
മാനസികാരോഗ്യ പ്രശ്നങ്ങളോട് ഇന്നും മുഖംതിരിച്ചു നിൽക്കുന്ന സമൂഹമാണ് നമ്മുടേത്. ശരീരത്തിനു വരുന്ന അസുഖത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നോ അത്രതന്നെ മാനസികപ്രശ്നങ്ങൾക്കും പ്രാമുഖ്യം നൽകണം. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ബാധിച്ച് സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അടുത്തിടെ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡറുമായി ജീവിച്ചിരുന്ന മകൾ ആത്മഹത്യ ചെയ്തതിനേക്കുറിച്ച് ഒരു അച്ഛൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. എത്രത്തോളം ഗൗരവകരമായ സ്ഥിതിവിശേഷമാണിതെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളജ് മനോരോഗ വിഭാഗം മുൻ മേധാവി ഡോ. കെ.എസ്. പ്രഭാവതി.
ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ ബി.പി.ഡി. എന്ന അവസ്ഥയിലൂടെ കടന്നുപോയ ഒരു കുട്ടി ആത്മഹത്യ ചെയ്ത വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. കുട്ടിയുടെ അച്ഛൻ തന്നെയാണ് വിവരം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. സോഷ്യലി വളരെയധികം ആക്റ്റീവായ കുട്ടിയായിരുന്നിട്ടുകൂടി നിസ്സഹായയാവുകയാണ് ഉണ്ടായത്. എത്രത്തോളം ഗൗരവകരമായ സ്ഥിതിവിശേഷമാണത്.
വളരെയധികം ശ്രദ്ധ അർഹിക്കുന്ന വിഷയമാണിത്. ആത്മഹത്യ എന്നത് മറ്റ് ചികിത്സിച്ച് ഭേദമാക്കാനാകാത്ത അസുഖങ്ങളെപ്പോലെയല്ല. ഒരുപരിധിവരെ തടയാവുന്നതാണ്. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരിൽ വലിയൊരു ശതമാനവും അവരുടെ ജീവിതകാലത്ത് ആത്മഹത്യാശ്രമം നടത്തുന്നുണ്ട്. പിന്നീട് ഇവരിൽ എട്ടു തൊട്ട് പത്തു ശതമാനം വരെ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതിൽ നിന്നുതന്നെ ഈ അവസ്ഥ കൊണ്ടുണ്ട് സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കാം.

മുമ്പുപറഞ്ഞ കുട്ടി ഏഴാം ക്ലാസ്സ് മുതൽ ബി.പി.ഡി.ക്കു മരുന്നു കഴിച്ചിരുന്നു എന്നാണ് പറയുന്നത്. ഇത്ര ചെറുപ്പത്തിലേ ബി.പി.ഡി. ബാധിക്കുന്നത് സാധാരണമാണോ? എത്തരം ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക.
ജീവിക്കുന്ന സാഹചര്യം, സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, കുടുംബാന്തരീക്ഷം തുടങ്ങിയവയിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള മാറ്റങ്ങൾ കാണുമ്പേൾ ശ്രദ്ധിക്കണം. ചില പ്രത്യേകതകൾ ചെറുപ്പത്തിലേ കാണും. കൗമാരപ്രായം കഴിയുമ്പോഴും യുവത്വത്തിന്റെ തുടക്കത്തിലുമായിരിക്കും കൂടുതൽ പ്രകടമാവുക. ഈ കാലമെത്തുമ്പോഴേക്ക് ചെറുപ്പത്തിൽ കാണുന്ന ബുദ്ധിമുട്ടുകൾ കുറച്ചുകൂടി തീവ്രമാവുകയാണ് ചെയ്യുന്നത്. കുട്ടികളുടെ ചലനങ്ങൾ ശ്രദ്ധിക്കുന്ന മാതാപിതാക്കൾക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. പെരുമാറ്റം, സംസാരം, വൈകാരികതയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയിൽ നിന്ന് തിരിച്ചറിയാം.
കുട്ടികളിൽ ഇത്തരം മാറ്റങ്ങളുണ്ടാകുമ്പോൾ അസ്വാഭാവികത തോന്നാതിരിക്കുക സാധാരണമല്ലേ? പ്രത്യേകിച്ച് ദേഷ്യം, വാശി തുടങ്ങിയവയൊക്കെ കുട്ടികളിൽ പൊതുവേ കാണുന്നതുമാണല്ലോ.
കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതാണ് ഇതിനുള്ള പരിഹാരം. ഉദാഹരണത്തിന് മൂന്നുവയസ്സുള്ള കുട്ടിയാണെങ്കിൽ ഒരു പാവയെ കൊടുത്താൽ ചേർത്തുപിടിക്കും, കുറേക്കാലം കൊണ്ടുനടക്കും. അങ്ങനെയാണ് അവർ ബന്ധങ്ങളെ രൂപീകരിക്കുന്നത്. എന്നാൽ കുറച്ച് കളിച്ചതിനുശേഷം പിന്നീട് വിരക്തി കാണിക്കുക, ദേഷ്യം, വാശി എന്നിവ പ്രകടിപ്പിക്കുക തുടങ്ങിയവ കണ്ടാൽ ശ്രദ്ധിക്കണം. ഇതൊക്കെ കുട്ടികളിൽ സാധാരണ കാണാമെങ്കിലും ആ സാഹചര്യത്തിൽ ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന രീതിയിലാണെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്.
ശാരീരികാരോഗ്യത്തെ അപേക്ഷിച്ച് മാനസികാരോഗ്യത്തിന് ഇപ്പോഴും വളരെ കുറവ് പരിഗണന നൽകുന്ന സമൂഹമാണ് നമ്മുടേത്. വിഷാദരോഗത്തേ കുറിച്ചൊക്കെ ചർച്ചകൾ വരുന്നുണ്ടെങ്കിലും ബി.പി.ഡിയേക്കുറിച്ച് വലിയ ധാരണ അധികം ആളുകൾക്കുമില്ല. ലളിതമായി പറഞ്ഞാൽ എന്താണ് ബി.പി.ഡി.
മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നതിൽ പുറമേ എല്ലാവരും ചർച്ച ചെയ്യുകയും വിഷാദമുണ്ടായിരുന്നു ചികിത്സയെടുത്തു എന്നു പറയുകയൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ, അത്രതന്നെ ബിപിഡി, അല്ലെങ്കിൽ പേഴ്സണാലിറ്റി ഡിസോർഡേഴ്സ് എന്നിവയേക്കുറിച്ച് എഴുത്തുകളും ചർച്ചകളുമൊക്കെ താരതമ്യേന കുറവാണ്. ഒരുവ്യക്തിയുടെ പേഴ്സണാലിറ്റി എന്നത് പാരമ്പര്യമായിട്ടും വളരുന്ന സാഹചര്യമായുമൊക്കെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. വ്യക്തിയുടെ മാനസിക പ്രക്രിയകൾ, ചിന്തകൾ, കാര്യങ്ങൾ മനസ്സിലാക്കുന്ന രീതി, വൈകാരികത തുടങ്ങയ ഘടകങ്ങളിലെല്ലാം എന്തെങ്കിലും പ്രത്യേകതകളുണ്ടായി, അതുകാരണം ചുറ്റുമുള്ള ആളുകൾക്ക് സുഖകരമല്ലാത്ത അവസ്ഥ വരുമ്പോഴാണ് ആ വ്യക്തിക്ക് പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ട് എന്നു പറയുന്നത്. സ്ഥിരതക്കുറവ് ഇവരിൽ പ്രധാനമായി കാണാനാവും. ഒരാൾ ഇന്ന രീതിയിൽ പെരുമാറും എന്ന് നമുക്ക് അറിയാമായിരിക്കും. പക്ഷേ ഈ വ്യക്തികളുടെ കാര്യത്തിൽ അങ്ങനെ പ്രെഡിക്റ്റ് ചെയ്യാൻ കഴിയില്ല. ഇക്കൂട്ടർ എങ്ങനെ, എപ്പോൾ പെരുമാറുമെന്ന് പ്രവചിക്കാനാവില്ല. ബന്ധങ്ങളുടെ കാര്യത്തിലും ഈ അസ്ഥിരത ഉണ്ടാകും.
പലപ്പോഴും വിഷാദരോഗത്തിന്റേയും ബി.പി.ഡി.യുടേയും ലക്ഷണങ്ങളിൽ സമാനതകളില്ലേ? എങ്ങനെയാണ് തിരിച്ചറിയാനാവുക.
ബി.പി.ഡി. ഉള്ളവരിൽ വൈകാരിക ഭാവങ്ങൾ മാറിമറിഞ്ഞിരിക്കുമല്ലോ. അതിന്റെ ഒരുവശം മാത്രമാണ് വിഷാദരോഗത്തിൽ കാണുന്നതുപോലെയുള്ള ലക്ഷണങ്ങൾ. വിഷാദം, സങ്കടം, ഉൾവലിയൽ തുടങ്ങിയവയൊക്കെ കാണാം. ബി.പി.ഡി.യും വിഷാദരോഗവും ഒന്നല്ല. വിഷാദത്തിന്റെ ഉപവിഭാഗവുമല്ല ബി.പി.ഡി. പക്ഷേ ഈ അവസ്ഥ ഉള്ള ആളുകളിൽ മുപ്പതു-നാൽപത് ശതമാനം പേർക്കും വിഷാദരോഗമുണ്ടാകാം.
ബി.പി.ഡി. എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണ്, സ്ഥായിയാണ്, ചെറുപ്പത്തിലേ തുടങ്ങും, ജീവിക്കുന്നിടത്തോളം കൂടെ ഉണ്ടാകും. പക്ഷേ വിഷാദരോഗം എന്നത് ജീവിതകാലഘട്ടത്തിൽ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെടുന്നതാണ്. എപ്പോഴും അകാരണമായും വരുന്ന സങ്കടം, ഒന്നിലും താൽപര്യമില്ലായ്ക, എഴുന്നേൽക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാൻപോലും കഴിയായ്ക, ശാരീരിക പ്രശ്നങ്ങളില്ലാതെ തന്നെ വയ്യ എന്നു തോന്നുക തുടങ്ങിയവയാണ് വിഷാദരോഗത്തിന്റെ മുഖമുദ്ര. അതുകൂടാതെ തന്നെ വിഷാദരോഗം വന്നാൽ ചികിത്സിച്ചാലും ഇല്ലെങ്കിലും കുറച്ചുമാസങ്ങൾക്കുശേഷം ഭേദമാകാം.
ബി.പി.ഡി. ഉള്ള വ്യക്തികൾക്ക് സൗഹൃദങ്ങളിലും ആഴത്തിലുള്ള ആത്മബന്ധങ്ങളിലുമൊന്നും വിശ്വാസം അർപ്പിക്കാൻ കഴിയാതെ വരുമെന്ന് കേട്ടിട്ടുണ്ട്. എന്തുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്.
ബി.പി.ഡി.യുടെ മുഖമുദ്രയാണ് അസ്ഥിരമായ ബന്ധങ്ങൾ. ഒരു വ്യക്തിയുമായുള്ള ബന്ധം ഉടലെടുക്കുന്നത് യുക്തി ഉപയോഗിച്ചും വൈകാരികാവസ്ഥയിലൂടെയുമൊക്കെയാണ്. ഒരു ബന്ധത്തിൽ വിശ്വസിക്കാനുള്ള കഴിവ് രൂപപ്പെടുന്നത് ചെറുപ്പംമുതലുള്ള അനുഭവങ്ങളിലൂടെയാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തൊട്ട് അതിനു പങ്കുണ്ട്. ചെറുപ്പത്തിലുള്ള വിഷമകരമായ അവസ്ഥകൾ, അരക്ഷിതാവസ്ഥകൾ, സിംഗിൾ പാരന്റിങ്, തുടങ്ങി കുട്ടിക്കാലത്ത് നേരിടുന്ന പ്രശ്നങ്ങളൊക്കെ കാരണമാകാം. മറ്റു വ്യക്തികളിൽ ഇവരിലുള്ള കുറവുകൾകൂടി കാണാം. മറ്റേ വ്യക്തി ഉദ്ദേശിക്കാത്ത രീതിയിലുള്ള കാര്യങ്ങളായിരിക്കാം മനസ്സിലാക്കുന്നതോ, അനുഭവിക്കുന്നതോ ഒക്കെ.
ബി.പി.ഡി. ഉള്ളവർക്ക് ഒന്നിലും സ്ഥിരത ഉണ്ടാകില്ല. ദേഷ്യം, സങ്കടം, നിരാശ, സന്തോഷം തുടങ്ങിയ വികാരങ്ങളെല്ലാം മാറിമറിഞ്ഞിരിക്കും. അതുകൊണ്ടാണ് സ്ഥിരത ഇല്ല എന്നു പറയുന്നത്. വ്യക്തിബന്ധങ്ങൾ വളരെക്കാലം നന്നായി കൊണ്ടുപോകാനും കഴിയില്ല. അതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന രീതിയിലേക്ക് മാറിപ്പോവും. സ്വന്തം വ്യക്തിത്വത്തേക്കുറിച്ചോ ലക്ഷ്യങ്ങളേക്കുറിച്ചോ ഉള്ള ബോധമൊന്നും കൃത്യമായുണ്ടാകില്ല. ബന്ധങ്ങളിലും സംഘർഷങ്ങളിലുമൊക്കെ എടുത്തുചാട്ടമുണ്ടാകും. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമൊക്കെ താനിപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് പറയാനിടയുണ്ട്.
ബി.പി.ഡി. ലക്ഷണങ്ങൾ സങ്കീർണമാകുന്നുവെന്നും ചികിത്സ അനിവാര്യമാണെന്നും എങ്ങനെയാണ് തിരിച്ചറിയാനാവുക.
ബി.പി.ഡി. ഉള്ളവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതം വളരെ ദുസ്സഹമായിരിക്കും. ഒരു സുപ്രഭാതത്തിൽ മിണ്ടാതെ മുറിയിൽ കയറിയിരിക്കുക, അല്ലെങ്കിൽ പൊട്ടിത്തെറിക്കുക, കാര്യങ്ങൾ വകതിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന രീതിയിൽ പ്രതികരിക്കുക, ചിലപ്പോൾ ഭർത്താവിനെയോ മക്കളെയോ അടിക്കുക, ഇന്ന കാര്യം ചെയ്തില്ലെങ്കിൽ ആത്മത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തുക, സ്വയം ഹനിക്കുന്ന കാര്യങ്ങൾ ചെയ്യുക തുടങ്ങിയവയാണ് സങ്കീർണമാകുന്ന ലക്ഷണങ്ങൾ.
മാനസികാരോഗ്യ പ്രശ്നങ്ങളിലേറെയും സങ്കീർണമാകുന്നതിന് പിന്നിൽ എന്തെങ്കിലും ട്രിഗറിങ് ഫാക്റ്റേഴ്സ് കൂടിയുണ്ടാകില്ലേ? അവയെന്തെന്ന് തിരിച്ചരിഞ്ഞ് പരമാവധി ഒഴിവാക്കുന്നത് ഗുണം ചെയ്യുമോ?
ചുറ്റുവട്ടത്തുള്ള കാര്യങ്ങളാവാം കാരണമാവുക. മറ്റുള്ളവർക്ക് വളരെ സാധാരണമെന്ന് തോന്നുന്ന കാര്യങ്ങൾ പലതും അവരിൽ ട്രിഗർ ചെയ്യുന്നുണ്ടാകാം. നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലാവില്ല അവർ മനസ്സിലാക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ മ്യാവൂ എന്ന സിനിമയിൽ പാനിക് അറ്റാക്കിനേക്കുറിച്ച് പറയുന്ന ഒരു രംഗമുണ്ട്. ആങ്സൈറ്റി കൂടുന്നതുകൊണ്ടുണ്ടാകുന്നത്, ശുദ്ധമലയാളത്തിൽ വട്ട് എന്നാണ് പറയുന്നത്. മാറ്റങ്ങൾ വരുന്നുണ്ടെന്നു പറയുമ്പോഴും ഈ നൂറ്റാണ്ടിലും ഇതുപോലുള്ള പരാമർശങ്ങൾ വരുന്നതും ഇത്തരം പ്രശ്നങ്ങൾ അഡ്രസ്സ് ചെയ്യപ്പെടാതെപോകാൻ കാരണമാകില്ലേ? മാനസികാരോഗ്യപ്രശ്നമെന്നാൽ ഭ്രാന്താണെന്ന് ഊട്ടിയുറപ്പിക്കുകയല്ലേ ഇവയൊക്കെ?
തീർച്ചയായും മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. ജനങ്ങൾക്ക് തിരിച്ചറിയാനുള്ള കഴിവും ഉണ്ടാക്കിക്കൊടുക്കണം. ഇതൊരു ശാസ്ത്രീയമായ സിനിമയല്ല, ശാസ്ത്രമല്ല പറയുന്നത് എന്ന് മനസ്സിലാക്കിക്കൊടുക്കാൻ കഴിയണം. മനസ്സിന്റെ അസുഖങ്ങൾക്ക് ചികിത്സ തേടുക എന്നുപറഞ്ഞാൽ ഭ്രാന്ത്, സൈക്കോസിസ് ആണെന്നൊക്കെയാണ് ആളുകൾ ധരിച്ചിരിക്കുന്നത്. അതൊക്കെ ഒന്നോ രണ്ടോ ശതമാനം പേരിൽ മാത്രമേ ഉള്ളൂ. ആളുകളെ പ്രബുദ്ധരാക്കാനും അജ്ഞത തുടച്ചുനീക്കാനും സിസ്റ്റത്തിന് കഴിയണം. സ്കൂളുകളിലൊക്കെ ശരീരത്തേക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്, പക്ഷേ മനസ്സിനേക്കുറിച്ചോ അതിനുണ്ടാകുന്ന അസുഖങ്ങളേക്കുറിച്ചോ പഠിപ്പിക്കുന്നുണ്ടോ? എന്തിനധികം എം.ബി.ബി.എസ് വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽപ്പോലും സൈക്യാട്രി, അല്ലെങ്കിൽ മാനസികാരോഗ്യം ഒരു പരീക്ഷാവിഷയമല്ല. അവിടെ തന്നെ ഒരുപാട് പുറകിലാണ്. ശാരീരിക അസുഖം പോലെ തന്നെ പാരമ്പര്യം, ഹോർമോൺ, ന്യൂറോട്രാൻസ്മിറ്റേഴ്സ്, സാമൂഹികപരമായ കാര്യങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് മാനസികരോഗങ്ങൾക്കും കാരമമാകുന്നത്. സ്റ്റിഗ്മ എന്നത് തുടച്ചുനീക്കിയേ പറ്റൂ.
ഗാഡ്ജറ്റുകളിൽ ജീവിക്കുന്ന സമൂഹമാണ് ഇന്നത്തേത്. മുതിർന്നവരോ, കുട്ടികളോ എന്നില്ലാതെ മൊബൈലിനോടും മറ്റ് ഇലക്ട്രോണിക് വസ്തുക്കളോടും ആസക്തിയുള്ളവർ. പല വീടുകളിലും സംസാരം കുറഞ്ഞു. ഇതെത്രത്തോളം മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്?
കുടുംബത്തിൽ നിന്ന് തുടങ്ങണം. കൂട്ടുകുടംബങ്ങൾ അസ്തമിച്ചു കഴിഞ്ഞു. ജീവിക്കണമെങ്കിൽ അച്ഛനും അമ്മയും ജോലി ചെയ്യണം. പക്ഷേ തിരക്കിനിടയിൽ കുട്ടികൾക്ക് മതിയായ കരുതൽ കിട്ടുന്നുണ്ടാകില്ല. മൊബൈൽ ആസക്തി, പ്രണയബന്ധങ്ങൾ, രോഗത്തിന്റെ ലക്ഷണം തുടങ്ങിയവയൊക്കെ കുട്ടികളെ നിരീക്ഷിച്ചാൽ മനസ്സിലാകും. പക്ഷേ അതിനുള്ള സമയം മാതാപിതാക്കൾക്ക് കിട്ടുന്നുണ്ടാകില്ല. പണ്ടൊക്കെ അമ്മയ്ക്ക് തിരക്കായാലും മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടാകും. ഇന്നത് ഇല്ലാത്തതിനാൽ കുട്ടികൾ ഗാഡ്ജറ്റുകളിലേക്ക് തിരിയുകയാണ്. അതുകൂടാതെ ജീവിതരീതിയിലുണ്ടായ മാറ്റവും പ്രധാനമാണ്. മുമ്പത്തെ തലമുറയുടേതുപോലെ കൃത്യതയില്ല. തോന്നുമ്പോൾ കിടക്കുക. ഉച്ചയ്ക്ക് എഴുന്നേൽക്കുക. ബ്രേക്ഫാസ്റ്റില്ല, ലഞ്ചും ഡിന്നറും വൈകിക്കഴിക്കുക, ഫാസ്റ്റ് ഫുഡ്, വ്യായാമമില്ലായ്ക തുടങ്ങിയവയൊക്കെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതുപോലെ മാനസികാരോഗ്യത്തേയും ബാധിക്കും.
മാനസികാരോഗങ്ങൾക്കുള്ള മരുന്നുകളേക്കുറിച്ച് പറയുമ്പോൾ അവയുടെ പാർശ്വഫലങ്ങളേക്കുറിച്ച് പറയുന്നവരാണ് ഭൂരിഭാഗവും. ഇത്തരം മരുന്നുകൾ ആസക്തിയുണ്ടാക്കുന്നവയാണെന്നും ഒരിക്കൽ തുടങ്ങിയാൽ നിർത്താനാവില്ലെന്നും കരുതുന്നവരുണ്ട്.
ഏതൊരു അസുഖത്തേപ്പോലെയുമാണ് മാനസികരോഗങ്ങളും. മനസ്സിന്റെ പ്രവർത്തനങ്ങൾ, ചിന്ത, പെരുമാറ്റം തുടങ്ങിയവയൊക്കെ പ്രശ്നങ്ങൾ വരുമ്പോൾ ഡോക്ടറെ കണ്ട് ചികിത്സ തേടണം . അല്ലാത്തപക്ഷം വ്യക്തിയുടെ ജീവിതം തന്നെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മാനസികമായ അസ്വസ്ഥകൾ ഉള്ള ആളുകൾക്ക് കൊടുക്കുന്ന മരുന്നുകളേക്കുറിച്ച് വ്യാപകമായി തന്നെ തെറ്റിദ്ധാരണകളുണ്ട്. മാനസികരോഗത്തിനുള്ള മരുന്നുകൾ ആളുകളെ മയക്കിക്കിടത്തുകയാണ് ചെയ്യുന്നത്, അത്തരം മരുന്നുകളോട് അടിമത്വം ഉണ്ടാക്കും എന്നൊക്കെ പറയുന്നത് തെറ്റാണ്. ഇത്തരം മരുന്നുകളിലേറെയും ആസക്തിയേ ഉണ്ടാക്കാത്തതാണ്. ഒന്നോരണ്ടോ ശതമാനം മാത്രമേ ആസക്തിയുണ്ടാക്കുന്നത് ഉണ്ടാകുള്ളൂ. ഡോക്ടർ വളരെയധികം ശ്രദ്ധിച്ച് രോഗലക്ഷണങ്ങൾ മനസ്സിലാക്കി യുക്തിപൂർവമാണ് മരുന്ന് നൽകുക. അത്തരത്തിൽ വ്യക്തമായ ധാരണകളുള്ള ഡോക്ടറുടെ അടുത്ത് പോവുകയാണെങ്കിൽ മരുന്നിനേക്കുറിച്ച് ഭയക്കേണ്ട ആവശ്യമേയില്ല.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്ന ഒരു വ്യക്തി ചികിത്സയ്ക്കെത്തിയാൽ എങ്ങനെയായിരിക്കും തുടർ ചികിത്സാരീതികൾ.
മാനസികമായ അവസ്ഥ വിശകലനം ചെയ്യുക എന്നത് സമയമെടുത്ത് ചെയ്യേണ്ട പ്രക്രിയയാണ്. ആ വ്യക്തി ജീവിക്കുന്ന ചുറ്റുപാട്, പാരമ്പര്യ ഘടകങ്ങൾ, വളർന്ന രീതി, വ്യക്തിത്വം, കുടുംബം, ഇപ്പോഴുള്ള മാറ്റങ്ങൾ തുടങ്ങിയവയൊക്കെ മനസ്സിലാക്കി രോഗിയോടും അവരുമായി ബന്ധപ്പെട്ടവരോടും സംസാരിക്കും. അങ്ങനെയാണ് രോഗനിർണയം നടത്തുക. രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. പലതരത്തിലുള്ള ചികിത്സാരീതികളുടെ സമുച്ചയമാണ് സ്വീകരിക്കുക. കുടുംബത്തെ അസുഖത്തേക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കും. ചില അസുഖങ്ങളിൽ മരുന്നിനായിരിക്കും മുൻതൂക്കം, ചില അസുഖങ്ങളിൽ മരുന്ന് ആവശ്യമായുണ്ടാകില്ല. ചിലതിൽ സംയുക്തമായ ചികിത്സാരീതിയായിരിക്കും. വ്യക്തിയുടെ പ്രത്യേകതകൾക്ക് അനുസരിച്ചാണ് ചികിത്സ നിർണയിക്കുക.
മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടുന്ന കുട്ടികളിൽ ഭൂരിഭാഗവും ബി.പി.ഡി. ഉള്ളവരാണെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
അസ്ഥിരമായിരിക്കുന്നതുകൊണ്ടുതന്നെ ഇവർ പലപ്പോഴും അഭയംതേടുന്നത് ലഹരിയിലിയാരിക്കും. സങ്കടവും വിഷാദവുമൊക്കെ തീർക്കാൻ ഡോക്ടറെ കാണുകയോ വിദഗ്ധ അഭിപ്രായം തേടുകയോ ചെയ്യുന്നതിന് പകരം സ്വയം ആശ്വസിക്കാൻ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടുകയാണ് ചെയ്യുന്നത്. ഇത് മനസ്സിന്റെ പ്രശ്നമാണെന്ന് അറിഞ്ഞാലും ഇത്തരം ഡോക്ടർമാരുടെ അടുത്ത് പോകേണ്ട എന്ന് ചിന്തിക്കുന്നവരുമുണ്ടാകും.
Content Highlights: borderline personality disorder interview with psychiatrist ks prabhavathi
Published: 08 May 2024, 10:50 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented