ കാൽസിഫൈഡ് ബ്ലോക്കുകളും നീക്കം ചെയ്യുന്ന  റോട്ടബ്ലേറ്റർ, ആഴത്തിലുള്ള കാൽസിഫൈഡ് ബ്ലോക്കുകൾ ഫലപ്രദമായി നീക്കം ചെയ്യുന്ന ഷോക്ക് വേവ് ഇൻട്രാവാസ്കുലർ ലിത്തോട്രിപ്സി (IVL), ഹൃദയത്തിലെ ഒന്നിലധികം തടസ്സങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന ലേസർ ആൻജിയോപ്ലാസ്റ്റി എന്നിവ  ഇന്ന് പ്രയോഗത്തിലുണ്ടെന്ന് ഡോ. അഭിലാഷ് എസ്.പി പറഞ്ഞു.

സംസ്ഥാനത്തെ  ഹൃദ്രോഗ വ്യാപനം ചികിത്സാ സംവിധാനം എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഡോ. സി ഡി രാമകൃഷ്ണ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റും സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ.ആശിഷ് കുമാർ എം, സെക്രട്ടറി ഡോ. സി ഡി രാമകൃഷ്ണ, ഓർഗനൈസിങ് ചെയർമാൻ ഡോ.എ.ജോർജ് കോശി, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.അഭിലാഷ് എസ്.പി, ഡോ.രാജേഷ് മുരളീധരൻ എന്നിവർ  സമ്മേളനത്തിൽ സംസാരിച്ചു.

ഹൃദ്രോഗ ചികിത്സയിലെ വിവിധ കത്തീറ്റർ   നടപടിക്രമങ്ങൾ  വിദഗ്ധർ  ശാസ്ത്ര സെഷനുകളിൽ  വിശദീകരിച്ചു. സങ്കീർണ്ണമായ  സ്റ്റെന്റിംഗ് ടെക്നിക്കുകളെക്കുറിച്ചും, കൊറോണറി ധമനികൾ പൂർണ്ണമായും അടയുന്ന ടോട്ടൽ ഒക്ലൂഷനുകളെക്കുറിച്ചും പ്രത്യേക സെഷനുകൾ നടന്നു.  

ഹൃദയധമനികളിലെ ബ്ലോക്കുകളുടെ കാഠിന്യം  വിലയിരുത്തുന്ന എഫ് എഫ് ആർ (ഫ്രാക്ഷണൽ ഫ്ലോ റിസർവ്)  കൂടാതെ, രക്തക്കുഴലുകളുടെ ഉൾവശം ചിത്രീകരിക്കുന്ന ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രാഫി (OCT), ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS) എന്നിവയെക്കുറിച്ചുള്ള സെഷനുകളും സമ്മേളനത്തിൽ ഉൾപ്പെടുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറ്റി അൻപതോളം ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ സമ്മേളനത്തിൽ പങ്കെടുത്തു.