
സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വിവിധ ജില്ലകളില്‍ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുക, ജലാംശം കൂടുതലുള്ള പഴങ്ങള്‍ കഴിക്കുക എന്നതൊക്കെയാണ് പ്രധാനം. അപ്പോഴും ഈ വേനല്‍ക്കാലത്ത് വേണ്ടത്ര വെള്ളം കുടിക്കാനോ ജലാംശമുള്ള പല പഴങ്ങളും കഴിക്കാനോ ഒന്നും കഴിയാത്ത വിഭാഗമുണ്ട്. കിഡ്‌നി രോഗികള്‍. ദാഹമകറ്റാനുള്ള വെള്ളം കുടിക്കാനാവാതെ കൃത്യമായ അളവില്‍ മാത്രം വെള്ളംകുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നവര്‍. എത്രത്തോളം ദുസ്സഹമായിരിക്കും അവരുടെ വേനല്‍ക്കാലം എന്ന് ഊഹിക്കാവുന്നതാണ്. കിഡ്‌നി രോഗികള്‍ വേനല്‍ക്കാലത്ത് ആരോഗ്യം കാക്കേണ്ട രീതിയേക്കുറിച്ച് പങ്കുവെക്കുകയാണ് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റായ ഡോ. ബിജു.എം.വി.
സാധാരണ ആളുകളെപ്പോലെ വെള്ളംകുടിച്ച് ദാഹമകറ്റാൻ കഴിയുന്നവരല്ലല്ലോ കിഡ്നി രോഗികൾ, വെള്ളം പരിമിതപ്പെടുത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ്?
കിഡ്നി രോഗികൾ പലതരത്തിലുണ്ട്. കിഡ്നിയുടെ പ്രവർത്തനം 20 ശതമാനം താഴെ വരുമ്പോൾ ശരീരത്തിൽ ജലം നിലനിർത്തുന്ന കഴിവ് നഷ്ടപ്പെടും. കൂടുതൽ വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ നീര് വരികയും ശ്വാസംമുട്ടൽ വരികയുമൊക്കെ ചെയ്യും. ചിലപ്പോൾ ഡയാലിസിസ് ചെയ്യേണ്ടിയും വന്നേക്കാം. വൃക്കയുടെ പ്രവർത്തനം പത്തുശതമാനത്തിൽ താഴെ വരുമ്പോഴാണ് ഡയാലിസിസ് ചെയ്യേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ഇവർ വെള്ളത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതുണ്ട്. വൃക്കയുടെ പ്രവർത്തനം പത്തുശതമാനത്തിൽ താഴെയുള്ളവർ ഒരുലിറ്റർ വെള്ളമേ ഒരുദിവസം കുടിക്കാവൂ. ചൂടുള്ള കാലാവസ്ഥയിൽ അത് ഒന്നരലിറ്റർ വരെ പോകാം.

പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ വിയർപ്പിലൂടെയും മറ്റും ധാരാളം ജലം ശരീരത്തിൽ നിന്നുപോകും. എങ്ങനെയാണ് കിഡ്നി രോഗികൾ അതിനെ മറികടക്കുക?
പലരും ഷുഗർ ഉള്ളവരും പലവിധം മരുന്നുകളും ഉപയോഗിക്കുന്നവരായിരിക്കും. അതിനാൽ നിർജലീകരണ സാധ്യതയും കൂടുതലാണ്. ശരീരത്തിൽ നീര് വരുംവിധത്തിൽ കൂടുതലായി വെള്ളം കുടിക്കാതിരിക്കുക എന്നതാണ് പ്രധാനം. കൂടുതൽ കുടിച്ചാൽ ജീവൻ തന്നെ അപകടാവസ്ഥയിലേക്ക് പോകാം. കിഡ്നി രോഗികളുടെ സ്റ്റേജ് ഏതാണ് എന്നതിന് അനുസരിച്ചാണ് വെള്ളം കുടിക്കുന്ന അളവിലൊക്കെ നിയന്ത്രണങ്ങൾ വരുത്തുക. വൃക്കയുടെ പ്രവർത്തനം അമ്പതു ശതമാനം മാത്രമുള്ള സ്റ്റേജാണെങ്കിലും വെള്ളം നിലനിർത്തുന്ന പ്രവർത്തനം കാര്യമായി തടസ്സപ്പെടില്ല. പക്ഷേ വൃക്കയുടെ പ്രവർത്തനം കുറഞ്ഞുകഴിഞ്ഞാൽ വെള്ളത്തിന്റെ കാര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്. മൂത്രം നന്നായി പോകുന്നവരാണെങ്കിൽ കുറച്ചുകൂടി ഇളവുകൾ നൽകാം.
ഈ സമയത്ത് ജലാംശമുള്ള പഴങ്ങളും പച്ചക്കറികളുമൊക്കെ ധാരാളം കഴിക്കണമെന്ന് പറയുമല്ലോ. പക്ഷേ അപ്പോഴും എല്ലാതരം പഴങ്ങളും ഇവർക്ക് കഴിക്കാനാവില്ലല്ലോ. ഏതൊക്കെയാണ് കഴിച്ചുകൂടാത്തത്? കഴിക്കാവുന്നത്?
ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയവയൊക്കെ നിയന്ത്രിക്കുന്നത് വൃക്കയാണ്. അതു പെട്ടെന്ന് കൂടുന്നതും കുറയുന്നതുമൊക്കെ പ്രശ്നമുണ്ടാക്കും. എല്ലാതരം പഴങ്ങളിലും പച്ചക്കറികളിലും തേങ്ങവെള്ളത്തിലുമൊക്കെ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്. കിഡ്നിയുടെ പ്രവർത്തനം ഇരുപതു ശതമാനത്തിൽ താഴെയുളളവരിൽ പൊട്ടാസ്യം പെട്ടെന്ന് കൂടാനിടയുണ്ട്. പപ്പായ, പേരക്ക, ആപ്പിൾ തുടങ്ങിയവയിലൊക്കെ പൊട്ടാസ്യത്തിന്റെ അളവ് കുറവാണ്. അവ മിതമായ അളവിൽ കഴിക്കാം.
കിഡ്നിരോഗികളിൽ പൊട്ടാസ്യം കൂടിക്കൊണ്ടുള്ള പ്രശ്നങ്ങളാണ് പൊതുവേ വരുന്നത്. പലതരം പച്ചക്കറികളിലും പഴവർഗങ്ങളിലും ഇവ കൂടുതലാണ്. അതുകൊണ്ടാണ് പച്ചക്കറികളൊക്കെ നന്നായി വെള്ളത്തിൽ വേവിച്ച് ഊറ്റി ഉപയോഗിക്കണമെന്ന് പറയുന്നത്.
ദാഹം മൂലം വെള്ളം ധാരാളം കുടിച്ചുവെന്നിരിക്കട്ടെ, എന്തായിരിക്കാം പ്രത്യാഘാതങ്ങൾ? ഈ സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളെന്തെങ്കിലുമുണ്ടോ?
ശരീരത്തിൽ നീര് വരുന്നതാണ് പ്രധാന ലക്ഷണം. ഒപ്പം പ്രഷർ കൂടാനും സാധ്യത കൂടുതലാണ്. ശരീരത്തിലുള്ള നീര് ഒരുഘട്ടം കഴിയുമ്പോൾ ശ്വാസകോശത്തെ ബാധിക്കും. അക്യൂട്ട് പൾമണറി എഡിമ എന്നാണ് അതിനെ പറയുന്നത്. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷവുമാണ്. അത്രത്തോളം ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഓക്സിജൻ കുറഞ്ഞ് മരണപ്പെടാനും സാധ്യത കൂടുതലാണ്.
പുറത്തുപോകുന്ന അവസരങ്ങളിൽ കിഡ്നി രോഗികൾ പ്രത്യേകം പാലിക്കേണ്ട കാര്യങ്ങളെന്തെങ്കിലും ഉണ്ടോ?
കിഡ്നി രോഗികൾ മാത്രമല്ല ഏതെങ്കിലും അസുഖം ഉള്ളവർക്കുപോലും ചൂട് കൂടുന്നത് പ്രശ്നമാണ്. പ്രമേഹമാണ് വൃക്കരോഗത്തിന്റെ പ്രധാന കാരണം. പലതരം മരുന്നുകൾ കഴിക്കുന്നവർക്കെക്കെ പെട്ടെന്ന് ശരീരത്തിന്റെ താപനിലയിൽ മാറ്റം വരാനും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും ഇടയുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ പുറത്തിറങ്ങാതിരിക്കുന്നതാണ് അഭികാമ്യം. പോവുകയാണെങ്കിൽ തന്നെ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക, ദാഹിക്കുന്നുണ്ടെങ്കിൽ കുറച്ചുവെള്ളം കുടിക്കുക എന്നിവ ചെയ്യാം.
വേനൽക്കാലത്തെ മദ്യപാനശീലത്തിൽ എത്രത്തോളം കരുതലെടുക്കണം?
മദ്യം ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുന്ന കാര്യമാണ്. കിഡ്നിയിൽ വെള്ളത്തെ നിയന്ത്രിക്കുന്നത് വാസോപ്രസിൻ എന്ന ഹോർമോണാണ്. അതിന്റെ പ്രവർത്തനം കുറയുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യും. വേനൽക്കാലത്ത് മദ്യപാനം ഒഴിവാക്കുകയോ മിതമാക്കുകയോ ചെയ്യുന്നതാണ് നല്ലത്. മദ്യപിക്കുന്നവരാണെങ്കിൽ നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
കിഡ്നിയുടെ പ്രവർത്തനം ശരിയായ നിലയിലാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ടെസ്റ്റുകൾ ഏതെല്ലാമാണ്?
ഷുഗറിന്റെ നില നോക്കണം. ലോകത്തെ ഭൂരിഭാഗം കിഡ്നി രോഗങ്ങൾക്കും പിന്നിൽ ഷുഗറാണ് കാരണം. മറ്റൊന്ന് ബ്ലഡ് പ്രഷറാണ്. ഇടയ്ക്കിടെ പ്രഷർ പരിശോധിക്കുകയും തോതിൽ വ്യത്യാസമുണ്ടെങ്കിൽ മരുന്നു കഴിച്ച് നിയന്ത്രിക്കുകയും വേണം. ബ്ലഡ്, യൂറിയ, ക്രിയാറ്റിൻ ടെസ്റ്റുകളിലൂടെ രോഗസാധ്യത നേരത്തേ തിരിച്ചറിയാൻ കഴിയും.
Content Highlights: how to take care of kidneys in summer
Published: 12 May 2024, 02:48 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented