മലപ്പുറം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി മൃഗാശുപത്രികളിൽ സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ലോക്ഡൗൺ കാലത്ത് മിക്കവരും ഓമനമൃഗങ്ങളെ വളർത്തുന്ന ശീലം തുടങ്ങിയതോടെ ചെറിയ കാര്യങ്ങൾക്കുപോലും ആശുപത്രികളിൽ വരുന്നവരുടെ വലിയ തിരക്കാണ്.

To advertise here,

വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ അതീവ താത്പര്യം കാണിക്കുന്നതുകാരണം ചെറിയ ആവശ്യങ്ങൾക്കുകൂടി സാമൂഹിക അകലംപോലും പാലിക്കാതെ മൃഗാശുപത്രികളിലേക്ക് വരുന്ന ഒരു സ്ഥിതിയാണെന്ന് സംഘടനാഭാരവാഹികൾ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ്‌, വിരമരുന്നുനൽകൽ തുടങ്ങി അടിയന്തര പ്രാധാന്യമില്ലാത്ത അസുഖങ്ങൾക്കായി ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കണം.

മിക്ക ആശുപത്രികളിലും ഒരു ഡോക്ടറും ഒരു ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടറുമാണുള്ളത്. എല്ലാ ആശുപത്രികളിലും തിരക്ക് വർധിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. വളർത്തുമൃഗങ്ങളിൽ ഉണ്ടാകുന്ന കോവിഡ് കുറവാണെങ്കിലും സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽപ്പോലും പലരും മൃഗങ്ങൾക്ക് രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം മറച്ചുവെയ്ക്കുന്നുണ്ടെന്ന് സംഘടന പറഞ്ഞു.

ടെലി വെറ്ററിനറി സേവനം

നിലവിലെ അടിയന്തരാവസ്ഥ പരിഗണിച്ച് മൃഗസംരക്ഷണവകുപ്പ് ടെലി വെറ്ററിനറി സേവനത്തിനായി ജില്ലയിൽ ഒരു ഡോക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണങ്ങൾക്കും സംശയങ്ങൾക്കുമായി സേവനം ഉപയോഗിക്കാം. ഫോൺ: 9747378014.

Content Highlights: avoid unnecessary visit to the veterinary hospital during covid period