അതിരു വിടരുത് ആന്റിബയോട്ടിക്| പരമ്പരയുടെ മുഴുവൻ ഭാ​ഗങ്ങളും വായിക്കാം

To advertise here,

ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ ഒന്ന് എന്താണെന്നു ചോദിച്ചാൽ അത് ആന്റിബയോട്ടിക് റെസിസ്റ്റൻസ് ആണെന്നാണ് ലോകാരോഗ്യസംഘടന ഉൾപ്പെടെ വ്യക്തമാക്കുന്നത്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അണുബാധ ഇല്ലാതാക്കി ജീവൻ രക്ഷിക്കുക എന്ന കർത്തവ്യമാണ് ആന്റിബയോട്ടിക്കുകളുടേത്. ബാക്ടീരിയ പെരുകുംമുമ്പേ ശരീരത്തിന്റെ പ്രതിരോധശക്തി അവയെ ഇല്ലാതാക്കാറുണ്ട്. എന്നാൽ ചിലഘട്ടങ്ങളിൽ ഉപദ്രവകാരികളായ ബാക്ടീരിയയുടെ തോത് ക്രമാതീതമായി പെരുകുമ്പോൾ ശരീരത്തിന്റെ പ്രതിരോധശേഷിക്ക് അതിനെ മറികടക്കാൻ കഴിയാതിരിക്കുകയും അത്തരം സാഹചര്യങ്ങളിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗപ്രദമാവുകയും ചെയ്യുന്നു. ബാക്ടീരിയകളെ ഉന്മൂലനം ചെയ്യുക, അവ പെരുകുന്നത് തടയുക എന്നീ രണ്ട് രീതിയിലാണ് ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇവയുടെ നിയന്ത്രണരഹിതമായ ഉപയോഗം ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. ആന്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധശേഷി നേടുന്ന സ്ഥിതിവിശേഷമാണിത്. ഇത്തരം സാഹചര്യങ്ങളിൽ ആന്റിബയോട്ടിക് കഴിച്ചാലും അണുക്കൾ അവയെ മറികടക്കാൻ പ്രാപ്തമായിരിക്കും.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വിപ്ലവകരമായ മാറ്റങ്ങളാണ് ചികിത്സാമേഖലയിൽ കൊണ്ടുവന്നത്. അണുബാധകളെ ചികിത്സിക്കുന്നതുകൂടാതെ കാൻസർ ചികിത്സാരംഗത്തും അവയവമാറ്റ ശസ്ത്രക്രിയയുടെ സമയത്തുമൊക്കെ ആന്റിബയോട്ടിക്കുകൾ സഹായം ചെയ്തു. എന്നാൽ ആവശ്യത്തിനുമപ്പുറം അലക്ഷ്യവും അലസവുമായുള്ള ഇവയുടെ ഉപയോഗം ദുരന്തസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ആന്റിബയോട്ടിക്കുകൾ ഡോക്ടർമാരുടെ നിർദേശമില്ലാതെ വാങ്ങിക്കഴിച്ചതിന്റെ ഫലമായാണ് ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് എന്ന സ്ഥിതി ഉടലെടുത്തത്. ആഗോളതലത്തിൽ തന്നെ ഗുരുതരമായ പ്രശ്നമായി ചൂണ്ടിക്കാട്ടുന്ന ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് എന്ന അവസ്ഥയേക്കുറിച്ച് യു.ക. സർക്കാരിന്റെ നിർദേശപ്രകാരമുള്ള ഒ.നീൽ റിപ്പോർട്ടിൽ പറയുന്നത് 2050 ആകുമ്പോഴേക്കും മരുന്നുകളെ പ്രതിരോധിക്കുന്ന അണുബാധ മൂലം പത്തു ദശലക്ഷത്തോളം പേർ മരിക്കുമെന്നാണ്.

മരുന്നിന്റെ ഉപജ്ഞാതാവ് തന്നെ കണ്ടെത്തി, വിനാശവും

ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദേശമില്ലാതെയും സ്വയംചികിത്സയിലൂടെയുമൊക്കെ ഉപയോഗിക്കുന്നതിനു പുറമേ കഴിക്കുന്ന അളവ് തെറ്റാകുന്നതുപോലും ആന്റിബയോട്ടിക് റെസിസ്റ്റൻസിലേക്ക് നയിക്കും. അസുഖങ്ങൾക്ക് ആന്റിബയോട്ടിക് ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽപ്പോലും അനുചിതമായി ജനങ്ങൾക്ക് അവ നിർദേശിക്കപ്പെടുന്നുവെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയിലെ 47ദശലക്ഷം ആന്റിബയോട്ടിക് കോഴ്സുകളും ഇപ്രകാരം കുറിച്ചതാണെന്നും സി.ഡി.സി. വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകൾ സസൂക്ഷ്മം ഉപയോഗിക്കാതിരിക്കുന്നതിലൂടെ ഡ്രഗ് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ആന്റിബയോട്ടിക്കുകൾക്ക് പിറവി നൽകിയ അലക്സാണ്ടർ ഫ്ലെമിങ് തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. ജനങ്ങൾ മരുന്ന് ആവശ്യപ്പെടാൻ തുടങ്ങുകയും അതോടെ ദുരുപയോഗത്തിന്റെ യുഗം ആരംഭിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വൈറസുകൾ മൂലമുള്ള അണുബാധയുമായി ആശുപത്രികളിൽ ചെന്നെത്തുന്നവർ പോലും ആന്റിബയോട്ടിക്കുകൾ അങ്ങോട്ടു ചോദിക്കുന്ന സാഹചര്യമാണുള്ളതെന്ന് പല ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. വൈറസ് രോഗങ്ങൾക്ക് ആന്റിബയോട്ടിക് ഫലപ്രദമല്ലെന്നു പറഞ്ഞാൽപ്പോലും മനസ്സിലാകാത്തവരുമേറെയാണ്. നിശ്ചിത കോഴ്സ് ആന്റിബയോട്ടിക് നിർദേശിച്ചാലാകട്ടെ, ലക്ഷണങ്ങൾ കുറയുംമുമ്പേ മരുന്നു നിർത്തുന്നവരുമേറെ. ഇതിനുഫലമോ, അണുബാധ വീണ്ടും വലയ്ക്കുകയും ശക്തിപ്പെടുകയും ചെയ്യാം.

ആദ്യഭാഗം വായിക്കാം: മരുന്നു കഴിച്ചിട്ടും മാറാതെ രോ​ഗങ്ങൾ, ആന്റിബയോട്ടിക്കും വില്ലൻ | അതിരു വിടരുത് ആന്റിബയോട്ടിക് 01

അടിയന്തിരമായി ഇടപെടേണ്ട ആഗോള ആരോഗ്യ ഭീഷണി

അടിയന്തിരമായി ഇടപെടേണ്ട ആഗോള ആരോഗ്യ ഭീഷണി എന്നാണ് ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് സാഹചര്യത്തെ സി.ഡി.സി. വിശേഷിപ്പിക്കുന്നത്. 2019-ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 1.27ദശലക്ഷം പേരുടെ കൊലയാളിയും അഞ്ചു ദശലക്ഷം പേരുടെ മരണവുമായി ബന്ധപ്പെട്ടും കിടക്കുന്നുണ്ട് ആന്റിമൈക്രോബയൽ റെസിസ്റ്റൻസ്. ഓരോവർഷവും 2.8ദശലക്ഷത്തിൽപരം ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് അണുബാധകൾ ഉണ്ടാകുന്നുണ്ടെന്നും സി.ഡി.സി. കണക്കിൽ പറയുന്നു.

പലരും കരുതുന്നത് എല്ലാ ആന്റിബയോട്ടിക്കുകളോടും പ്രതിരോധിക്കുന്ന അണുക്കൾ രൂപപ്പെടുന്ന സാഹചര്യം മാത്രമാണ് ഭയക്കേണ്ടത് എന്നാണ്. എന്നാൽ ഒരൊറ്റ ആൻ്റിബയോട്ടിക്കിനെപ്പോലും മറികടക്കാൻ പ്രാപ്തമായ അണുക്കളുണ്ടാകുന്നതും ഗുരുതരമായ സാഹചര്യമാണ്. പലപ്പോഴും നീണ്ടനാളത്തെ ആശുപത്രിവാസം, അവയവങ്ങൾ പ്രവർത്തനരഹിതമാവുക തുടങ്ങിയവയും ഇതിന്റെ അനന്തരഫലങ്ങളാണ്.

സന്ധിമാറ്റിവെക്കൽ, അവയവമാറ്റം, കാൻസർ തെറാപ്പി, ഡയബറ്റിസ്, ആസ്ത്മ, ആർത്രൈറ്റിസ് തുടങ്ങിയ സാഹചര്യങ്ങളെയെല്ലാം ഫലപ്രദമായി നേരിടുന്നതിൽ ആന്റിബയോട്ടിക്കിന്റെ സ്ഥാനം പ്രസക്തമാണ്. എന്നാൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുക്കൾ പെരുകുന്ന സാഹചര്യങ്ങളിൽ ഇത്തരം ചികിത്സകൾ താറുമാറിലാകും എന്നതാണ് പ്രധാനപ്രശ്നവും. ന്യുമോണിയ, ഭക്ഷ്യവിഷബാധ, ടി.ബി. തുടങ്ങിയ രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിലും ആന്റിബയോട്ടിക്കിന്റെ സ്ഥാനം വളരെവലുതാണ്.

ഫലപ്രദമായ രീതിയിൽ ഈ സാഹചര്യത്തെ നേരിടാത്തപക്ഷം ആന്റിബയോട്ടിക്ക് കണ്ടെത്തുന്നതിനു മുമ്പുള്ള സ്ഥിതിവിശേഷത്തിലേക്കു കടക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ചെറിയ അണുബാധകളും പരിക്കുകളും മൂലം മരണസംഖ്യ ഉയരുന്ന ഗുരുതരസാഹചര്യമായിരിക്കും അതെന്നും ലോകാരോഗ്യസംഘടന പറയുന്നു.

നമ്മുടെ ശരീരം ആന്റിബയോട്ടിക്കുകളോടോ ആന്റിഫംഗലുകളോടോ പ്രതിരോധശേഷി നേടുന്നു എന്നതല്ല ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് എന്നതിനർഥം. മറിച്ച് അണുബാധയ്ക്ക് കാരണമായിട്ടുള്ള ബാക്ടീരിയയോ, ഫംഗിയോ ആന്റിബയോട്ടിക്, ആന്റിഫംഗൽ ചികിത്സകളോട് പ്രതിരോധശേഷി നേടുന്നു എന്നതാണ്.

കാർഷികമേഖലയിലെ ആന്റിബയോട്ടിക് ഉപയോഗം

മനുഷ്യർ നേരിട്ടുകഴിക്കുന്നതിലൂടെ മാത്രമല്ല  മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലെ അശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗവും വിപത്തായി മാറുന്നുണ്ട്. മൃഗങ്ങളുടെ വളർച്ചയ്ക്കും അണുബാധയെ പ്രതിരോധിക്കാനുമാണ് പ്രധാനമായും ഈ മേഖലയിൽ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഭക്ഷണമായി കഴിക്കുന്നതിലൂടെ മനുഷ്യരിലേക്കും എത്തുകയുമാണ് ചെയ്യുന്നത്. കന്നുകാലികളിൽനിന്ന് പ്രതിരോധശേഷിയാർജിച്ച ബാക്ടീരിയകൾ മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനേക്കുറിച്ച് 35വർഷം മുമ്പേ കണ്ടെത്തിയിട്ടുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെ‍ഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ‌ പറയുന്നുണ്ട്. കാർഷികമേഖലയിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളേയും ബാധിക്കുന്നുണ്ടെന്നും പ്രസ്തുതപഠനത്തിൽ പറയുന്നുണ്ട്. കന്നുകാലികൾക്കു നൽകുന്ന ആന്റിബയോട്ടിക്കുകളുടെ 90ശതമാനവും മലൂമൂത്രവിസർജനത്തിലൂടെ അന്തരീക്ഷത്തിലേക്കെത്തുന്നു. ഇത് അന്തരീക്ഷത്തിലെ സൂക്ഷ്മാണുവ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന രീതിയിലേക്കെത്തുകയും പ്രതിരോധശേഷിയും രോഗസാധ്യതയുള്ളതുമായ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും. കൂടാതെ ശുചിത്വമേഖലയിൽ ആന്റിബാക്ടീരിയൽ ഉത്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നതും കുട്ടികളിലും മുതിർന്നവരിലും രോഗപ്രതിരോധ സംവിധാനം താറുമാറാവുകയും ചെയ്യും.

പ്രധാനപ്പെട്ട ചില ആന്റിബയോട്ടിക് റെസിസ്റ്റൻസ് സാഹചര്യങ്ങൾ

മെതിസിലിൻ റെസിസ്റ്റന്റ് സ്റ്റെഫിലോകോകസ് ഓറിയസ്
വിവിധ തരത്തിലുള്ള ആന്റിബയോട്ടിക് റെസിസ്റ്റൻസ് സാഹചര്യങ്ങളിലൊന്നാണ് എം.ആർ.എസ്.എ. അണുബാധകൾ(Methicillin-Resistant Staphylococcus Aureus). ആഗോളതലത്തിൽ തന്നെ വ്യാപകമായി കണ്ടുവരുന്ന ഈ സ്ഥിതി വളരെ ഗുരുതരമായ ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഭീഷണികളിലൊന്നാണ്. അമേരിക്കയിൽ മാത്രം 11,285 മരണങ്ങളാണ് വർഷംതോറും ഈയവസ്ഥ മൂലമുണ്ടാകുന്നത്. ബീറ്റ ലാക്റ്റം ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷിയാണിത്.
ആരോഗ്യമുള്ളവരുടെ ചർമത്തിലും മൂക്കിലും കാണപ്പെടുന്ന രോഗാണുവാണ് സ്റ്റെഫിലോകോകസ് ഓറിയസ്. മിക്കപ്പോഴും ഈ ബാക്ടീരിയ ഉപദ്രവകാരിയാണങ്കിലും മുറിവിൽ പ്രവേശിക്കുമ്പോൾ അണുബാധയാകും. ഈവിധത്തിലുള്ള അണുബാധ മെഥിസിലിൻ ഉൾപ്പെടെയുള്ള മിക്ക ആന്റിബയോട്ടിക്കുകളോടും പ്രതിരോധശേഷിയുള്ളവയാകും. ഏറ്റവും സാധാരണമായിട്ടുള്ള ആന്റിബയോട്ടിക് റെസിസ്റ്റന്റ് ബാക്ടീരിയകളിലൊന്നാണിത്. ചർമത്തിൽ ചുവന്ന തടിപ്പുകളോ മുഴകളോ, വേദനാജനകമായ കുരുക്കളോ ആയൊക്കെയാണ് പ്രത്യക്ഷപ്പെടുക.

മയോബാക്ടീരിയം ട്യൂബർകുലോസിസ്
ട്യൂബർകുലോസിസിന് കാരണമാകുന്ന ബാക്ടീരിയ ആണിവിടെ വില്ലനാകുന്നത്. ബാക്ടീരിയൽ അണുബാധമൂലം ബാധിക്കുന്ന ടി.ബി., ശ്വാസകോശത്തേയാണ് പ്രധാനമായി ബാധിക്കുന്നതെങ്കിലും ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളേയും ബാധിക്കാം. അണുബാധയുടെ തീവ്രത അനുസരിച്ച് ആറുമാസംമുതൽ രണ്ടുവർഷം വരെയുളള ചികിത്സ വേണ്ടിവന്നേക്കാം. മിക്ക കേസുകളിലും ടി.ബി. ചികിത്സിച്ചു ഭേദമാക്കാവുന്നതാണെങ്കിലും ചില ബാക്ടീരിയകൾ പ്രതിരോധശേഷി ആർജിക്കുകയും ടി.ബി. മരുന്നുകളെ പ്രതിരോധിക്കുകയും ചെയ്യും. ആ അവസ്ഥയേയാണ് മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടി.ബി. എന്നു വിളിക്കുന്നത്.

C. difficile
ആന്റിബയോട്ടിക് ചികിത്സയ്ക്കു പിന്നാലെ രോഗികളുടെ വൻകുടലിനെ ബാധിക്കുന്ന അണുബാധയാണ് C. difficile. സാധാരണയായി വൻകുടലിലുള്ള സൂക്ഷ്മാണുക്കളുടെ കൂട്ടം ഈ അണുബാധയേയും അതുസംബന്ധിച്ച രോഗങ്ങളേയും അടിച്ചമർത്തും. എന്നാൽ ആന്റിബയോട്ടിക് ചികിത്സയ്ക്ക് ഈ സൂക്ഷ്മാണുകൂട്ടത്തിൽ മാറ്റംവരുത്താനും അതുവഴി പല ആന്റിബയോട്ടിക്കുകളോടും പ്രതിരോധശേഷിയുള്ള C. difficile ബാക്ടീരിയക്ക് വളരാനും ഇടയാക്കും. ചെറിയതോതിലുള്ളതുമുതൽ തീവ്രമായ ഡയേറിയയ്ക്കു വരെ ഇവ കാരണമാകാം.

വി.ആർ.ഇ.
മനുഷ്യന്റെ ദഹനസംവിധാനത്തിലും സ്ത്രീകളുടെ ജനനേന്ദ്രിയത്തിലും കൂട്ടമായി കാണപ്പെടുന്ന ബാക്ടീരിയയാണ് എന്ററോകോക്കി. വാനോമൈസിൻ റെസിസ്റ്റന്റ് എന്ററോകോക്കി(Vancomycin-resistant Enterococci) അഥവാ വി.ആർ.ഇ. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരിലാണ് കൂടുതലും കാണപ്പെടുന്നത്. എന്ററോകോക്കൽ അണുബാധകളെ പ്രതിരോധിക്കാൻ നൽകുന്ന വാനോമൈസിൻ എന്ന ആന്റിബയോട്ടിക്കിനോടുള്ള പ്രതിരോധശേഷിയാണിത്.

നൈസീരിയ ഗൊണോറിയ (Neisseria gonorrhoea)
ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധയാണ് ഗൊണോറിയ. ചികിത്സിക്കാതിരുന്നാൽ പ്രത്യുത്പാദനശേഷിയേ വരെ ബാധിച്ചേക്കാവുന്ന സ്ഥിതിവിശേഷമാണിത്. ഇവ തിരിച്ചറിയപ്പെടാതെപോകുന്നതിലൂടെ പെരുകുന്നതും അനുചിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സയെ പ്രതിരോധിക്കാൻ കാരണമാകുന്നു.

സി.ആർ‌.ഇ.(arbapenem-resistant Enterobacteriaceae)
ഇ-കോളി, ക്ലെബ്സിയെല ഉൾപ്പെടെയുള്ള ബാക്ടീരിയകൾ ഉൾപ്പെട്ട ഉയർന്ന പ്രതിരോധശേഷിയുള്ള വിഭാഗത്തെ പറയുന്നതാണ് സി.ആർ‌.ഇ. പ്രതിരോധശേഷി കുറഞ്ഞവരിലും ആശുപത്രിവാസത്തിനിടയിലുമാണ് ഈ അണുബാധ ശരീരത്തിലെത്തുക. വെന്റിലേറ്റർ, കതീറ്റർ തുടങ്ങിയവവഴിയും ശരീരത്തിലെത്താം. ചിലയിനം സി.ആർ.ഇ. അണുബാധകൾ പല ആന്റിബയോട്ടിക്കുകളോടും പ്രതിരോധശേഷിയാർജിച്ചവയും ജീവനു ഭീഷണിയുമാണ്.

മാനവരാശി നേരിടുന്ന വലിയ വിപത്ത്

placeholder
ഡോ.മുരളീധരൻ

മരുന്നുകളെ അതിജീവിക്കാൻ രോഗാണുക്കൾ നേടുന്ന കഴിവാണ് (Antimicrobial resistance) ഇന്ന് ചികിത്സാ രംഗത്ത് മാനവരാശി നേരിടുന്ന വലിയ വിപത്തുകളിലൊന്ന്. ഇന്ത്യയിലെ മരണനിരക്കിൽ 4.1 ശതമാനം ഈ ദുസ്ഥിതി മൂലമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കുടലിൽ സ്വാഭാവികമായി വളരുന്ന മനുഷ്യന് സഹായകമായ ബാക്ടീരിയകൾ ( Gut micro biom) നിരന്തരമായ ആന്റി ബയോട്ടിക് ഉപയോഗം വഴി അവക്കെതിരെ പ്രതിരോധ മാർജിക്കുകയും മനുഷ്യ ശരീരത്തിലെത്തുന്ന മറ്റ് രോഗാണുക്കളിലേക്ക് ഈ പ്രതിരോധം കൈമാറ്റം ചെയ്യപ്പെടുകയും വഴിയാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിന് അരങ്ങൊരുങ്ങുന്നത്.
കഴിഞ്ഞ പത്തു വർഷം കൊണ്ടാണ് രോഗാണുക്കളുടെ അഭികാമ്യമല്ലാത്ത ഈ കഴിവ് ശതഗുണീഭവിച്ചത്. ന്യൂമോണിയക്ക് കാരണമായ ന്യൂമോകോക്കൽ ബാക്ടീരിയക്ക് ഫലപ്രദമായിരുന്ന അസിത്രോമൈസിന് ആ വർഷം മുമ്പ് രോഗാണു പ്രതിരോധം പത്തു ശതമാനമായിരുന്നെങ്കിൽ ഇന്നത് 40% ആണ്. 2050 ആകുമ്പോൾ ലോകത്ത് ഒരു കോടിയിലധികം സമാന‌മരണങ്ങൾ ഉണ്ടാവുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രശസ്തമായ  ലാൻസെറ്റ് ജേർണൽ 2019 -ൽ ലോകത്തെമ്പാടുമായി പന്ത്രണ്ടര ലക്ഷത്തിലധികം ഇത്തരം മരണങ്ങൾ നടന്നതായ  ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിടുകയുണ്ടായി. ആരോഗ്യ രംഗത്ത് മാത്രമല്ല സാമ്പത്തിക - സാമൂഹിക- പരിസ്ഥിതി രംഗത്തും കനത്ത ആഘാതം സൃഷ്ടിക്കുവാൻ ഈ പ്രതിഭാസത്തിന് കഴിയുമെന്ന് ആരോഗ്യ - സാമൂഹിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.
E.coli എന്ന ബാക്ടീരിയ ഇന്ന് മനുഷ്യൻ സാധാരണയായി ഉപയോഗിക്കുന്ന 80% ത്തിലധികം മരുന്നുകളെ പ്രതിരോധിക്കാൻ കഴിവ് നേടിയിരിക്കുന്നു. സിപ്രോഫ്ളോക്സാസിന് 46% മാണ് പ്രതിരോധം.  ഏറ്റവും ശക്തി കൂടിയ ആന്റിബയോട്ടിക്കുകളിലൊന്നായ കാർബാ പെനത്തിന് എതിരെ പോലും10-50 % രോഗാണുക്കൾ പ്രതിരോധം നേടിയ വാർത്ത മെഡിക്കൽ രംഗത്തെ ഞെട്ടിച്ചിട്ടുണ്ട്.
പുതിയ ആന്റിബയോട്ടിക്കുകളിലേക്ക് ശാസ്ത്രം എത്തിച്ചേർന്നിട്ട് 20 വർഷങ്ങൾ കഴിഞ്ഞു. ഇന്ന് ലഭ്യമായിട്ടുള്ള എറ്റവും ശക്തി കൂടിയ ആന്റിബയോട്ടിക്കുകൾക്കു വരെ രോഗാണുക്കൾ പ്രതിരോധം നേടുന്നത് മനുഷ്യരാശിക്കു നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. രോഗാണുബാധ കൊണ്ട് മനുഷ്യൻ മരിക്കുന്ന അവസ്ഥ പെനിസിലിന് മുമ്പുള്ള അപരിഷ്കൃതമായ കാലത്തേക്ക് ഒറ്റയടിക്ക് മനുഷ്യനെ വലിച്ചെറിയാനാണ് ഇടവരുത്തുന്നത്.
2018-ൽ കേരളം ഇന്ത്യയിൽ ആദ്യമായി ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ ശക്തമായ പദ്ധതിയുമായി മുന്നോട്ട് വന്നത് ശ്ലാഘനീയമാണ് . കർസാപ്  (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ആക്ഷൻ പ്ലാൻ) വഴി പഠനം, ഗവേഷണം, പ്രവർത്തന പദ്ധതികൾ എന്നിവ മുൻ നിർത്തി ആന്റി ബയോട്ടിക്  പ്രതിരോധത്തെക്കുറിച്ച് ഗഹനമായ ആസൂത്രണമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

ഡോ.മുരളീധരൻ
ഐ.എം.എ. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് കമ്മിറ്റിനാഷണൽ കൺവീനർ

ആന്റിബയോട്ടിക്കിനെതിരെയുള്ള അണുക്കളുടെ പ്രതിരോധം നിരീക്ഷിക്കാൻ രാജ്യത്ത് ആദ്യമായി സംവിധാനം ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ആന്റിബയോട്ടിക് പ്രതിരാേധത്തിൽ കേരളം എവിടെ എത്തിനിൽക്കുന്നു? അടുത്തഭാ​ഗത്തിൽ വായിക്കാം.