അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാനുള്ള ആഗ്രഹം ജന്മസിദ്ധമാണ്. ഈ ആഗ്രഹം പ്രസവത്തിനു ശേഷം തുടങ്ങുന്നതല്ല. മറിച്ച്, ഗർഭിണിയായിരിക്കുന്ന കാലത്ത് പോലും, അതിനേക്കാൾ മുമ്പേ പോലും അതിന്റെ തുടക്കം സംഭവിച്ചേക്കാം. എങ്കിലും, പ്രതീക്ഷിക്കുന്ന സുന്ദരമായ ആ അനുഭവം എല്ലാവരും എപ്പോഴും സാക്ഷാത്കരിക്കണമെന്നില്ല.
ആദ്യത്തെ ദിവസങ്ങളിൽ മുലപ്പാലിന്റെ അളവ് കുറവായിരിക്കും. മാത്രമല്ല, കുഞ്ഞിനെ നേരിട്ട് മുലയൂട്ടാൻ യാതൊരു മുൻപരിചയവുമില്ലാതെയാണ് ഓരോ സ്ത്രീയും ഈ ശ്രമം ആരംഭിക്കുന്നത്. പ്രസവത്തിന്റെ ക്ഷീണവും, മുറിവുകളുടെ വേദനയും. ഇതിനെല്ലാം പുറമെ, ഒരു പുതിയ ജീവൻ തന്റെമേൽ മാത്രം വിശ്വാസം വെച്ച് ഈ കൈകളിൽ ഇല്ലായ്മയിൽ നിന്ന് സാക്ഷാത്കരിച്ചിരിക്കുന്നുവെന്ന യാഥാർഥ്യം. ഇവയെല്ലാം ഒരുമിച്ചുകൂടുമ്പോൾ, എല്ലാ യുവതികൾക്കും ഈ പുതിയ അവസ്ഥ സമചിത്തതയോടെ കൈകാര്യം ചെയ്യുമെന്നതിനുള്ള ഉറപ്പ് നമുക്കില്ല.
ഈ അവസരത്തിൽ സ്വന്തം പങ്കാളി കഴിഞ്ഞേ ഉള്ളൂ അമ്മയും മറ്റ് കുടുംബാഗങ്ങളും. ഒരു പോലെ ജോലി എടുക്കുന്ന ഒരേ സമ്മർദ്ദം തരണം ചെയ്യുന്ന തുല്യരായ ഭാര്യാഭർത്താക്കന്മാരുടെ ഇന്നത്തെ കാലത്ത്, മുലയൂട്ടുന്നതിന്റെ ഉത്തരവാദിത്വവും തുല്യമായി പങ്കിടേണ്ടതല്ലേ?
തന്റെ ഭാര്യ മുലയൂട്ടാൻ പരിശ്രമിക്കുമ്പോൾ ഒപ്പം നിന്ന് അവളുടെ താങ്ങായി പ്രവർത്തിക്കേണ്ടത് ഓരോ ഭർത്താവിന്റെയും ചുമതലയാണ്.
നമുക്ക് എല്ലാവർക്കും മുലപ്പാലിന്റെ ഗുണങ്ങൾ അറിയാം. എന്നാൽ, അധികം ആരും ഊന്നി പറയാത്ത മുലയൂട്ടലിൻ്റെ വൈകാരികമായ ഭാഗത്തെ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം. ചില അവസരങ്ങളിൽ ഒരു സ്ത്രീ തന്റെ മാനസിക പിരിമുറുക്കം ഒന്നു കൊണ്ടു മാത്രം മുലയൂട്ടാൻ പറ്റാതെ വരാറുണ്ട്.
സ്തനങ്ങളിൽ പാൽ ഉണ്ടായാലും, ഈ പാൽ ചുരത്തണമെങ്കിൽ അമ്മയുടെ തലച്ചോറിൽ നിന്നും “let down reflex” എന്ന് പറയുന്ന പ്രക്രിയ ഉണ്ടാകണം. ഇത് തന്നെയാണ് ഗർഭിണികളെയും മുലയൂട്ടുന്നവരെയും സന്തോഷിപ്പിച്ച് ഇരുത്തണമെന്ന് പഴമക്കാർ പറയുന്നതിന്റെ കാരണവും.
സുഗമമായി മുലയൂട്ടുമ്പോൾ അമ്മയ്ക്ക് മനസ്സമാധാനം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ തനിക്ക് മുലയൂട്ടാൻ കഴിയുന്നില്ല, തന്റെ കുഞ്ഞിന് എന്തുകൊണ്ട് ഭക്ഷണം നൽകാൻ കഴിയുന്നില്ല എന്ന ചിന്തകൾ അലട്ടുന്ന ഒരു അമ്മയുടെ അവസ്ഥയും നമ്മൾ മറക്കരുത്. പ്രസവശേഷം ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഈ അവസ്ഥയെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു.
മുലയൂട്ടലിന്റെ ശാസ്ത്രീയ വസ്തുതങ്ങൾ
കുഞ്ഞിന്:
1.എല്ലാ പോഷകഘടകങ്ങളും സമന്വയിപ്പിച്ച സമ്പൂർണ്ണ ഭക്ഷണം.
2.മസ്തിഷ്ക വികസനത്തിന് അനിവാര്യമായ DHA അടങ്ങിയിരിക്കുന്നു.
3.പ്രതിരോധ ശക്തിയെ പരിപോഷിപ്പിക്കുന്നു.
4.ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
അമ്മയ്ക്ക്:
1.ഒക്സിറ്റോക്സിൻ എന്ന ഹോർമോൺ ഉൽപ്പാദനം വഴി ഗർഭാശയം ചുരുങ്ങുകയും രക്തസ്രാവത്തിനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
2.ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുന്നു.
3.സ്തനാർബുദം, അണ്ഡാശയാർബുദം, പ്രമേഹം, അസ്ഥിക്ഷയം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
(കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ന്യൂനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖിക)
Content Highlights: The Emotional Journey of Breastfeeding: Support and Understanding for New Mothers
Published: 07 Aug 2025, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented