കേരളം ഇനി പേടിക്കേണ്ടത് യെല്ലോ ഫീവറിനെ(Yellow fever)യെന്ന് ആരോഗ്യ വിദഗ്ധന്‍ ബി. ഇക്ബാല്‍. കേരളത്തില്‍ ഈഡിസ് ഇജിപ്തൈ കൊതുകുകളുടെ സാന്ദ്രത സിക്ക രോഗവ്യാപനം ഉണ്ടാക്കിയതു പോലെയാണ് യെല്ലോ ഫീവര്‍ വരാനുള്ള സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്ത്‌ മുന്നില്‍ നില്‍ക്കുന്ന പല രാജ്യങ്ങളിലും നമ്മൾ നേരിടുന്നതുപോലെ പകര്‍ച്ചവ്യാധികള്‍ ഇത്രയധികമില്ല. അവ കൊണ്ടുള്ള മരണവും ഇത്രയേറെയില്ല. അതിനാല്‍ കൊതുകുനിവാരണത്തിലും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും കൂടുതൽ ശ്രദ്ധ നല്‍കണമെന്നും ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. വലിയ തുക കൊടുത്ത് സംരക്ഷിച്ചു നിര്‍ത്തുന്ന, പ്രധാനമായും ചികിത്സയെ കേന്ദ്രീകരിച്ചുള്ള ആരോഗ്യ സംവിധാനമാണ് നമ്മുടേത്. അത് മാതൃകയെന്ന് പറയാനാവില്ലെന്നും രോഗ പ്രതിരോധത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപോഷണത്തിനുമുള്ള പ്രാധാന്യമാണ് നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിപ വൈറസ് ബാധ ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ കേരളം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം മാതൃഭൂമി ഡോട്ട്‌ കോമിനോട് സംസാരിക്കുന്നു.

To advertise here,

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിപ പോസിറ്റീവ് കേസുകളൊന്നും പുതുതായി രേഖപ്പെടുത്തിയിട്ടില്ല. നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍ നമ്മള്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് പറയുന്നു. പക്ഷെ, ഉറവിടം ഇന്നും അജ്ഞാതമാണ്. ആദ്യ നിപ ഔട്ട്‌ബ്രേക്കിലും ഉറവിടം സഥിരീകരിക്കാന്‍ നമുക്കായില്ല. രോഗവ്യാപനം തടഞ്ഞ ഈ സാഹചര്യത്തില്‍ ഇനി ചെയ്യേണ്ടതും ശ്രദ്ധകൊടുക്കേണ്ടതുമായ തുടര്‍നടപടികള്‍ എന്തെല്ലാമാണ് ?

ലോകമാതൃകയെന്നൊന്നും പറയുന്നത് ഉചിതമല്ല. മലേഷ്യയും സിംഗപ്പൂരും ഒരു പരിധിവരെ ബംഗ്ളാദേശും നിപയെ പ്രതിരോധിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. . എന്നാൽ, മലേഷ്യയിലും ബംഗ്ളാദേശിലും നിപ ഔട്ട്‌ബ്രേക്കില്‍ നൂറിലധികം പേര്‍ മരണമടഞ്ഞു. നാം തുടക്കത്തിൽ തന്നെ നിപയെ തിരിച്ചറിഞ്ഞതു കൊണ്ട് വ്യാപനം തടയാനായി. മറ്റ് രാജ്യങ്ങളുടെ അനുഭവത്തിൽനിന്നു നമുക്ക് പലതും പഠിക്കാനായത് കൊണ്ടാണ് ഫലപ്രദമായ പ്രതിരോധം നടത്താൻ കഴിഞ്ഞത്. അപ്പോഴും നമ്മള്‍ കാണേണ്ട മറ്റൊരു സംഗതി മലേഷ്യയില്‍ നിപ 1998-99 -ൽ പൊട്ടിപ്പുറപ്പെട്ട ശേഷം പിന്നീടൊരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. ബംഗ്ലാദേശിൻ്റെ ആരോഗ്യസംവിധാനം നമ്മുടേതിനേക്കാൾ പിന്നിലായത് കൊണ്ടാണ് അവിടെ ആവർത്തിച്ച് രോഗമുണ്ടായത്. എന്നിട്ടും പനങ്കള്ളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നുള്ള വ്യക്തമായ രോഗ ഉറവിടം അവര്‍ കണ്ടെത്തി. വൈറൽ വേട്ടക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബംഗ്ളാദേശുകാരനായ പർവേഷ് അഹമ്മദ്, അമേരിക്കൻ ശാസ്ത്രജ്ഞരായ ജോൻ എർലിക്ക്, ജോ ആന്‍ എര്‍ലിക്, സ്റ്റീഫ്രൻ ലൂബി എന്നീ വൈറോളജിസ്റ്റുകളാണ് അത് കണ്ടെത്തുന്നത്. എന്നാൽ, നമുക്കിത് വരെ നിപ വൈറസ് വവ്വാലുകളിൽനിന്നു മനുഷ്യരിലെങ്ങിനെയെത്തി എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് തുടക്കത്തിൽ നന്നെ നിയന്ത്രിക്കുന്നതിൽ നമ്മൾ വിജയിച്ചെങ്കിലും ഉറവിടം ഇന്നും അജ്ഞാതമാണ്.

നിപ പോലുള്ള ജന്തുജന്യ രോഗം വവ്വാല്‍ വഴിയാണ് വരുന്നത്. ജന്തുജന്യരോഗങ്ങളുമായി ബന്ധപ്പെട്ട് നമുക്ക് ഗവേഷണ സാധ്യതയുള്ള ഏജന്‍സികളുണ്ട്. വെറ്ററിനറി സര്‍വ്വകലാശാലയുണ്ട്. ആനിമല്‍ ഹസ്‌ബെന്‍ഡറി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുണ്ട്. ഇത്രയും ഗവേഷണ സ്ഥാപനങ്ങളുണ്ടായിട്ടും വവ്വാലിലൂടെ ഈ വൈറസ് എങ്ങനെ മനുഷ്യനിലേക്ക് എത്തിയെന്നോ വവ്വാലിനെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരനായ ജീവിയുണ്ടോ ഇല്ലയോ എന്നോ കണ്ടെത്താനായിട്ടില്ല. വവ്വാല്‍ കടിച്ച പഴം തിന്നിട്ടായിരിക്കാം ഒരു പക്ഷെ രോഗം മനുഷ്യരിലേക്കെത്തിയത്. പക്ഷെ, അത് ഊഹം മാത്രമാണ്. തെളിയിക്കപ്പെട്ടിട്ടില്ല. ആ ലിങ്ക് കണ്ടെത്തുന്നത് വരെ നിപ വരവ് ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇതില്‍ ഏറ്റവും പ്രധാനം വവ്വാലില്‍നിന്ന് മറ്റൊരു ജീവിയിലേക്കുള്ള വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് നോക്കുകയാണ്. Spill over, Jumping എന്നാണിതിനെ വിശേഷിപ്പിക്കുക. 2018-ൽ നിപ വന്നപ്പോള്‍ തന്നെ ഉറവിടം കണ്ടെത്താനുള്ള നല്ല രീതിയിലുള്ള ശ്രമവും നടന്നിരുന്നു. പക്ഷെ, പൂര്‍ത്തീകരിച്ചില്ല. നിപ ആവർത്തിക്കുന്നതിൽ ആ പ്രദേശത്തിന്റെ സവിശേഷത, കണ്ടെത്തുന്നതിനും പ്രദേശത്തെ ജനങ്ങളെ രോഗപ്രതിരോധത്തിനായി ബോധവത്കരിക്കുന്നതിനും രോഗം എങ്ങിനെ വവാലിൽനിന്നു മനുഷ്യരിലെത്തി എന്ന കണ്ണി (Link) കണ്ടെത്തേണ്ടതുണ്ട്. കണ്ണി കണ്ടെത്തിയെങ്കിൽ മാത്രമേ ഇനി വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ഫലപ്രദമായി നടത്താന്‍ കഴിയൂ.

ഇത്തവണ ആദ്യ കേസിലെ മുഹമ്മദലിക്ക് നിപ സ്ഥിരീകരിക്കാന്‍ കഴിയാതെ പോയത് നിപയുടെ ചികിത്സാ മാനദണ്ഡങ്ങള്‍  പാലിക്കാതെ പോയതിലെ വീഴ്ചയാണെന്ന് പറയാനാവുമോ?

നിപയ്ക്ക് മാത്രമായുള്ള പ്രോട്ടോക്കോള്‍ അല്ല ആവിഷ്കരിക്കേണ്ടത്. പനി പ്രധാന രോഗക്ഷണമായി പ്രത്യക്ഷപ്പെടുന്ന രോഗങ്ങൾക്ക് പിന്തുടരേണ്ട സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈന്‍ (Standard Treatment Guidelines) ഉണ്ട്. ഈ ഗൈഡ്‌ലൈനുകള്‍ സര്‍ക്കാരിന്റെ കീഴിലെ ആശുപത്രികളില്‍ മാത്രം പാലിക്കപ്പെടാനുള്ളതല്ല. സ്വകാര്യ മേഖലയിലും അത് പാലിക്കപ്പെടണം. വൈറല്‍ പനിയുമായി ഒരാള്‍ വരുമ്പോള്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് പരിശോധിക്കും. കൗണ്ട് കുറഞ്ഞാല്‍ ചില ടെസ്റ്റുകള്‍ ചെയ്യേണ്ടി വരും. അതേ രോഗി ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ചില ടെസ്റ്റുകള്‍ ചെയ്യണം എന്ന് ഗൈഡ്‌ലൈന്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രിയിലും ഇത്തരം ഗൈഡ്‌ലൈന്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇടയ്ക്കിടെ കേസ്‌ ഷീറ്റ് കോൺഫറൻസും മോർട്ടാലിറ്റി കോൺഫറൻസും ഡെത്ത് ഓഡിറ്റിങ്ങും എല്ലാ ആശുപത്രികളും ഡിപ്പാർട്ട്മെൻ്റുകളും നടത്തി എവിടെ പിഴവുകൾ വരുന്നു എന്ന് കണ്ടെത്തി പരിഹരിക്കണം.

മുഹമ്മദലിയുടെ കേസില്‍ ആശുപത്രിക്കാര്‍ക്ക് ചെറിയ സംശയമുണ്ടായിരുന്നിരിക്കണം അതിനാലാണല്ലോ സാമ്പിള്‍ എടുത്തത്. എന്നാല്‍ രോഗി മരിച്ചു പോയത്‌കൊണ്ടാണ് സാമ്പിള്‍ ടെസ്റ്റ് ചെയ്യാതെ പോയത്. മുഹമ്മദലിയുടെ സാമ്പിള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത് കൊണ്ടാണ് രണ്ടാമത്തെ മരണം നിപയാണെന്ന സ്ഥിരീകരിച്ചപ്പോള്‍ മരിച്ചു പോയ മുഹമ്മദലിയുടെ കൂടി സാമ്പിള്‍ പരിശോധിക്കാനും ആദ്യത്തേത് നിപ കേസാണെന്ന് പിന്നീട് സഥിരീകരിക്കാനും കഴിഞ്ഞത്. അതിനാൽ മുഹമ്മദലിയെ ചികിത്സ ആശുപത്രിയെ  പൂർണ്ണമായും കുറ്റപ്പെടുത്തുന്നത് ശരിയല്ല

എന്നിരുന്നാലും 50 വയസ്സിനു താഴെയുള്ളൊരാള്‍ പനിവന്ന് മരിച്ചത് അത്ര സാധാരണ കാര്യമല്ലല്ലോ. അതിനാല്‍ തന്നെ ഡെത്ത് ഓട്ടോപ്‌സി ചെയ്ത് അത് ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ആദ്യ കേസില്‍ തന്നെ നിപ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ലേ.?

തീര്‍ച്ചയായും. നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈന്‍ എന്നത് മരിച്ചു കഴിഞ്ഞതിനു ശേഷവും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. ആശുപത്രിയില്‍ കാരണം തിരിച്ചറിയാത്ത മരണമുണ്ടായാല്‍ അത് ഓട്ടോപ്‌സി ചെയ്യണമെന്നാണ്. ഓട്ടോപ്‌സി എന്നാല്‍ പോസ്റ്റ്‌മോർട്ടമല്ല. ഇത് പാത്തോളജിസ്റ്റ് ചെയ്യുന്നതാണ്. മരണകാരണം കണ്ടെത്താനായാണ് ഇത് ചെയ്യുന്നത്. മരണകാരണമറിയാമെങ്കിലും നമ്മള്‍ ഓട്ടോപ്‌സി ചിലപ്പോള്‍ ചെയ്യാറുണ്ട്. ചില രോഗങ്ങളുടെ സവിശേഷതകൾ നമ്മുടെ പ്രദേശത്തെ പ്രത്യേകതകൾ എന്നിവയെല്ലാം മനസ്സിലാക്കാൻ ഇതുവഴി കഴിയും ഇത്തരം ഓട്ടോപ്‌സികള്‍ പകര്‍ച്ചവ്യാധി ഭാവിയിൽ ആവിർഭവിക്കുന്നത് തടയുന്നതില്‍ വലിയ സഹായമാകും.

അത്ര സാധാരണമായി കാണുന്ന പകര്‍ച്ചവ്യാധിയല്ലാത്തത് കൊണ്ടും മരണനിരക്ക് കൂടുതലായതുകൊണ്ടും നിപയ്‌ക്കെതിരേ വലിയ പ്രതിരോധക്കോട്ടയാണ് നമ്മളൊരുക്കിയത്. എന്നാല്‍, നിപ മൂലം മരിച്ചതിനേക്കാൾ കൂടുതല്‍ ആളുകള്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ മൂലം കേരളത്തിൽ മരണപ്പെടുന്നുണ്ട്. നിപ പോലെ നമ്മള്‍ ഗൗരവമായി കാണേണ്ട പകര്‍ച്ചവ്യാധികളേതെല്ലാമാണ്?

നമ്മുടെ നാട്ടില്‍ എലിപ്പനി, ഫ്ലൂ, ഡങ്കി തുടങ്ങിയ പകർച്ചവ്യാധികൾ മൂലം വർഷം തോറും നിരവധി പേര്‍ മരിക്കുന്നുണ്ട്. ഡോക്‌സിസൈക്ലിന്‍ എന്ന വില കുറഞ്ഞ മരുന്നുകൊണ്ട് എലിപ്പനി തടയാനും ചികിത്സിച്ച് ഭേദപ്പെടുത്താനും കഴിയും . പക്ഷെ, എന്നിട്ടും എലിപ്പനി വന്ന് പ്രതിവര്‍ഷം ധാരാളം പേരാണ് കേരളത്തില്‍ മരിക്കുന്നത്. എലിപ്പനിയുടെ കാര്യമെടുത്തൽ എലികൾ മാത്രമല്ല. കന്നുകാലി മൂത്രം പട്ടിമൂത്രം എന്നിവയിലൂടെയുമാണു ഈ രോഗം പലരിലേക്കും പകരുന്നത്. പാടത്തു പോവുമ്പോഴും കാലിത്തൊഴുത്തിൽ പണിയെടുക്കുമ്പോഴും ഷൂ ഇടുക, ചെരുപ്പ് ഇടുക, ഗ്ലൗസ് ധരിക്കുക എന്നതൊന്നും പാലിക്കപ്പെടുന്നില്ല. ഫ്ലൂവിനെ തടയാൻ വാക്സിനും ചികിത്സിക്കാൻ ആൻ്റി വൈറലുമുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു മാത്രമുള്ള ഡാറ്റ എടുത്തു നോക്കിയാല്‍ തന്നെ ശരാശരി 50 പേര്‍ മരിക്കുന്നതായി കാണാം. കൊതുക് നിയന്ത്രണത്തിൽ ഇതുവരെ വിജയിക്കാൻ കഴിയാത്തത് കൊണ്ടാണു ഡങ്കി പനിയും മറ്റും ഇപ്പോഴും നിലനിൽക്കുന്നത്. മരണം തടയുക പകര്‍ച്ച തടയുക എന്ന ഉദ്ദേശത്തിലാണല്ലോ നിപയെ നാം ഗൗരവമായി കാണുന്നത്. പക്ഷെ, രോഗപ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും നിയന്ത്രിക്കാൻ കഴിയുന്ന മറ്റു പല കര്‍ച്ചവ്യാധികള്‍ കാരണം പ്രതിവര്‍ഷം ധാരാളം പേർ കേരളത്തില്‍ നിപയേക്കാള്‍ കൂടുതല്‍ മരണപ്പെടുന്നുണ്ട്.

*പ്രാണിജന്യ രോഗങ്ങള്‍ക്ക് വളരെ സാധ്യതയുള്ള സമൂഹമാണല്ലോ കേരളം. മാലിന്യ നിര്‍മ്മാര്‍ജ്ജനവും കൊതുകു നിവരാണവും വിജയകരമാക്കാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നമ്മളെ കാത്തിരിക്കുന്ന, അല്ലെങ്കില്‍ ഇനി വരാന്‍ സാധ്യതയുള്ള വലിയ രോഗങ്ങള്‍ എന്തെല്ലാമാണ്?

ഞാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പറയുന്നതാണ് കേരളത്തില്‍ സിക്ക വൈറസ് ബാധയുണ്ടാകുമെന്ന്. വരുമെന്ന് പറയാനുള്ള പ്രധാന കാരണം സിക്ക ലോകത്തെല്ലായിടത്തുമുണ്ട്. അത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ എത്തിക്കഴിഞ്ഞിരുന്നു. സ്വാഭാവികമായും കേരളത്തിലും എത്തി. അതുപോലെ കേരളത്തില്‍ ഇനി വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധിയാണ് യെ്‌ല്ലോ ഫീവര്‍. ഈഡിസ് കൊതുകുകളാണ് ചിക്കന്‍ ഗുനിയയും ഡെങ്കിയും പരത്തുന്നത്. കേരളത്തില്‍ ഈഡിസ് കൊതുകു സാന്ദ്രത വളരെ കൂടുതലാണ്. ഇത് കാരണമാണ് സിക്ക വന്നത്. അതുപോലെ യെല്ലോ ഫീവര്‍ വരാനുള്ള വലിയ സാധ്യതയുമുണ്ട്.. വാക്സിനുണ്ടെങ്കിലും മരണസാധ്യത വളരെ കൂടുതലുള്ള രോഗമാണു മഞ്ഞപ്പനി.

*യെല്ലോ ഫീവര്‍ പോലുള്ള മാരകമായ പകര്‍ച്ചവ്യാധികളുടെ വരവ് തടയാനും അതിനെ നേരിടാനും ആദ്യപടി എന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാമാണ്?

കൊതുക് നിവാരണത്തിന്റെ കാര്യത്തില്‍ തദ്ദേശ ഭരണ വകുപ്പും ആരോഗ്യ വകുപ്പും തമ്മില്‍ ഏകോപനമില്ല. അതുണ്ടാവണം. കേരളം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ സാക്ഷരത തുടങ്ങിയവയിലെല്ലാം നേട്ടം കൈവരിച്ചു. പക്ഷെ, എല്ലാ നേട്ടങ്ങള്‍ക്കിടയിലും കോട്ടങ്ങളും കാണാന്‍ കഴിയും. വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റങ്ങളുണ്ടായിട്ടും കുട്ടികള്‍ വലിയ തോതിൽ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നു. ഐ.എം.ആറും എം.എം.ആറും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്ന വേളയിലാണ് ഈഡിസ് ഇജിപ്തൈ കൊതുകകളെ നിയന്ത്രിക്കാനാകാതെയും എലിപ്പനിയും ഫ്ലൂവും വന്നും നമ്മുടെ നാട്ടില്‍ ആളുകള്‍ മരിക്കുന്നത്. സംസ്ഥാന സര്‍ക്കാാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കീഴിലും ശാസ്ത്ര, വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലും നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കോട്ടങ്ങള്‍ മുറിച്ചു കടക്കാന്‍ നമുക്കാവണം. അതിന് ആദ്യം വേണ്ടത് നിലവിലെ അവസ്ഥയെ കുറിച്ച് നമുക്ക് ബോധ്യമുണ്ടാവലാണ്. എന്തിനും ഏതിനും മറ്റ് സംസ്ഥാനങ്ങളിലെ മറ്റ് രാജ്യങ്ങളിലോ എന്ത് നടക്കുന്നു എന്നുപോലുമറിയാതെ സ്വയം കേരളത്തെ പുകഴ്ത്തികൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണം. എന്ത് ചെയ്യുമ്പോഴും ഇന്ത്യക്ക് മാതൃക, ലോകത്തിന് മാതൃക എന്ന് പറയുന്നത് നമ്മള്‍ നിര്‍ത്തണം. നമ്മുടെ പരിമിതികൾ മനസ്സിലാക്കി അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നോട്ട് പോവാൻ ശ്രമിക്കണം

*ആരോഗ്യ രംഗത്ത് നമ്മള്‍ മുന്നിലെന്ന് പറയുമ്പോഴും ആത്മപരിശോധന നടത്തേണ്ട ഒരുപാട് ഇരുണ്ട ഭാഗങ്ങളുണ്ടെന്ന് സാരം.?

മുന്നിലെന്ന് പറയുമ്പോഴും മനസ്സിലാക്കേണ്ടത് നമ്മളെപ്പോലെ ആരോഗ്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പല രാജ്യങ്ങളിലും പകര്‍ച്ചവ്യാധികൾ ഇത്രയധികമില്ലെന്നതാണ്. അവ കൊണ്ടുള്ള മരണവും ഇത്രയേറെയില്ല. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും കേരളം പുറകിലാണ്. കേരളത്തില്‍ കാണുന്ന പല സാമൂഹിക തിന്‍മകളുടെയും ഡ്രഗ് അഡിക്ഷന്റെയും പ്രധാന കാരണം മാനസികാരോഗ്യക്കുറവാണ്. കൊലപാതങ്ങള്‍, വയലന്‍സ്, സോഷ്യല്‍ നെറ്റ്‌വർക്കിലെ ആക്രമണവും വൃത്തിക്കെട്ട പ്രചാരണവും എല്ലാം മാനസ്സിക വൈകല്യത്തിന്റെ സൃഷ്ടിയാണ്. അതോടൊപ്പം പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ദീർഘസ്ഥായി രോഗങ്ങളും (ജീവിതശൈലി രോഗങ്ങൾ) ഇങ്ങനെ രോഗാതുരത (High Morbidity) വളരെ കൂടുതലായ സമൂഹമാണ് നമ്മുടേത്.

മികച്ച ചികിത്സാസൗകര്യങ്ങൾ സർക്കാർ സ്വകാര്യ മേഖലകളിലുണ്ടെങ്കിലുണ്ടെങ്കിലും വളരെയേറെ പണം മുടക്കിയാണ് ആളുകളുടെ ജീവന്‍ നമ്മള്‍ രക്ഷപ്പെടുത്തിയെടുക്കുന്നത്. പൊതുജനാരോഗ്യ സേവന കേന്ദ്രങ്ങള്‍ ഏറ്റവും കാര്യക്ഷമതയോടെ പ്രവർത്തിക്കത് കേരളത്തിലാണ്. 60-70 ശതമാനം ജനങ്ങൾ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരാണ്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എടുത്തു നോക്കുകയാണെങ്കില്‍ കേരളത്തിലെ ഏത് സ്വകാര്യ ആശുപത്രികളിലും കാണാവുന്ന സാങ്കേതിക വിദ്യയും മനുഷ്യവിഭവശേഷിയും സേവനവും അവിടെയുണ്ട്. രോഗികളുടെ എണ്ണവും അവിടെ വളരെ കൂടുതലാണ്. പക്ഷെ, ആരോഗ്യമേഖലയിലെ സ്വകാര്യ ചെലവ് (Out of Pocket Expenditure) ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. വലിയ തുക കൊടുത്ത് സംരക്ഷിച്ചു നിര്‍ത്തുന്ന ആരോഗ്യമാണ് നമ്മുടെതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.. അത് മാതൃകയെന്ന് പറയാനാവില്ല. ഇവിടെയാണ് രോഗ പ്രതിരോധത്തിനും ആരോഗ്യ പരിപോഷണത്തിനുമുള്ള പ്രാധാന്യം നൽകേണ്ടത്.

പക്ഷെ, ചികിത്സയ്ക്കാണ് ഇപ്പോഴും കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് ആര്‍ദ്രം മിഷന്‍ വന്ന ശേഷം വിസ്മയകരമായ മാറ്റമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടായത്. വികസിത രാജ്യങ്ങളില്‍ പോലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ഇത്ര മികച്ച സേവനങ്ങള്‍ കാണില്ല. എന്‍.സി.ഡി. ക്ലിനിക്ക്(non communicable disease clinic), മാനസികരോഗ്യ ക്ളിനിക്ക് എന്നിവയെല്ലാം പ്രാഥാമികാരോഗ്യതലത്തിൽ തന്നെ ഇപ്പോഴുണ്ട്. അവശ്യ മരുന്നുകളുടെയെല്ലാം സ്‌റ്റോക്കുമുണ്ട്. എന്നാല്‍, ആരോഗ്യവിദ്യാഭ്യാസവും ആരോഗ്യ ബോധവത്കരണവും നടത്തേണ്ട സബ് സെൻ്ററുകൾ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ല. സബ് സെൻ്ററിൽ ചെന്ന് പ്രമേഹ രോഗിക്ക് കഴിക്കാവുന്ന പഴങ്ങള്‍ എന്തെല്ലാമാണെന്ന് അവിടുത്തെ ആരോഗ്യപ്രവര്‍ത്തകരോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കുമറിയില്ല. പ്രായം, അനുസരിച്ചുള്ള വ്യായാമം എന്തെല്ലാമെന്ന് ചോദിച്ചാലും അവര്‍ക്ക് പറയാനറിയില്ല. ഇതാണ് അവസ്ഥ. രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യഭ്യാസത്തിനും കാര്യമായ ഊന്നല്‍ നല്‍കാതെ രോഗചകിത്സ മാത്രം കേന്ദ്രീകരിച്ച് വലിയ പണം മുടക്കി നിലനിർത്തുന്ന ആരോഗ്യസംവിധാനമാണ് നമ്മുടേത്. പൊതുജനാരോഗ്യ വകുപ്പും ശക്തമായ തദ്ദേശഭരണ സംവിധാനങ്ങളുമുണ്ടായിട്ടും നമുക്ക് കൊതുക് നിവാരണം പറ്റുന്നില്ല എന്നത് നമ്മള്‍ ഇനിയെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

*മാതൃശിശു മരണ നിരക്ക് പോലെയുള്ള ആരോഗ്യരംഗത്തിലെ കേരളത്തിന്റെ സൂചികകളെല്ലാം ലോകനിലവാരത്തിലാണ്. ഒരുപാടു നാളത്തെ പ്രവര്‍ത്തനഫലമായാണ് ആ നേട്ടം കൈവരിച്ചത്. ഇതുപോലെ തന്നെ ഇനി ശ്രദ്ധ കൊടുക്കേണ്ട മേഖലയല്ലേ ജീവിതശൈലീ രോഗങ്ങള്‍. കോവിഡ് കാലത്ത് നമ്മെ ഏറ്റവും വള്‍നറബിള്‍ ആയ സമൂഹമാക്കിയതില്‍ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള പങ്കു വലുതാണല്ലോ. ആരോഗ്യമുള്ള മനുഷ്യരെ ഉണ്ടാക്കുന്നതിന് പകരം ചികിത്സാ അധിഷ്ടിതമായ ഓരോഗ്യസംവിധാനമാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നത് ഒരു പ്രശ്‌നമല്ലേ?

ശിശുമരണ നിരക്ക് പന്ത്രണ്ടില്‍ താഴേക്ക് വരാതെ ഒരുപാടു വര്‍ഷം ആ നില തുടരുകയായിരുന്നു. വിശദപരിശോധനകള്‍ക്കാടുവില്‍ ജനിച്ച് 28 ദിവസത്തിനകം സംഭവിക്കുന്ന നവജാതശിശു (Neonatal Mortality) മരണങ്ങളാണ് കൂടി നില്‍ക്കുന്നതെന്ന് കണ്ടെത്താനായി.. ജന്‍മനാ ഉള്ള ഹൃദ്രോഗമായിരുന്നു അതിനുള്ള പ്രധാന കാരണം. അമൃതയിലെ ഡോ. ബാലു വൈദ്യനാഥ് അനോമലി സ്‌കാനില്‍ ( ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്താനുള്ള സ്കാനിങ്) വിദഗ്ധനായിരുന്നു. ഹൃദയത്തിന്റെ തകരാര്‍ ഗര്‍ഭകാലത്തു തന്നെ കണ്ടെത്തനുള്ള അനോമലി സ്‌കാനിൽ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു അദ്ദേഹം. ജനിച്ചുവീണ ഉടനെ തന്നെ ഹൃദയരോഗമുള്ള കുഞ്ഞുങ്ങള്‍ക്ക് ശസ്ത്രക്രിയ ചെയ്യുകയാണെങ്കില്‍ പലരേയും നമുക്ക് രക്ഷപ്പെടുത്താം. മൂന്ന് മെഡിക്കല്‍ കോളേജുകള്‍ ഫീസ് വാങ്ങാതെ ശസ്ത്രക്രിയ ചെയ്തു കൊടുക്കാം എന്ന് പറഞ്ഞ് മുന്നോട്ടു വന്നു. കോട്ടയം മെഡിക്കല്‍ കോളേജ്, അമൃത മെഡിക്കല്‍ കോളേജ്. ശ്രീചിത്ര സെൻ്റർ ആശുപത്രി എന്നിവര്‍ മുന്നോട്ടു വന്നു. ഈ മൂന്നാശുപത്രികളും സഹകരിച്ച് നവജാത ശിശുക്കളുടെ ഹൃദയശസ്ത്രക്രിയ ഫലവത്തായി നടത്തിയതാണു ശിശുമരണ നിരക്ക് കുറഞ്ഞതിലെ പ്രധാന കാരണം.

ഈ രീതിയിൽ കേരളത്തിലെ ശിശുമരണ നിരക്ക് ഒറ്റസംഖ്യയിലേക്ക് ചുരുങ്ങിയത് അടുത്ത കാലത്തായി നമുക്കുണ്ടായ ഏറ്റവും വലിയ നേട്ടമാണ്. എന്നാലത് ഒരുപാട് കാര്യങ്ങള്‍ മറയ്ക്കുന്നുണ്ട്. പരമ്പരാഗത ആരോഗ്യസൂചികകൾ (Traditional health indicators) മാത്രമെടുക്കുമ്പോള്‍ കേരളത്തിലെ ആരോഗ്യം മികച്ചതാണെന്ന് തോന്നാം. മാതൃമരണനിരക്ക് ശിശുമരണ നിരക്ക് പോലെയുള്ള സൂചികകൾക്കപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കേരളത്തെ കുറിച്ച് തെറ്റായ ധാരണ നമുക്കുണ്ടാവും. ആരോഗ്യ മേഖലയില്‍ കേരളം മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ആ രീതിയില്‍ സാര്‍വ്വദേശീയ പ്രശസ്തി തന്നെ നമുക്ക് വന്നു ചേര്‍ന്നിട്ടുണ്ട്. 

ആയുര്‍ദൈര്‍ഘ്യം കൂടുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളും കൂടും. കാരണം പ്രായമായമവര്‍ക്ക് പല രോഗങ്ങളും പിടിപെടാൻ സാധ്യത കൂടുതലാണല്ലോ. പ്രമേഹം, രക്താതിമർദ്ദം കാന്‍സര്‍ അടക്കമുള്ള ജീവിത ശൈലിരോഗങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ദീർഘസ്ഥായി രോഗങ്ങൾ വർധിക്കാം. എന്നാൽ, പ്രതീക്ഷിക്കാവുന്നതിലും കൂടുതലായിട്ടാണു ഇത്തരം രോഗങ്ങൾ നമ്മുടെ നാട്ടിൽ കാണുന്നത്. പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലായതിനാൽ കേരളത്തെ രാജ്യത്തെ പ്രമേഹ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാറുണ്ട്. ദീർഘസ്ഥായി രോഗങ്ങളോടൊപ്പം പകര്‍ച്ചവ്യാധികളും കേരളത്തിൽ വ്യാപകമായി കാണുന്നു. ആരോഗ്യ സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മേക്കാൾ ആ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കുറവാണെന്ന് കാണാം. കേരളം അത് കൊണ്ട് ഇരട്ട രോഗഭാരം വഹിക്കുന്ന (Dpuble Disease Burden) പ്രദേശമാണെന്ന് കാണാം. മാനസികാരോഗ്യത്തില്‍ ദേശീയ നിലവാരത്തിലും പുറകിലാണ് നാം. മിക്ക ആരോഗ്യസൂചികകളിലും മാനസികാരോഗ്യനിലവാരം ഉൾപ്പെടുത്താറില്ല.

*പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ ചികിത്സയ്ക്കപ്പുറം നമ്മള്‍ ചെയ്യേണ്ട മാലിന്യ നിര്‍മ്മാര്‍ജ്ജനമടക്കമുള്ള മുന്‍കരുതലുകളെ കുറിച്ച് അങ്ങ് പഞ്ഞല്ലോ. മാനസികാരോഗ്യകാര്യത്തില്‍ നമ്മള്‍ ആദ്യം ചെയ്യേണ്ട നടപടികളെന്തെല്ലാമാണ്?

നമുക്കിവിടെ മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുണ്ട്. അതിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നില്ല. കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്ന് പ്രധാനപ്പെട്ട മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളുണ്ട്. മെഡിക്കൽ കോളേജുകളിലും ഹെൽത്ത് സർവീസസിലും മാൻസികാരോഗ്യ ഡിപ്പാർട്ട്മെൻ്റുകളുണ്ട്. കോഴിക്കോട് ഇംഹാന്‍സുമുണ്ട് (IMHANS). എന്നാൽ, ഇതെല്ലം ചിതറി കിടക്കുകയാണ് ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിച്ച് സമഗ്രമായ മാനസികാരോഗ്യ ചികിത്സാ-നിയന്ത്രണ പദ്ധതി നടപ്പിലാക്കാൻ നമുക്ക് കഴിയുന്നില്ല. മാതൃമല്ല എല്ലാ മാനസിക രോഗങ്ങളും മരുന്ന കൊടുത്ത് ചികിത്സിക്കേണ്ടതല്ല. മാനസികാരോഗ്യ കൗണ്‍സിലിങ്ങിനു വലിയ പ്രസക്തിയുണ്ട്. എന്നാൽ, കേരളത്തിലെ ഏറ്റവും ദുര്‍ബലമായ മേഖലയാണ് കൗണ്‍സിലിങ്. കൗണ്‍സിലിങ്ങ് നിലവാരം കേരളത്തില്‍ കുറവാണ് എന്നാണ് എന്റെ അഭിപ്രായം

* ഒരു പ്രത്യേക തരം പ്രിവിലജ് ഗ്രൂപ്പ് മാത്രമല്ലേ മാനസികാരോഗ്യസേവനം  തേടുന്നുള്ളൂ..ഇതിനു പുറമെ മാനസികാരോഗ്യ ചികിത്സ ഇപ്പോഴും ടാബൂ ആണ് സമൂഹത്തില്‍. നാണക്കേട് വിചാരിച്ച് ചികിത്സ നേടാതെ പോവുന്നു?

അതെ, ശാരീരിക രോഗങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകലൊന്നും തന്നെ മാനസികാരോഗ്യ കാര്യത്തില്‍ നടക്കുന്നില്ല നിലവില്‍. ആ മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കണം. എന്താണ് ഈ മേഖലയില്‍ നടക്കുന്നതെന്ന് പഠിക്കേണ്ടതുണ്ട്. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ നാല് രോഗങ്ങളാണുള്ളത് . ഓട്ടിസം, പഠന വൈകല്യം, സെറിബ്രോ ഡൈപ്ലീജിയ, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങി കുട്ടികളെ ബാധിക്കുന്ന പ്രധാനപ്പെട്ട വൈകല്യങ്ങൾ തിരിച്ചറിയാവുന്നവര്‍ പലരും കുറവാണ്. ഓട്ടിസം ചികിത്സ കേരളത്തില്‍ ഒരു ബിസ്സിനസ്സായി വളര്‍ന്നു. ഇതൊക്കെ സവിശേഷ പ്രാഗത്ഭ്യം വേണ്ട മേഖലകളാണ്. എങ്ങനെയാണ് ശാസ്ത്രീയമായി ഇടപെടേണ്ടത്? സ്‌പെഷ്യല്‍ ടീച്ചേര്‍സിന് ഉചിതമായ ട്രെയിനിങ് ലഭിക്കുന്നുണ്ടോ? ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇതുപോലെതന്നെയാണ് ഭിന്നശേഷി മേഖലയും ..ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, സാമൂഹിക നീതി വകുപ്പ്, എന്നിങ്ങനെ മൂന്ന് മേഖലകളിലായി ചിതറി കിടക്കുകയാണ്‌. ഭിന്നശേഷി പരിപാലന സ്ഥാപനങ്ങൾ ഇവിടെയും ഏകോപനത്തിൻ്റെ കുറവുണ്ട്.

*നിപ വ്യാപനം ഏതാണ്ട് നിയന്ത്രണത്തിലായി. ഇത്തവണത്തെയെങ്കിലും നിപയുടെ ഉറവിടം കണ്ടെത്തുക എന്നത് പ്രധാനമാണല്ലോ. അത് കണ്ടെത്താൻ ടീമിനെ രൂപീകരിക്കുക എന്നതാണല്ലോ ഇനി ചെയ്യേണ്ടത്. അതിലാരൊക്കെ, ഏതൊക്കെ മേഖലകളിലുള്ളവര്‍ വേണമെന്നാണ് താങ്കള്‍ കരുതുന്നത്.... ?

ഇതുമായി ബന്ധപ്പെട്ട ഗവേഷണസ്ഥാപനങ്ങളെല്ലാം വരണം. വെറ്ററിനറി സർവകലാശാല, ആനിമല്‍ ഹസ്‌ബെന്‍ഡറി വകുപ്പ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ആരോഗ്യ സര്‍വ്വകലാശാല, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.എം.ആർ. ഗവേഷണകേന്ദ്രം ഇവയെ എല്ലാം പ്രയോജനപ്പെടുത്തണം. സ്വകാര്യമേഖലയിലുള്ള വിദഗ്ദരേയും ഉൾപ്പെടുത്തണം.