ആലപ്പുഴ: രോഗികൾക്കു മാത്രമല്ല, ആശുപത്രിക്കും പരിചരണം നൽകിയാണ് അതുല്യ അമ്പലപ്പുഴയിൽ നിറയുന്നത്. മാലിന്യസംസ്കരണം, ശുചിത്വം, രോഗപ്രതിരോധ സംവിധാനം എന്നിവയിലൂടെ അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിനെ ഉയർത്തിയതിന്റെ പിന്നിൽ നഴ്സായ അതുല്യയുടെ നിശ്ശബ്ദ സേവനമുണ്ട്.
അമ്പലപ്പുഴ യുഎച്ച്ടിസിയിൽ ഗ്രേഡ് വൺ നഴ്സിങ് ഓഫീസറാണ് അതുല്യ. ആശുപത്രിയുടെ ശുചിത്വപാലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സർക്കാർ നല്കുന്ന കായകല്പ പുരസ്കാരം പോയവർഷം അമ്പലപ്പുഴ യുഎച്ച്ടിസിക്ക് ലഭിച്ചിരുന്നു. ഇതിന്റെ പിന്നാമ്പുറ പ്രവർത്തനങ്ങളിൽ അതുല്യയുണ്ടായിരുന്നു. ഇക്കുറി ആശുപത്രിയുടെ പൂർണചുമതലയുള്ള നഴ്സിങ് ഓഫീസറായി അവാർഡിന് വീണ്ടും സമർപ്പിച്ചിരിക്കുകയാണ്.
300-ലധികം പേരെത്തുന്ന ആശുപത്രിയാണ് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്റർ. 12 പേരെ കിടത്തിച്ചികിത്സിക്കാനും സൗകര്യമുണ്ട്. രാവിലെ ഒ.പി.തിരക്കുകഴിഞ്ഞാൽ ഉച്ചകഴിഞ്ഞുള്ള സമയം അതുല്യയും കൂട്ടുകാരും ആശുപത്രിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനായി നീക്കിവെക്കും. ഷിഫ്റ്റ് ഉച്ചയ്ക്ക് അവസാനിച്ചാലും രാത്രി എട്ടുമണിവരെ ഇതിനായി അതുല്യ ചെലവഴിക്കും. ജീവനക്കാരുടെ വ്യക്തിശുചിത്വം, ഉപകരണങ്ങളുടെ അണുവിമുക്തി പ്രവർത്തനം, കൈകഴുകൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നോട്ടവും ഉപദേശവും നല്കും. കൂടാതെ, ആശുപത്രിയിലെ ജൈവ അജൈവ മാലിന്യസംസ്കരണവും കുറ്റമറ്റതാക്കും.
പച്ചക്കറി, കപ്പ, നാരകം, ഓറഞ്ച് എന്നിവ ഇവരുടെ വളപ്പിലുണ്ട്. ജൈവമാലിന്യം ഇവയ്ക്ക് വളമാക്കുന്നുമുണ്ട്. മറ്റുള്ളവർക്കായി സേവനം നടത്തുക എന്ന ആഗ്രഹമാണ് നഴ്സിങ് ജോലി തിരഞ്ഞെടുക്കാൻ കാരണമെന്ന് അതുല്യ പറഞ്ഞു. കളർകോട് ശ്രീപാർവതിയിൽ വി. പ്രവീണാണ് ഭർത്താവ്. പുറക്കാട് വില്ലേജ് അസിസ്റ്റന്റാണ് പ്രവീൺ. അനാമിക, ശ്രീഹരി എന്നിവർ മക്കളാണ്.
Content Highlights: Beyond Patient Care: A Nurse's Unwavering Commitment to Hospital Hygiene in Ambalapuzha
Published: 12 May 2025, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented