
ജനകീയനായ ഡോക്ടർ... പ്രശസ്ത കാൻസർരോഗവിദഗ്ധനായ ഡോ. വി.പി.ഗംഗാധരന് ഏറ്റവുമധികം ചേരുന്ന വിശേഷണം ഇതാവും.. കാൻസർ എന്നു കേൾക്കുമ്പോൾ മരണം സുനിശ്ചിതം എന്നു വിശ്വസിച്ചിരുന്ന പലർക്കും പ്രത്യാശയോടെ ജീവിതത്തെ സമീപിക്കാൻ കാരണക്കാരനായ വ്യക്തിത്വമാണ് അദ്ദേഹം. കാൻസർ ഇപ്പോഴും സ്റ്റിഗ്മയായി തുടരുന്നതിനേക്കുറിച്ചും ഇക്കാലമത്രയും താൻ കണ്ടുമറക്കാത്ത മുഖങ്ങളേക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോം ഡോക്ടേഴ്സ് ഡയറിയിൽ സംസാരിക്കുകയാണ് അദ്ദേഹം.
ചുറ്റുവട്ടം ഒന്ന് അന്വേഷിച്ചാൽ കാൻസർരോഗികളുടെ വർധനവ് തിരിച്ചറിയാനാകും. കാൻസർ രോഗവിദഗ്ധൻ എന്ന നിലയിലും പതിറ്റാണ്ടുകൾ നീണ്ട സർവീസുള്ള വ്യക്തി എന്ന നിലയിലും എന്തുകൊണ്ടാണ് ഈ വർധനവെന്നാണ് കരുതുന്നത്.
കാൻസർ രോഗികളുടെ നിരക്ക് തീർച്ചയായും കൂടിയിട്ടുണ്ട്. അതിനെ രണ്ടുതലത്തിൽ കാണേണ്ടതുണ്ട്. പണ്ടത്തേക്കാൾ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലാണ് എന്നത് പ്രധാനമാണ്. ഇന്ന് ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾ വിദഗ്ധ പരിശോധനയ്ക്ക് തയ്യാറാവുകയും ചികിത്സിക്കുകയും ചെയ്യുന്നവർ കൂടുതലാണ്. മറ്റൊന്ന് മരണങ്ങളുടെ കാരണം ഇന്ന് തിരിച്ചറിയാനാവുന്നുണ്ട്. പണ്ടത്തെ മരണങ്ങളിൽ പലതും സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് ഒരു മരണം പോലും രേഖപ്പെടുത്താതെ പോകുന്നില്ല.
ഡെങ്കിപ്പനി, എച്ച്1എൻ1 എന്നപോലെയൊക്കെ ഒരുഭാഗത്ത് കാൻസർ രോഗികളുടെ നിരക്ക് കൂടുന്നു എന്നുപറഞ്ഞാൽ അത് വിശ്വസനീയമല്ല. കാരണം ഒരൊറ്റ രാത്രികൊണ്ട് ഉണ്ടാകുന്ന അസുഖമല്ലിത്. ഒരു സാധാരണ നല്ല കോശം കാൻസർ കോശമായി മാറാൻ വർഷങ്ങളെടുക്കും. കാൻസർ കൂടുന്നുണ്ട് എന്നതിനേക്കാൾ പ്രധാനം പണ്ട് കാണാത്ത പലതരം കാൻസറുകളും ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട് എന്നതാണ്. ലിവർ കാൻസർ, വൻകുടലിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, തൈറോയ്ഡ് കാൻസർ തുടങ്ങിയവയുടെ നിരക്ക് കൂടുന്നുണ്ട്. മറ്റൊന്ന് പ്രായവും കാൻസറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ പ്രായമേറുന്ന സമൂഹത്തിൽ കാൻസർ സ്ഥിരീകരിക്കുന്നതും കൂടും. സ്തനാർബുദമൊക്കെ പണ്ട് നാൽപത്തിയഞ്ചും അമ്പതും വയസ്സുള്ള സ്ത്രീകളിലാണ് കൂടുതൽ കണ്ടിരുന്നതെങ്കിൽ ഇന്നത് ഇരുപതും ഇരുപത്തിയഞ്ചും വയസ്സുള്ള പെൺകുട്ടികളിൽ സ്ഥിരീകരിക്കാൻ തുടങ്ങി. അത്തരം മാറ്റങ്ങളെയാണ് ഭീതിയോടെ കാണേണ്ടത്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രാരംഭദിശയിൽ കണ്ടുപിടിക്കാനാവുന്നതാണ് പല കാൻസറുകളും. അങ്ങനെ കണ്ടെത്തുന്ന മിക്ക കാൻസറുകളും പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്.
ചിലയിനം കാൻസറുകൾ കൂടുന്നുവെന്ന് പറഞ്ഞല്ലോ... അതിന് പിറകിലെ കാരണമെന്താവാം.
സ്ത്രീകളിൽ കൂടുതലായി കാണുന്നത് സ്തനാർബുദമാണ്. കാൻസർ ഒ.പി.യിൽ വരുന്ന മൂന്നിലൊരു സ്ത്രീയും സ്തനാർബുദ ബാധിതയാണ്. അതുമാത്രമല്ല, ഒരായുഷ്കാലത്തിൽ ഇരുപത്തിരണ്ടു സ്ത്രീയിൽ ഒരാൾക്ക് അർബുദം വരാനിടയുണ്ട്. ഇപ്പോൾ സാധാരണമായി കാണുന്ന അർബുദത്തിലൊന്ന് ഗർഭാശയഗള കാൻസറാണ് (Cervical cancer). പക്ഷേ, കൂടിവരുന്ന കാൻസർ അണ്ഡാശയ കാൻസറാണ് (Ovarian cancer). ഗർഭാശയഗള കാൻസർ കുറയുകയും ചെയ്യുന്നു. ഗർഭാശയഗള കാൻസർ കുറയാനുള്ള രണ്ടുമൂന്നു കാരണങ്ങളിലൊന്ന് ലൈംഗിക ശുചിത്വമില്ലായ്മയ്ക്ക് മാറ്റംവന്നു. എച്ച്.പി.വി. കാൻസർ സ്വീകരിക്കാൻ തുടങ്ങി എന്നതൊക്കെയാണ്. പത്തുവർഷമൊക്കെ കഴിഞ്ഞാൽ ഒവേറിയൻ കാൻസർ രണ്ടാംസ്ഥാനത്തെത്തിയേക്കാം.
നമ്മുടെ കണക്കുകൾ പലതും വികസിത രാജ്യങ്ങളിലെ അർബുദനിരക്കുകൾ തുല്യമാണ്. ഉദാഹരണത്തിന് സ്ത്രീകളിൽ സ്തനാർബുദം, പുരുഷന്മാരിൽ ശ്വാസകോശ കാൻസർ തുടങ്ങിയവ സാധാരണമാണ്. പണ്ടൊക്കെ വൻകുടലിലെ കാൻസർ, ലിവർ കാൻസർ എന്നിവ ഉള്ളവരെ അധികം കാണാറുണ്ടായിരുന്നില്ല. ഇന്ന് ഓരോ ആഴ്ചയിലും രണ്ടോമൂന്നോ വീതം ഇത്തരം അർബുദകേസുകൾ കാണുന്നുണ്ട്. അതിന്റെ പ്രധാന കാരണം ജീവിതശൈലിയാണ്. പുകവലിക്കുന്നവരിൽ പലവിധം കാൻസറിനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കുന്നവരിൽ ശ്വാസകോശ കാൻസർ സാധ്യത കൂടുമ്പോൾ പുകയില ചവയ്ക്കുന്നവരിൽ വായിലെയും തൊണ്ടയിലെയും കാൻസറിനുള്ള സാധ്യത കൂടുന്നു. മദ്യപിക്കുന്നവരിൽ അന്നനാളം, ആമാശയം, കരൾ, കുടൽ തുടങ്ങിയവയിലെ അർബുദങ്ങൾ വർധിപ്പിക്കുന്നു. ആഹാരരീതി മാറുകയും വ്യായാമം കുറയുകയും ചെയ്തതും പ്രശ്നമായി. ഇന്നൊക്കെ പ്രൊഫഷണൽ മത്സരങ്ങൾക്ക് പോകുന്നവർ മാത്രമേ കളിക്കാൻ പോകുന്നുള്ളൂ. അമിതവണ്ണവുമായി ബന്ധപ്പെട്ടുവരുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അർബുദമാണ്. കീടനാശിനികൾ, വളങ്ങൾ, വായുമലിനീകരണം, ജലമലിനീകരണം തുടങ്ങിയവയൊക്കെ അതിന്റെ ആക്കം കൂട്ടുന്നു. എന്റെയൊക്കെ കുട്ടിക്കാലത്ത് വല്ലപ്പോഴുമാണ് ഹോട്ടൽ ഭക്ഷണം കഴിക്കുക. ഇന്ന് ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഹോട്ടൽ ഭക്ഷണം വേണം എന്ന സ്ഥിതിയാണ്.
രോഗനിരക്ക് കൂടിയെങ്കിലും കാൻസർ എന്നുകേൾക്കുമ്പോഴുള്ള ആ ഭീതിക്ക് മാറ്റമുണ്ടായിട്ടില്ല. അതിന്റെ പ്രധാനകാരണം ഈ രോഗവുമായി ബന്ധപ്പെട്ടുള്ള ഉയർന്ന മരണനിരക്കാണ്. രോഗം തിരിച്ചറിയാൻ വൈകുന്നതും കാൻസർരോഗ ചികിത്സയ്ക്കുണ്ടാകുന്ന ഭീമമായ സാമ്പത്തികച്ചെലവുമൊക്ക വെല്ലുവിളികളാണ്. ഈ മേഖലകളിൽ രോഗനിരക്കിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന് തോന്നിയിട്ടുണ്ടോ?
ഏറ്റവും പ്രധാനം ഇതുരണ്ടുമല്ല, സമൂഹമാണ്. സ്റ്റിഗ്മയാണ് ഏറ്റവും വലിയ പ്രശ്നം. പുതിയ തലമുറ ഏറെ മാറിയിട്ടുണ്ട്. മാത്രമല്ല, രക്ഷപ്പെടാമെന്ന സാധ്യത മനസ്സിൽ കൊണ്ടുനടക്കുന്നവരുമാണ്. കാൻസർ ചികിത്സയിൽ വന്ന ഏറ്റവും വലിയ മാറ്റം കീമോതെറാപ്പിയോ മരുന്നുകളുടെ കണ്ടുപിടുത്തമോ ഒന്നുമല്ല, മറിച്ച് ചികിത്സിച്ച് ഭേദമാക്കാമെന്ന് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയതാണ് എന്നാണ് ഞാൻ പറയുക. സ്റ്റിഗ്മ ഇന്നുമുണ്ട്. ഒരു അമ്മയ്ക്ക് ബ്രെസ്റ്റ് കാൻസറാണെന്ന് സ്ഥിരീകരിക്കുമ്പോൾ പറയുന്നത്, മകളുടെ വിവാഹശേഷം ചികിത്സയ്ക്ക് വരാമെന്നാണ്. ഇത് കഥയല്ല, യഥാർഥ ജീവിതത്തിൽ സംഭവിക്കുന്നതാണ്. അമ്മയ്ക്ക് കാൻസറാണെന്നതിന്റെ പേരുപറഞ്ഞ് മകന് വിവാഹം ശരിയാകാത്തതിനേക്കുറിച്ച് ഒരാൾ പറഞ്ഞിരുന്നു.
മുപ്പതു ശതമാനം കാൻസറുകളും നേരത്തേ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എന്നാൽ, പേടിയും സ്റ്റിഗ്മയും കൊണ്ട് ആരും അതിന് തയ്യാറാകുന്നില്ല. ഷുഗറും കൊളസ്ട്രോളുമൊക്കെ നോക്കണമെന്നു പറഞ്ഞാൽ അടുത്ത ദിവസം തന്നെ തയ്യാറാകുന്നവരിൽ പലരും കാൻസർ സ്ക്രീനിങ്ങുകൾക്ക് തയ്യാറാവില്ല. സൗജന്യമായി മാമോഗ്രാം സ്ക്രീനിങ് ചെയ്യുമ്പോൾ പോലും അതിന് വരാത്തവരുണ്ട്. എന്തെങ്കിലും സംശയം തോന്നിക്കഴിഞ്ഞാൽ ജീവിതം കഴിഞ്ഞുവെന്ന് കരുതുന്നവരുമുണ്ട്.
കാൻസർ മാത്രമല്ല എല്ലാ ആധുനിക ചികിത്സകളും വിലയേറിയതാണ്. പക്ഷേ ആ രോഗിയുടെ ചെലവിനെ ഒരുപരിധിവരെ നിയന്ത്രിക്കുന്നത് ചികിത്സിക്കുന്ന ഡോക്ടറാണ്. രക്ഷപ്പെടുത്താൻ കഴിയില്ലെന്ന് ഉറപ്പുള്ള ഒരു രോഗിയെ വളരെയേറെ വിലകൂടിയ മരുന്നുകൊടുത്ത് ഒരാഴ്ചയോ ഒരുമാസമോ നീട്ടിക്കൊടുക്കാം എന്നതിൽ അർഥമില്ല. അത്തരമൊരാൾക്ക് അയാളുടെ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ചികിത്സയ്ക്കായി മാറ്റിവെച്ചാൽ കുടുംബം അനാഥമാവും. അതേസമയം രക്ഷപ്പെടുത്താൻ കഴിയുമെന്നുറപ്പുള്ള രോഗിയെ എന്ത് വിലകൊടുത്തും രക്ഷിക്കാനുള്ള ശ്രമങ്ങൾ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടാകണം. ചികിത്സ കഴിഞ്ഞുപോയവരുടെ ഗ്രൂപ്പായ കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹായം പലപ്പോഴും ലഭിക്കാറുണ്ട്. അവരിൽ പലരും കാൻസർവിമുക്തരായി ജോലിക്കും മറ്റും തിരികെ പ്രവേശിച്ചിട്ടുള്ളവരാണ്. ബുദ്ധിമുട്ടുള്ള ഒരു രോഗിയുണ്ടെന്ന് പറഞ്ഞാൽ നമ്മൾ നോക്കിക്കോളാം എന്നാണ് അവരൊക്കെ പറയുക. ചികിത്സാചെലവ് മുഴുവൻ അവർ നോക്കിക്കോളും. ആ ശൃംഖലയിലെ കേന്ദ്രകഥാപാത്രം ഡോക്ടറാണെന്നേയുള്ളു.
ചില ബന്ധങ്ങളെപ്പോലെത്തന്നെ ശരീരത്തേയും ടേക്കൻ ഫോർ ഗ്രാന്റഡ് ആയി കാണുന്നവരാണ് ഭൂരിഭാഗംപേരും. ശരീരം പലതരം ലക്ഷണങ്ങൾ പ്രകടിപ്പിച്ചാലും അത് ഗൗരവത്തിലെടുക്കാത്തവർ. അതേക്കുറിച്ച്? ഒപ്പം കാൻസർ സ്ഥിരീകരിക്കുന്നതിനുമുമ്പേ ശരീരം കാണിക്കുന്ന പ്രധാനലക്ഷണങ്ങൾ എന്തൊക്കെയാണ്?
കാൻസറിന്റേതു മാത്രമായിട്ടുള്ള ലക്ഷണങ്ങൾ എന്നൊന്നില്ല. വേദനയില്ലാതെ വളരുന്ന മുഴകൾ, വിട്ടുമാറാത്ത ചുമ, മലമൂത്ര വിസർജനത്തിലെ വ്യത്യാസം, രക്തസ്രാവം, അകാരണമായ തൂക്കക്കുറവ്, ശബ്ദത്തിലുള്ള വ്യത്യാസം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. ഇതൊക്കെ പലരിലും പലഘട്ടങ്ങളിലായി അനുഭവപ്പെട്ടിട്ടുണ്ടാവും. പലപ്പോഴും നിസ്സാരവൽക്കരിച്ച് വിടുകയും ചെയ്യും. പല കാൻസറുകളും പ്രാരംഭദിശയിൽ കണ്ടുപിടിക്കാനാവുന്നതാണ്, അതിന് പ്രാധാന്യം നൽകുകയാണ് പ്രധാനം. നേരത്തേ കണ്ടെത്തി ചികിത്സിക്കാൻ സാധ്യതയുള്ള കാൻസറിൽ പ്രധാനമാണ് സ്തനാർബുദം. നൂറുശതമാനവും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. എന്നാൽ ശ്വാസകോശത്തിലെ കാൻസർ നേരെ തിരിച്ചാണ്, പലപ്പോഴും അവസാനഘട്ടത്തിലൊക്കെയേ തിരിച്ചറിയാനാവൂ. മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്കുവേണ്ടി നെഞ്ചിന്റെ എക്സ്-റേ ഒക്കെയെടുക്കുമ്പോൾ അസ്വാഭാവികത തോന്നി വിദഗ്ധപരിശോധന നടത്തുമ്പോഴാണ് കാൻസറാണെന്ന് തിരിച്ചറിയുക. എന്നാൽ, പ്രതിരോധിക്കാൻ കഴിയുന്ന കാൻസറാണ് ശ്വാസകോശത്തിലേത്. പുകവലി, പുകയില ശീലം നിർത്തുന്നതിലൂടെ പ്രതിരോധിക്കാനാവും. പ്രോസ്റ്റേറ്റ് കാൻസർ, വൻകുടലിലെ കാൻസർ, ഹെഡ്&നെക്ക് കാൻസർ, ബ്രെസ്റ്റ് കാൻസർ, സെർവിക്സ് കാൻസർ, കോളൻ കാൻസർ തുടങ്ങിയവ സ്ക്രീനിങ്ങിലൂടെ നേരത്തേ കണ്ടെത്താനാവുന്നതാണ്. എല്ലാ മാസവും ഷുഗറും കൊളസ്ട്രോളും നോക്കിയാലും കാൻസർ സ്ക്രീനിങ്ങിന് പോകാൻ തയ്യാറാകാത്തവരാണ് ഭൂരിഭാഗവും. മലയാളി എത്ര മരുന്ന് കഴിക്കാനും തയ്യാറാണ്, പക്ഷേ ജീവിതശൈലിയിൽ മാറ്റം വരുത്താനോ, സ്ക്രീനിങ്ങിനോ തയ്യാറാകില്ല.
നടൻ ഇന്നസെന്റ് ഡോക്ടറുടെ കീഴിൽ ചികിത്സയിലായിരുന്നല്ലോ.. ചിരിയോടെ കാൻസറിനെ നേരിട്ട അനുഭവങ്ങൾ അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. ചികിത്സയുടെ എല്ലാഘട്ടത്തിലും ആ ആത്മധൈര്യം പുലർത്തിയിരുന്നയാളാണോ ഇന്നസെന്റ്.
ഇന്നസെന്റിന്റെ ഏറ്റവും വലിയ ക്വാളിറ്റി, രോഗത്തേക്കുറിച്ച് അറിഞ്ഞയുടൻ തന്നെ അത് തുറന്നുപറയാൻ തീരുമാനിച്ചതാണ്. പലരും അതിന് മുതിരാൻ മടിക്കുന്നവരാണ്. അതിന് അവരുടേതായ കാരണങ്ങളും കാണും. ബിസിനസ്സുകാർക്കൊക്കെ തങ്ങൾക്ക് രോഗമാണെന്ന് തുറന്നുപറഞ്ഞാൽ ബിസിനസ്സിനെ ബാധിക്കുമോ എന്ന ഭയം കാണുമായിരിക്കും. കാൻസറാണെന്ന് അറിഞ്ഞതിന്റെ അടുത്തദിവസം രോഗത്തേക്കുറിച്ച് പങ്കുവെച്ചയാളാണ് ഇന്നസെന്റ്. അദ്ദേഹം അതിനൊരു കാരണവും പറഞ്ഞിരുന്നു, ഞാൻ ആരുടെയും ഒന്നും മോഷ്ടിച്ചിട്ടില്ലല്ലോ, പിന്നെന്താണ് തുറന്നുപറഞ്ഞാൽ എന്നാണ്. മാത്രമല്ല കാൻസർരോഗ പ്രതിരോധത്തിന് ശാസ്ത്രീയമായ ചികിത്സ പ്രധാനമാണ്. അക്കാര്യത്തിൽ ഒരു പുസ്തകമാണ് ഇന്നസെന്റ്. സിനിമാരംഗത്തെ പ്രമുഖ നടന്മാരുൾപ്പെടെ നിരവധിപേർ ഇന്നസെന്റിനോട് സമാന്തര ചികിത്സകളിലേക്ക് മാറുന്നതിനേക്കുറിച്ച് പറഞ്ഞിരുന്നു. ആരോടും നോ പറയാതെ എല്ലാം കേൾക്കുമെങ്കിലും ചികിത്സയുടെ വഴിയിൽ നിന്ന് വിട്ടുമാറില്ലെന്ന് തീരുമാനിച്ചിരുന്നയാളാണ് അദ്ദേഹം. കൂടാതെ രോഗത്തെ അതിന്റേതായ സ്പിരിറ്റിൽ എടുത്തയാളുമാണ്. കീമോതെറാപ്പിക്ക് വന്നാൽ നഴ്സുമാരോടൊക്കെ തമാശ പറഞ്ഞിരിക്കാറുണ്ട്. ആ മനോഭാവം അദ്ദേഹത്തെ ചികിത്സാകാലത്തുടനീളം സഹായിച്ചിട്ടുമുണ്ട്. കോവിഡ് വരുന്നതിന് തൊട്ടുമുമ്പുവരെയും അദ്ദേഹത്തിന്റെ ആരാേഗ്യത്തിന് കാര്യമായ പ്രശ്നമുണ്ടായിരുന്നില്ല. ചികിത്സയ്ക്കിടയിലാണ് സിനിമയിൽ അഭിനയിക്കുകയും രാഷ്ട്രീയത്തിൽ സജീവമാവുകയുമൊക്കെ ചെയ്തത്.

മലയാളിയെ ബോധവൽക്കരിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചയാളാണ് ഇന്നസെന്റ്. ഒരു സെലിബ്രിറ്റി രോഗത്തേക്കുറിച്ച് ഇതേപോലെ തമാശകലർത്തി തുറന്നുപറയുന്നത് ഇന്നസെന്റിന് മുമ്പുണ്ടായിട്ടില്ല.
നർമത്തിൽ ചാലിച്ച് രോഗത്തേക്കുറിച്ച് പങ്കുവെച്ചിരുന്നയാളാണ് ഇന്നസെന്റ്. നമ്മൾ എന്തെങ്കിലും പരിപാടിക്ക് അദ്ദേഹത്തെ വിളിച്ചാൽ അതിനും രസകരമായി മറുപടിയാണ് നൽകുക. ഞാനിന്ന് പരിപാടിക്ക് വന്നത് ഗംഗാധരനോടുള്ള സ്നേഹം കൊണ്ടോ, പരിപാടിയിൽ പങ്കെടുക്കാനോ അല്ല പക്ഷേ, ഗംഗാധരൻ വിളിച്ചിട്ട് വന്നില്ലെങ്കിൽ എന്റെ ചികിത്സയിൽ എന്തെങ്കിലും മായം കലർത്തിയാലോ എന്നോർത്താണ്. ഓരോ പരിപാടിക്ക് വരുമ്പോഴും ചികിത്സയിൽ വിട്ടുവീഴ്ച ചെയ്യാതെ മുമ്പോട്ടു പോകേണ്ടതിനേക്കുറിച്ച് നിരന്തരം തുറന്നുപറയുമായിരുന്നു. ഇന്നസെന്റ് മരിച്ച ദിവസം നിരവധിപേരാണ് വിളിച്ചത്. അവർക്കെല്ലാം അറിയേണ്ടിയിരുന്നത്, ഇന്നസെന്റ് മരിച്ചത് കാൻസർ ബാധിച്ചാണോ എന്നതായിരുന്നു. കാൻസർ കൊണ്ടാണ് മരിച്ചത് എന്നറിഞ്ഞിരുന്നെങ്കിൽ പലരും തകരുമായിരുന്നു. കോവിഡിന്റെ അനന്തരഫലങ്ങളാണ് ഇന്നസെന്റിന്റെ ജീവിതമെടുത്തത്.
കാൻസർ ചികിത്സയിൽ മനോധൈര്യം എത്രത്തോളം പ്രധാനമാണ്.
തീർച്ചയായും കാൻസർ ചികിത്സയിൽ മനോധൈര്യം വളരെ വലുതാണ്. അത് വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. കാൻസർ വന്നാൽ അതോടെ ജീവിതം തകർന്നുവെന്ന് കരുതുന്നവരും എന്തുവന്നാലും കാൻസറിനെതിരേ പോരാടി വിജയിക്കും എന്നു കരുതുന്നവരുമടങ്ങുന്ന രണ്ടുഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പഠനം നടന്നിട്ടുണ്ട്. ഇതിൽ പോസിറ്റീവ് മനോഭാവത്തോടെ ഇരിക്കുന്നവരിൽ രോഗത്തെ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് തെളിയിച്ചിട്ടുണ്ട്. പോസിറ്റീവായിരിക്കുന്നവരിൽ രോഗപ്രതിരോധശേഷിയെ സഹായിക്കുന്ന ഹോർമോണുകളും എൻസൈമുകളുമൊക്കെ കൂടുതലായിരിക്കും. അതുകൊണ്ടാണ് കീമോതെറാപ്പി, റേഡിയേഷൻ എന്നിവപോലെ പോസിറ്റീവ് മനോഭാവവും കാൻസർ ചികിത്സയിൽ പ്രധാനമാണെന്ന് പറയുന്നത്. സംഗീതം, യോഗ, പ്രാർഥന, മെഡിറ്റേഷൻ തുടങ്ങി അവനവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്.
ഒരു രോഗിയുടെ മുറിയിൽ കയറിയാൽ ഞങ്ങളൊരിക്കലും രോഗത്തേക്കുറിച്ച് പറയാറില്ല. നാളെ യൂറോ കപ്പ് നടക്കുകയാണെങ്കിൽ ഇംഗ്ലണ്ട് ജയിക്കുമോ അതോ സ്പെയിൻ ജയിക്കുമോ എന്ന് ചോദിക്കും. ഇങ്ങനെ ബെറ്റ് വെക്കുന്ന രീതിയിൽ ആവേശം പകർന്ന് സംസാരിക്കും. അത് അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. മറ്റൊരു ഗുണം ചികിത്സ കഴിഞ്ഞുപോയാലും ഇവരൊക്കെ നമ്മുടെ കൂടെയുണ്ടാകും. ഒരു സമ്മാനം കിട്ടിയാലോ പരീക്ഷയിൽ ജയിച്ചാലോ ജോലി കിട്ടിയാലോ ഒക്കെ ആദ്യം ഫോൺവിഴി എത്താറുണ്ട്. ചിലരൊക്കെ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയുമായി വരെ ഇവിടെയെത്താറുണ്ട്. അച്ഛനോടും അമ്മയോടും പറയാൻ പേടിയാണ്, ഡോക്ടർ സംസാരിക്കുമോ എന്നുചോദിച്ച് വരുന്നവരുണ്ട്. ദല്ലാളിന്റെ പണി വരെ എടുക്കുന്ന അവസ്ഥയാണ് എന്ന് ഞാൻ തമാശയായി പറയാറുണ്ട്.
മറ്റൊന്ന് പൊതുവേ പലർക്കുമുള്ള ഒരു തെറ്റിദ്ധാരണയാണ്. അതുവരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നയാളാണ്. പക്ഷേ കാൻസറാണെന്ന് അറിഞ്ഞ് ചികിത്സ തുടങ്ങിയപ്പോൾ മുതൽ ആരോഗ്യം വഷളായി. ചുരുങ്ങിയ സമയംകൊണ്ടു മരിച്ചു. ചികിത്സിച്ചില്ലായിരുന്നേൽ കുറച്ചുകാലം കൂടി ജീവിച്ചേനെ എന്ന്. എത്ര അപകടകരമാണ് ആ ചിന്ത.
കാൻസറാണെന്നറിഞ്ഞാൽ രോഗിയെ അറിയിക്കരുത് എന്ന് പറയുന്നവരുണ്ട്. രോഗിയും ഇക്കാര്യം പലരോടും പറയാതിരിക്കും. ഇത് സമ്മർദം കൂട്ടുകയേ ഉള്ളൂ. കഴിയുന്നതും ഹൈഡ് ചെയ്യാതിരിക്കാം. പക്ഷേ, മരിക്കുമെന്നുറപ്പുള്ളതാണെങ്കിൽ അവരോട് പറയില്ല. പല രോഗികളും രോഗത്തേക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനും തയ്യാറാണ്. വയറിൽ അർബുദം ബാധിച്ച എഴുപത്തിയഞ്ചു വയസ്സുള്ളയാൾ കഴിഞ്ഞദിവസം വന്നിരുന്നു. അദ്ദേഹത്തോട് പറയേണ്ട എന്ന് കുടുംബം പറഞ്ഞപ്പോൾ ഞാൻ കുഴപ്പമില്ല അദ്ദേഹത്തെ സമാധാനത്തോടെ പറഞ്ഞു മനസ്സിലാക്കാമെന്ന് പറഞ്ഞു. ഇപ്പോൾ ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ ഒരുമാസം കഴിയുമ്പോൾ ഒന്നും കഴിക്കാനാവില്ലെന്നും അപ്പോൾ ഒന്നും ചെയ്യാൻ പറ്റാതെയാവുമെന്നും പറഞ്ഞു. എനിക്കെത്ര ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവരും എന്നുമാത്രമാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. രോഗിയെ എങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നു എന്നതാണ് പ്രധാനം. ആമാശയത്തിലെ കാൻസറാണ്, വലിയ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞാൽ രോഗിയുടെ ആത്മവിശ്വാസം അതോടെ തീരും.
മാതൃഭൂമിഡോട്ട്കോമിൽ തന്നെ പ്രസിദ്ധീകരിക്കുന്ന സ്നേഹഗംഗ എന്ന കോളത്തിൽ അനുഭവങ്ങൾ പങ്കുവെക്കാറുണ്ടല്ലോ. അതിലൊരിക്കൽ എഴുതിയിരുന്നു, ഡോക്ടറുടെ അടുത്താണ് ചികിത്സിക്കാൻ വരുന്നതെന്ന് പറയരുത്, കാരണം അറിഞ്ഞുകഴിഞ്ഞാൽ കാൻസറാണെന്ന് തിരിച്ചറിയും എന്ന് പറയുന്നവരുണ്ടെന്ന്. അത്തരം അനുഭവങ്ങളേക്കുറിച്ച് പറയാമോ.
അത് വളരെ ചെറിയ അനുഭവമാണ്. പണ്ടൊക്കെ കല്ല്യാണത്തിന് വിളിച്ചതിനുശേഷം ഡോക്ടർ വരരുത് എന്ന് പറയുന്നവരുണ്ടായിരുന്നു. അവരിലാരും എന്റെയടുത്ത് ചികിത്സിക്കുന്നവരൊന്നുമാകില്ല. പക്ഷേ, മറ്റുള്ളവർ തെറ്റിദ്ധരിക്കരുത് എന്നോർത്താണ് വരരുത് എന്ന് പറയുന്നത്. കല്ല്യാണത്തിന് പോയാൽ കല്ല്യാണചെക്കൻ പെണ്ണിനാണോ അസുഖമെന്നും തിരിച്ചുമൊക്കെ വിചാരിച്ചാലോ എന്നോർത്താവും. ഇപ്പോൾ പക്ഷേ മാറി, കല്ല്യാണത്തിന് വിളിച്ച് വരണമെന്ന് പറയുന്നവരാണ് കൂടുതൽ.
ഡോക്ടർ എപ്പോഴും പറയാറുണ്ടല്ലോ, രോഗം ഒരാളെ നല്ലവനാക്കുമെന്ന്. ഡോക്ടറും രോഗാവസ്ഥയെ അതിജീവിച്ചു വന്നയാളാണ്. ശരിക്കും മാനസികമായും പ്യൂരിഫിക്കേഷൻ നടക്കുന്നുണ്ടോ.
രണ്ടാമതൊരു ജീവിതം കിട്ടുമ്പോൾ അവർക്ക് ലഭിക്കുന്ന അനുഭവങ്ങൾ വലുതാണ്. ജീവിതത്തോടുള്ള അവരുടെ കാഴ്ചപ്പാട് മുഴുവൻ മാറും. അതിലെ ചെറിയൊരു പ്രതിഫലനം ചികിത്സിക്കുന്ന ഡോക്ടറിലും വരും. മുപ്പതോ നാൽപതോ വർഷം മുമ്പ് ചികിത്സിച്ചിരുന്ന ഞാനല്ല ഇപ്പോഴുള്ളത്. പ്രാധാന്യങ്ങളിലൊക്കെ മാറ്റം വന്നു. ജീവിതം ഇത്രയേ ഉള്ളൂ, ഇതിനപ്പുറം മറ്റൊന്നുമില്ല എന്ന തിരിച്ചറിവ് വരികയാണ്. കോവിഡ് കാലത്ത് മിക്കയാളുകളും തിരിച്ചറിഞ്ഞ കാര്യവുമാണത്.
(തുടരും....)
Content Highlights: cancer rising rates stigma oncologist dr vp gangadharan
Published: 27 Sept 2024, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented