മാനസികാരോ​ഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് നിരന്തരം തുറന്നുപറയാറുള്ള താരമാണ് അമേരിക്കൻ സൂപ്പർ മോഡലായ ബെല്ല ഹദീദ്. വിഷാ​ദരോ​ഗത്തിന് മല്ലിട്ട നാളുകളെക്കുറിച്ച് ബെല്ല എപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മോണിങ് ആങ്സൈറ്റി എന്ന അവസ്ഥയെ താൻ നേരിട്ടത് എങ്ങനെയെന്ന് പങ്കുവെക്കുകയാണ് ഇരുപത്തിയഞ്ചുകാരിയായ ബെല്ല. 

To advertise here,

ടിക്ടോക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബെല്ല തന്റെ മാനസികാരോ​ഗ്യത്തെക്കുറിച്ച് പറയുന്നത്. ദിവസം തുടങ്ങുമ്പോൾ തന്നെ തനിക്ക് അനുഭവപ്പെടുന്ന മടുപ്പിനെക്കുറിച്ചും വിഷാദത്തെക്കുറിച്ചുമൊക്കെയാണ് ബെല്ല പങ്കുവെക്കുന്നത്. ഏറ്റവും മോശം മോണിങ് ആങ്സൈറ്റി ദിനങ്ങളിലൂടെയാണ് താൻ കടന്നുപോയിട്ടുള്ളതെന്ന് പറയുകയാണ് ബെല്ല. രാവിലെ സന്തോഷത്തോടെ എഴുന്നേൽക്കാനും ദൈനംദിന കാര്യങ്ങൾ ചെയ്യാനുമൊക്കെ ശ്രമിച്ചാലും അമിത ഉത്കണ്ഠ കാരണം തനിക്ക് ഒന്നും ശരിയായി ചെയ്യാൻ കഴിയില്ലെന്ന് ബെല്ല പറയുന്നു. 

എന്തൊക്കെ പൂർത്തിയാക്കണമെന്ന് തീരുമാനിച്ചാലും ഉത്കണ്ഠ തന്നെ കീഴടക്കുകയും അവ ചെയ്യാൻ കഴിയാതെ വരികയുമാണെന്നും ബെല്ല പറയുന്നുണ്ട്. താൻ എന്തിലൂടെയാണോ കടന്നുപോയത് അത് എല്ലാവരെയും അറിയിക്കാനാണ് ഇപ്പോൾ തുറന്നു പറയുന്നത് എന്നും താരം പറയുന്നു. ഇന്ന് നല്ല ദിവസം ആയിരിക്കുമെന്നും ഉത്കണ്ഠയ്ക്ക് നിന്നെ കീഴടക്കാൻ കഴിയില്ലെന്നുമൊക്കെ ഉള്ളിൽ പലപ്രാവശ്യം പറയും. എന്നാൽ അമിത ഉത്കണ്ഠ കാരണം നേരെ തിരിച്ചാണ് സംഭവിക്കുക എന്നു പറയുകയാണ് ബെല്ല. 

നേരത്തേയും ബെല്ല തന്റെ മാനസികാരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. സമ്മർദത്തെ അതിജീവിക്കുന്നതിൽ മെഡിറ്റേഷന് വലിയ പ്രാധാന്യമുണ്ടെന്നും മ്യൂസിക്കൽ മെഡിറ്റേഷനാണ് തന്നെ ഏറ്റവുമധികം സഹായിച്ചതെന്നും ബെല്ല പറഞ്ഞിരുന്നു.  രാവിലെ എഴുന്നേറ്റയുടൻ മൊബൈൽ കയ്യിലെടുക്കുന്നതിന് പകരം എഴുതാനായി സമയം മാറ്റിവച്ചത് അമിത ഉത്കണ്ഠ കുറയ്ക്കാൻ സഹായകമായെന്നും ബെല്ല പറഞ്ഞിരുന്നു. മദ്യം തന്നെ കീഴടക്കിയതിനെക്കുറിച്ചും ഒടുവിൽ ആ ശീലം നിർത്തിയതിനെക്കുറിച്ചുമൊക്കെ ബെല്ല മുമ്പ് പറഞ്ഞിട്ടുണ്ട്.

മോണിങ് ആങ്സൈറ്റി

രാവിലെകളിൽ അമിത സമ്മർദത്തോടെയും ആശങ്കയോടെയും എഴുന്നേൽക്കുന്ന അവസ്ഥയാണിത്. രാവിലെ തന്നെ അസ്വസ്ഥത അനുഭവപ്പെടുക, ക്ഷീണം- ക്ഷോഭം തോന്നുക, പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുക, ഏകാ​ഗ്രത ഇല്ലാതിരിക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. മതിയായ ഉറക്കം,വ്യായാമം, ആരോ​ഗ്യകരമായ ഭക്ഷണരീതി, ആൽക്കഹോൾ-കഫീൻ തുടങ്ങിയവയുടെ ഉപയോ​ഗം കുറയ്ക്കുക, വീട്ടിലെയും ജോലിസ്ഥലത്തെയും സമ്മർദം കുറയ്ക്കുക എന്നിവ വഴി ഒരുപരിധിവരെ പരിഹാരം കണ്ടെത്താം. സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്തപക്ഷം വിദ​ഗ്ധരുടെ സഹായം തേടേണ്ടതും പ്രധാനമാണ്.