തിരുവനന്തപുരം: മൂന്ന് ദിവസത്തെ ദേശീയ കാർഡിയോളജി സമ്മേളനത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി) കാർഡിയോളജി വിഭാഗത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

To advertise here,

സുവർണ ജൂബിലിയുടെ ഉദ്ഘാടനം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി നിർവഹിച്ചു. ക്ലിനിക്കൽ മികവ്, ഗവേഷണം, നവീകരണം, രോഗികേന്ദ്രിത പരിചരണം എന്നിവയിലൂടെ കൈവരിച്ച നേട്ടങ്ങളാണ് കാർഡിയോളജി വിഭാഗത്തിന്റെ അമ്പത് വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്നതെന്ന് ഡോ. സഞ്ജയ് ബെഹാരി പറഞ്ഞു.

വ്യക്ത്യാധിഷ്ഠിത പരിചരണം, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, ചികിത്സാ നവീകരണം, ഉയർന്ന നിലവാരത്തിലുള്ള പരിശീലനം എന്നിവ ഒരുമിച്ചു കൊണ്ടുപോകാൻ ശ്രീചിത്രയിലെ കാർഡിയോളജി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. രാജ്യത്തുടനീളവും വിദേശത്തുമായി സേവനമനുഷ്ഠിക്കുന്ന നിരവധി കാർഡിയോളജിസ്റ്റുകളെ ഇവിടെ നിന്ന് വളർത്തിയെടുക്കാനും കഴിഞ്ഞു, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലായി രാജ്യത്ത് കാർഡിയോളജിയുടെ വളർച്ചയിൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ സംഭാവനകൾ കാർഡിയോളജി വിഭാഗം സീനിയർ പ്രൊഫസറും ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ. എസ്. ഹരികൃഷ്ണൻ വിശദീകരിച്ചു. മുൻ തലമുറകളുടെ സംഭാവനകളെ ആദരിക്കുകയും പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണൻ, മുൻ ഡയറക്ടർമാരായ ഡോ. അജിത് കുമാർ വി.കെ., ഡോ. ജഗൻ മോഹൻ തരകൻ, കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ. കെ.ജി. ബാലകൃഷ്ണൻ, കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. കെ.കെ. നാരായണൻ നമ്പൂതിരി, കാർഡിയോളജി വിഭാഗത്തിലെ സീനിയർ പ്രൊഫസറും മുൻ മേധാവിയുമായ ഡോ. കെ.എം. കൃഷ്ണമൂർത്തി, കാർഡിയോളജി വിഭാഗം മേധാവിയും സീനിയർ പ്രൊഫസറുമായ ഡോ. എസ്. ഹരികൃഷ്ണൻ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവി സുനിൽ കുമാർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

“ബാക്ക് ടു ബേസിക്സ് – 2026” എന്ന പേരിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഹൃദയാഘാതം, വാൽവ് രോഗങ്ങൾ, നവജാതശിശുക്കൾ മുതൽ മുതിർന്നവരെ വരെ ബാധിക്കുന്ന ജന്മനാ ഹൃദ്രോഗങ്ങൾ തുടങ്ങിയവയുടെ രോഗനിർണയത്തിന്റെയും നൂതന ചികിത്സാരീതികളുടെയും പരിശീലനം സിമുലേറ്ററുകൾ മുഖേന സമ്മേളനത്തിൽ നടക്കുന്നുണ്ട്.

ഹൃദയതാളത്തിലെ വ്യതിയാനങ്ങൾക്കും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലെ തകരാറുകൾക്കും പരിഹാരമായി ഹൃദയത്തിൽ ഘടിപ്പിക്കുന്ന കൃത്രിമ പേസ്മേക്കറുകളും മറ്റ് ഉപകരണങ്ങളുമായി ബന്ധപ്പെട്ട സിമുലേറ്റർ ശില്പശാലകൾ കോഴ്‌സിന്റെ പ്രധാന ആകർഷണങ്ങളാണെന്ന് ഡോ. എസ്. ഹരികൃഷ്ണൻ പറഞ്ഞു. സിമുലേറ്ററുകൾ ഉപയോഗിച്ചുള്ള പരിശീലനം ഏറെ ഗുണകരമാണെന്നും ചികിത്സാ പ്രക്രിയകൾക്കിടയിൽ രോഗികളിൽ ഉണ്ടാകാവുന്ന അപകടസാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് ട്രെയിനികൾക്ക് സിമുലേറ്ററുകൾ വഴി പഠിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവ കാർഡിയോളജിസ്റ്റുകളും പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർഥികളുമടക്കം 250-ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ള വിദഗ്ധ കാർഡിയോളജിസ്റ്റുകളാണ് ശാസ്ത്ര സെഷനുകൾ നയിക്കുന്നത്.

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ വിദ്യാർഥികളുടെ മികച്ച സംഭാവനകൾക്കും യുവ ഗവേഷകരുടെ ഗവേഷണ നേട്ടങ്ങൾക്കും അംഗീകാരമായി അലുമ്നി അവാർഡുകളും തീസിസ് അവാർഡുകളും സമ്മാനിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലെ കാർഡിയോളജി വിഭാഗത്തിന്റെ പ്രധാന നേട്ടങ്ങൾ അവതരിപ്പിക്കുന്ന “ഡൗൺ ദ മെമ്മറി ലെയിൻ” എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.