
തൊടുപുഴ: അരുൺകുമാർ ഇടുക്കി ജില്ല ആശുപത്രിയിലെ നഴ്സിങ് ഓഫീസറാണ്. ഇടയ്ക്ക് ഉളിയും കട്ടറുമായങ്ങിറങ്ങും. ആശുപത്രിയിലെ കേടായ ഉപകരണങ്ങൾ നന്നാക്കും. ചിലതൊക്കെ പുതുതായി നിർമിക്കും.
സേവനങ്ങൾ കണക്കിലെടുത്ത്, അദ്ദേഹത്തിന് ആരോഗ്യവകുപ്പ് സംസ്ഥാനത്തെ ഏറ്റവുംനല്ല നഴ്സിനുള്ള പുരസ്കാരം നൽകി. സർക്കാർ ആശുപത്രികളിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച നഴ്സുമാർക്കുള്ള പുരസ്കാരത്തിൽ (സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്) ജനറൽ നഴ്സിങ് വിഭാഗത്തിലാണ് വെള്ളിയാമറ്റം മൂത്തേടത്തുപറമ്പിൽ പി.എം. അരുൺകുമാർ ബഹുമതിക്ക് അർഹനായത്.
12 വയസ്സുമുതൽ തടിപ്പണികൾ ചെയ്തിരുന്നു. സ്‌കൂൾ അവധി ദിവസങ്ങളിൽ വരുമാനത്തിനായി വീടിനുപുറത്തുപോയും ജോലികൾ ചെയ്തു. പ്ലസ്ടുവിനുശേഷം മുട്ടം ഗവ. സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ പഠിച്ചു. 2007 മുതൽ 2010 വരെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ താത്കാലികജോലി ചെയ്തു. 2010-ൽ പോണ്ടിച്ചേരി ജിപ്‌മെറിൽ ജോലിയിൽ പ്രവേശിച്ചു.
ഇതിനിടെ പിഎസ്‌സി പരീക്ഷ എഴുതി 2018-ൽ ഇടുക്കി ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു.
ആതുരസേവനത്തിനൊപ്പം ആശുപത്രിയിലെ ചെറിയ അറ്റകുറ്റപ്പണികളും നടത്തി. എന്നാൽ, കോവിഡ് കാലത്താണ് അരുൺകുമാറിന്റെ നഴ്‌സിങ് ഇതര സേവനങ്ങൾ ആശുപത്രിയിൽ കൂടുതലായി ലഭിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച്, സ്രവ പരിശോധന നടത്തുന്നതിനായുള്ള കിയോസ്‌ക്, സാനിറ്റൈസർ ഡിസ്‌പെൻസർ, ശസ്ത്രക്രിയ ഉപകരണങ്ങൾ ശുചീകരിക്കുന്നതിനുള്ള ഡ്രയർ അടക്കം നിരവധിസാധനങ്ങൾ അരുൺകുമാർ ആശുപത്രിക്ക് നിർമിച്ചുനൽകി.
പതിനായിരങ്ങൾ വിലവരുന്ന ഉപകരണങ്ങളാണ് ഇദ്ദേഹം ഡോക്ടർമാരുടെയും സഹപ്രവർത്തകരുടെയും സാമ്പത്തിക സഹകരണത്തോടെയും അല്ലാതെയും ഉണ്ടാക്കിയത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് പരീക്ഷണങ്ങളും നിർമാണവും. അച്ഛൻ പുരുഷോത്തമനും അമ്മ പുഷ്പകുമാരിയും നഴ്‌സുകൂടിയായ ഭാര്യ ആര്യയും മക്കളായ മാധവ് കൃഷ്ണയും കേശിനി കൃഷ്ണയും ശ്രേഷ്ട ലക്ഷ്മിയും പൂർണ പിന്തുണയുമായി കൂടെയുണ്ട്.
Content Highlights: Idukki Hospital Nurse Awarded for Exceptional Service and Innovative Repairs
Published: 13 May 2025, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented