തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മൃഗാശുപത്രികൾക്ക് ലൈസൻസും രജിസ്‌ട്രേഷനും ഏർപ്പെടുത്താൻ മൃഗസംരക്ഷണ വകുപ്പ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴി ലൈസൻസ് നൽകാനും സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്‌ട്രേഷനും ഏർപ്പെടുത്താനാണ് ആലോചന.
മൃഗാശുപത്രികളുടെ പ്രവർത്തനങ്ങൾക്കായി സമഗ്രമായ ഒരു നിയമമാണ് ആലോചനയിലുള്ളത്.

To advertise here,

നിലവിൽ തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് മാത്രമാണ് സ്വകാര്യ മൃഗാശുപത്രികൾക്കുമുള്ളത്. മറ്റു വിഭാഗങ്ങൾ എന്നതിൽ ഉൾപ്പെടുത്തിയാണ് ലൈസൻസ് നൽകുന്നത്. അതിനാൽ സംസ്ഥാനത്ത് നിലവിൽ എത്ര സ്വകാര്യ മൃഗാശുപത്രികൾ ഉണ്ടെന്നുള്ള കണക്ക് സർക്കാരിന്റെ കൈവശവും ഇല്ല. ഇവയെ നിയന്ത്രിക്കാൻ നിലവിൽ വ്യക്തമായ നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാത്തത് വെല്ലുവിളിയായിട്ടുണ്ട്.

ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങളും ജീവനക്കാരുടെ യോഗ്യതകളും ഉറപ്പാക്കാനും സാധിക്കുന്നില്ല. ചികിത്സപ്പിഴവ് സംബന്ധിച്ച പരാതികൾ ലഭിക്കുമ്പോഴാണ് ആശുപത്രിയെക്കുറിച്ച് വെറ്ററിനറി കൗൺസിലും സർക്കാരും അറിയുന്നത്.

പലപ്പോഴും വകുപ്പുതല നടപടികൾ സ്വീകരിക്കാനും തടസ്സങ്ങളുണ്ട്. നിലവാരം തിട്ടപ്പെടുത്തി സൗകര്യങ്ങൾക്കനുസരിച്ച് വിവിധ ക്ലാസുകളായി ആശുപത്രികളെ തരംതിരിക്കുമെന്നും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.ആർ. ബിനു പ്രശാന്ത് പറഞ്ഞു.

ഇന്ത്യൻ വെറ്ററിനറി കൗൺസിലിന്റെ നിയമത്തെ അടിസ്ഥാനമാക്കിയാവും ആശുപത്രികളുടെ നിലവാരം നിർണയിക്കുക. സംസ്ഥാന വെറ്ററിനറി കൗൺസിലാണ് നിയമത്തിന്റെ കരട് തയ്യാറാക്കുന്നത്.