രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വായ്പാ പലിശ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള നിരക്കില്‍ 10 ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയത്. ജൂലായ് 15 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായത്. ഇതോടെ വാഹന, ഭവന വായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശ കൂടും. 

To advertise here,

ഒരു വര്‍ഷ കാലയളവിലെ എംസിഎല്‍ആര്‍ അടിസ്ഥാന നിരക്ക് 8.75 ശതമാനത്തില്‍നിന്ന് 8.85 ശതമാനമായാണ് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷത്തെ നിരക്ക് 8.95 ശതമാനമായും മൂന്നുവര്‍ഷത്തേത് ഒമ്പത് ശതമാനമായും ഉയര്‍ത്തി. ജൂണിലും എസ്ബിഐ വായ്പാ പലിശയില്‍ 10 ശതമാനം വര്‍ധനവരുത്തിയിരുന്നു. 

ബാങ്കിന് വായ്പാ നല്‍കുന്നതിന് അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് എംസിഎല്‍ആര്‍ നിരക്ക്. എസ്ബിഐയുടെ നിലവിലെ ഭവന വായ്പാ നിരക്കുകള്‍ 8.50 ശതമാനം മുതല്‍ 9.65 ശതമാനംവരെയാണ്. സിബില്‍ സ്‌കോര്‍ അനുസരിച്ചായിരിക്കും വ്യത്യസ്ത നിരക്ക് ഈടാക്കുക. എസ്ബിഐക്ക് പിന്നാലെ മറ്റ് ബാങ്കുകളും വായ്പാ പലിശയില്‍ വര്‍ധനവരുത്തിയേക്കും. 

ഒമ്പതാമത്തെ വായ്പാ നയ യോഗത്തിലും ആര്‍ബിഐ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ നിരക്ക് നിലനിര്‍ത്താനാകും അടുത്ത യോഗത്തിലും ആര്‍ബിഐ ശ്രമിക്കുക. അതുകൊണ്ടുതന്നെ സമീപ കാലയളവില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത ഇല്ലാതായി.