മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് ലോകത്താദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്നുള്ള രോഗബാധിതൻ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. വൈറസ് ബാധയുള്ള മൃഗങ്ങൾ ഉള്ള പ്രദേശത്തായിരുന്നു രോഗി കഴിഞ്ഞിരുന്നതെന്നും രോഗപ്രതിരോധശേഷി കുറഞ്ഞനിലയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

To advertise here,

ലിയോണിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവാണ് മരിച്ചത്. ഫ്രാൻസിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങൾക്കിടയിൽ വൈറസ് പടർന്നിരുന്നു. അവിടെയുള്ള രോഗബാധയേറ്റ ഈച്ച കടിച്ചാണ് അണുബാധയുണ്ടായതെന്ന് ഫ്രഞ്ച് അധികൃതർ സംശയിക്കുന്നു. നിലവിലെ അണുബാധ ഒറ്റപ്പെട്ടതാണെന്നും കൂടുതൽ വ്യാപിക്കാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

രോഗിക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും പൊതുജനാരോഗ്യത്തിമേലുള്ള പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും അന്വേഷണം നടന്നു വരികയാണ്.

എന്താണ് ഷാമോണ്ട വൈറസ്?

കന്നുകാലികൾ, ആടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെയാണ് ഷാമോണ്ട വൈറസ് പ്രധാനമായും ബാധിക്കുന്നത്. കുലിക്കോയിഡ്‌സ് എന്ന ഒരിനം ഈച്ചകളുടെ കടിയിലൂടെയാണ് ഇത് പടരുന്നത് എന്നാണ് കരുതുന്നത്. ഇതുവരെ മൃഗങ്ങളിൽ മാത്രമാണ് ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.

രോഗബാധിതരായ മൃഗങ്ങളിൽ വയറിളക്കം, വിശപ്പില്ലായ്മ, പാലുത്പാദനത്തിൽ കുറവ് എന്നിവയ്ക്കു കാരണമാകും. സ്വിറ്റ്‌സർലൻഡിലും ജർമനിയിലും, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മൂലം ചത്ത കുതിരകളുടെ മസ്തിഷ്കത്തിലും ഷാമോണ്ട വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് മനുഷ്യരിൽ എന്തെല്ലാം ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നതു സംബന്ധിച്ച് വ്യക്തതയില്ല.