പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന അമ്മമാർക്ക് പിന്തുണയേകേണ്ടതിനേക്കുറിച്ച് നിരന്തരം ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ അമ്മമാർ മാത്രമല്ല കുഞ്ഞുണ്ടാകുന്നതിനു പിന്നാലെ ചില അച്ഛന്മാരിലും വിഷാദരോഗം കണ്ടുവരുന്നുണ്ട്. പ്രസവാനന്തര വിഷാദരോഗത്തിന്റെ തോത് സ്ത്രീകളിൽ ഏഴിൽ ഒന്നെന്ന നിലയിലാണെങ്കിൽ പുരുഷന്മാരിലിത് പത്തിലൊന്നാണെന്ന് പഠനങ്ങൾ പറയുന്നു.
പെറ്റേർണൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. പലപ്പോഴും രോഗനിർണ്ണയം നടത്തപ്പെടാത്തതും നിസ്സാരമാക്കുന്നതുമായ ഒരു പ്രധാന മാനസികാരോഗ്യ പ്രശ്നമാണിതെന്ന് ഗവേഷകർ പറയുന്നു. പൊതുജനങ്ങളുടെ അവബോധമില്ലായ്മയും പുരുഷന്മാർ "ശക്തരായിരിക്കണം" എന്ന സാമൂഹിക സമ്മർദ്ദവുമാണ് ഇതിന് പ്രധാന കാരണമെന്നും ഗവേഷകർ പറയുന്നുണ്ട്.
കുട്ടിയുടെ ജനനത്തിനു ശേഷമുള്ള മാനസിക സമ്മർദങ്ങളിൽ നിന്ന് അച്ഛന്മാരും മുക്തരല്ലെന്ന് സമീപകാല പഠനങ്ങളും ക്ലിനിക്കൽ നിരീക്ഷണങ്ങളും പറയുന്നു. പുതിയ അച്ഛന്മാരിൽ ഏകദേശം 10 പേരിൽ ഒരാൾക്ക് പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പുരുഷന്മാരിലെ ഇത്തരം കേസുകളിൽ 10% മാത്രമാണ് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെടുന്നത് എന്ന് കണക്കാക്കപ്പെടുന്നു.
കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള കാലം അച്ഛന്മാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് പഠനങ്ങൾ പറയുന്നു. ടെസ്റ്റോസ്റ്റിറോൺ കുറയുകയും ഈസ്ട്രജൻ, കോർട്ടിസോൾ എന്നിവ വർധിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഹോർമോൺ മാറ്റങ്ങളുണ്ടാകാറുണ്ട്. ഇവ ക്രമേണ വിഷാദരോഗത്തിലേക്കു വഴിവെക്കുമെന്നാണ് കരുതുന്നത്.
അമ്മമാരിലെ പ്രസവാനന്തര വിഷാദരോഗത്തിൽ നിന്നു വ്യത്യസ്തമായ രീതിയിലായിരിക്കും അച്ഛന്മാരിൽ പ്രകടമാവുക. അമ്മമാർ സങ്കടവും ഉൾവലിയലും പ്രകടിപ്പിക്കുമ്പോൾ അച്ഛന്മാരിൽ ദേഷ്യം, അസ്വസ്ഥത, ലഹരിവസ്തുക്കളുടെ ഉപയോഗം, ആക്രമണോത്സുകത എന്നിവയാണ് കൂടുതൽ പ്രകടമാവുക. ഇത് പങ്കാളിയുമായുള്ള ബന്ധത്തെ ബാധിക്കാനുമിടവരുത്തും.
തങ്ങൾ അനുഭവിക്കുന്നത് യഥാർഥമായ ഒരു ആരോഗ്യപ്രശ്നമാണെന്ന അവബോധമില്ലാത്തതുകൊണ്ട് പല അച്ഛന്മാരും ലക്ഷണങ്ങളേക്കുറിച്ചു തുറന്നുപറയാൻ മടിക്കുന്നത് രോഗസ്ഥിരീകരണം വൈകിക്കും. പുരുഷന്മാർ സങ്കടം, കരച്ചിൽ പോലുള്ള വികാരപ്രകടനങ്ങൾ പ്രകടിപ്പിക്കാത്തവരാകണം എന്ന അടിച്ചേൽപ്പിക്കലുകൾ തുറന്നുപറച്ചിലിന് തടസ്സമാവുകയും ചെയ്യും.
അച്ഛന്മാരിലെ പ്രസവാനന്തര വിഷാദരോഗം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
- ദേഷ്യം, ആക്രമണോത്സുകത
- സാമൂഹികമായി അകലം പാലിക്കലും ഒറ്റപ്പെടലും
- മദ്യം അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിക്കൽ
- ഉറക്കത്തിലും വിശപ്പിലും ഉണ്ടാകുന്ന മാറ്റങ്ങൾ
- മുമ്പ് ആസ്വദിച്ചിരുന്ന കാര്യങ്ങളിലുള്ള താൽപ്പര്യക്കുറവ്
- തലവേദന പോലുള്ള ശാരീരിക ലക്ഷണങ്ങൾ
ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ ഒട്ടും വൈകിക്കാതെ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടേണ്ടത് പ്രധാനമാണ്.
മുമ്പ് വിഷാദരോഗമുണ്ടായിട്ടുള്ളവർ, ദാമ്പത്യത്തിൽ പ്രശ്നങ്ങളുള്ളവർ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, അപ്രതീക്ഷിത ഗർഭധാരണം, പങ്കാളിയിലെ പ്രസവാനന്തര വിഷാദരോഗം തുടങ്ങിയവയൊക്കെ അച്ഛന്മാരിൽ കുഞ്ഞുണ്ടായതിനുപിന്നാലെ വിഷാദരോഗം സ്ഥിരീകരിക്കുന്നതിനുള്ള കാരണങ്ങളാണ്.
Content Highlights: Fathers also experience postpartum depression, affecting about 1 in 10 men., Symptoms in men include anger, irritability, and substance use rather than just sadness.
Published: 23 Aug 2026, 02:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented