ജീവിതത്തിൽ വിവിധ തരത്തിലുള്ള ട്രോമകളിലൂടെ കടന്നുപോയവരായിരിക്കും പലയാളുകളും. ചിലർക്ക് പെട്ടെന്ന് അത്തരം ഇരുണ്ട ഓർമകളെ അതിജീവിക്കാനാവുമെങ്കിൽ മറ്റു ചിലർക്ക് മനസ്സിനേൽക്കുന്ന മുറിവുകൾ ആഘാതങ്ങളായി കാലങ്ങളോളം കൂടെയുണ്ടാകും. മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും അത്തരം ട്രോമകളുണ്ടാകാം. അവ തിരിച്ചറിഞ്ഞ് ശാസ്ത്രീയ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ട്രോമയേക്കുറിച്ചും മനസ്സിനേറ്റ ആഘാതങ്ങൾ ഫ്ലാഷ്ബാക്കുകളായെത്തുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അവസ്ഥയേക്കുറിച്ചും അതിനെ അതിജീവിക്കേണ്ടതിനേക്കുറിച്ചും പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ടോം വർ​ഗീസ്.

To advertise here,

കഴിഞ്ഞ കുറച്ചുനാളുകളായി സങ്കടക്കടലിലാണ് കേരളം. ദുരന്തത്തെ അതിജീവിച്ചവരുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ സർക്കാർതലത്തിൽ പലവിധ പദ്ധതികളും ഒരുങ്ങുന്നുമുണ്ട്. എത്രത്തോളം പ്രധാനമാണ് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന വിഷയത്തിനുകൂടി പ്രാധാന്യം നൽകൽ.

കേരളം അടുത്തകാലത്ത് കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ നടന്നത്. അവരുടെ സുരക്ഷയും അടിസ്ഥാന ആവശ്യങ്ങളും ഉറപ്പുവരുത്തുക എന്നതാണ് നിലവിൽ ഏറ്റവും പ്രധനാം. അതിനൊപ്പംതന്നെ അവരുടെ മാനസികാരോഗ്യപ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങൾ മാത്രമല്ല,  യുദ്ധങ്ങൾ, അപകടങ്ങൾ, ശാരീരികമോ ലൈംഗികമോ  ആയ ആക്രമണങ്ങൾ തുടങ്ങിയവ അതിജീവിച്ചവരിൽ കുറച്ചു ശതമാനം ആളുകൾക്കെങ്കിലും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അവസ്ഥ വരാം. ഇത് അവരുടെ പുനരധിവാസത്തെ വളരെയധികം ബാധിക്കും. അതിനാൽ തന്നെ പി.ടി.എസ്.ഡി. വരാതിരിക്കാനും വന്നുകഴിഞ്ഞാൽ പരിഹാരംതേടാനും ശ്രമിക്കണം.

ട്രോമ അനുഭവിക്കുന്ന സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടിനെ അക്യൂട്ട് സ്ട്രെസ്സ് റിയാക്ഷൻ എന്നാണ് പറയുന്നത്. ഒരു രോഗാവസ്ഥയുമല്ലിത്. അസാധാരണമായുണ്ടായ ഒരു പ്രതിസന്ധിയോടുള്ള സാധാരണമായ പ്രതികരണമാണ്. പക്ഷേ, ആ ആഘാതം ഏറ്റ എല്ലാവർക്കും ഭാവിയിൽ പി.ടി.എസ്.ഡി. വരണമെന്നില്ല. കണക്കുകൾ പറയുന്നതുപ്രകാരം ഏകദേശം മൂന്നിലൊരാൾക്ക് പി.ടി.എസ്.ഡി.യുടെ ലക്ഷണങ്ങൾ കാണാറുണ്ട് എന്നാണ്.

പണ്ട് യുദ്ധവുമായി ബന്ധപ്പെട്ട് ആളുകളുടെ ട്രോമയെ അഡ്രസ് ചെയ്തപ്പോഴാണ് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന പദമൊക്കെ വിശേഷിപ്പിച്ച് തുടങ്ങിയത്. എത്തരത്തിലുള്ള അനുഭവങ്ങളൊക്കെയാണ് ഇത്തരം ട്രോമകളിലേക്ക് നയിക്കുക? എല്ലാ ട്രോമയും പി.ടി.എസ്.ഡി.യ്ക്ക് കാരണമാകുമോ.

സ്വാഭാവികമോ മാനുഷികമോ ആയ ദുരന്തങ്ങൾ, ടോർച്ചർ തുടങ്ങിയവ പി.ടി.എസ്.ഡി.യിലേക്ക് നയിക്കാം. എത്രത്തോളം തീവ്രമായ ട്രോമയാണോ അത്രത്തോളം പി.ടി.എസ്.ഡി. വരാനുള്ള സാധ്യതയും കൂടുതലാണ്. അനുഭവിക്കുന്നവരിൽ മാത്രമല്ല, നേരിൽ കാണുന്നവരിലും പി.ടി.എസ്.ഡി വരാം. ട്രോമയിൽ നേരിട്ട് ഉൾപ്പെടണമെന്നില്ല, വേണ്ടപ്പെട്ടവർ ദുരന്തത്തിൽ ഉൾപ്പെട്ടു എന്നറിയുന്നതുപോലും പി.ടി.എസ്.ഡി.യിലേക്ക് നയിക്കാം. അനുഭവിക്കുന്നവർക്ക് ഇത് വെറും ഓർമകളായല്ല, മറിച്ച് വീണ്ടും ആ ദുരന്തസ്ഥലത്തേക്ക് എത്തിപ്പെട്ടതായാണ് തോന്നുക.

പി.ടി.എസ്.ഡി.യുടെ ഭാ​ഗമായി ഉണ്ടാകുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്.

പ്രധാനമായും മൂന്നു രീതിയിലാണ് ലക്ഷണങ്ങൾ പ്രകടമാവുക. അതിൽ ആദ്യത്തേത് റീ എക്സ്പീരിയൻസിങ്. അന്നു നടന്ന ആ ദുരന്തം വീണ്ടും ആ വ്യക്തി അനുഭവിക്കുകയാണ്. നടന്ന ആഘാതത്തെ വെറുതെ ഓർമിക്കുകയല്ല, പൂർണമായും ആ ദുരന്തത്തിൽ ഉൾപ്പെട്ടതായി അനുഭവപ്പെടുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ദുരന്തത്തിന്റെ ദൃശ്യങ്ങളോ അതേ ശബ്ദമോ  മണമോ ഒക്കെ അനുഭവപ്പെട്ട് ആ ലോകത്തേക്ക് താൽക്കാലികമായി പോവുകയാണ് ചെയ്യുന്നത്. ഇത് സമ്മർദം വർധിപ്പിക്കുകയും നെഞ്ചിടിപ്പ് കൂടുക, ശരീരം വിയർക്കുക, തൊണ്ട വരളുക, ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് ഓടുക തുടങ്ങിയവയൊക്കെ ഉണ്ടായേക്കാം. ഇതിനൊപ്പം ഉറക്കത്തിലും തകരാറുകളുണ്ടാകും. ഇതേ ഓർമകൾ ഉറക്കത്തിൽ സ്വപ്നങ്ങളായി വരികയും ഞെട്ടിയെഴുന്നേൽക്കുകയും ചെയ്യും.

മറ്റൊന്ന് അവോയ്​ഡൻസ് ആണ്. ട്രോമയുമായി ബന്ധപ്പെട്ട , അതിനെ ഓർമിപ്പിക്കുന്ന എല്ലാ കാര്യങ്ങളെയും ഒഴിവാക്കാൻ ശ്രമിക്കും. എന്തെങ്കിലും സാഹചര്യങ്ങളാൽ ഈ ട്രോമ ട്രിഗർ ചെയ്താൽ അമിതമായ ഉത്കണ്ഠ ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകും. എപ്പോഴും കൂടിനിൽക്കുന്ന ഉത്കണ്ഠ അഥവാ ഹൈപ്പർ വിജിലൻസാണ് മറ്റൊരു ലക്ഷണം. ചെറിയൊരു ശബ്ദം കേട്ടാൽപ്പോലും ഞെട്ടുക, അതുവരെ ആകുലപ്പെടാതിരുന്ന പലകാര്യങ്ങളും ഓർത്ത് ഉത്കണ്ഠപ്പെടുക തുടങ്ങിയവയാണ് ഇവിടെ കാണുക. തന്റെ തെറ്റു കൊണ്ടാണ് അപകടം സംഭവിച്ചതെന്നോ, താൻമാത്രം അപകടത്തെ അതിജീവിച്ചത് എന്തുകൊണ്ടെന്നോ തുടങ്ങിയ കുറ്റബോധവും പി.ടി.എസ്.ഡി. ഉള്ളവരിൽ കാണാം.

 പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി ഒരിക്കൽ പി.ടി.എസ്.ഡി.യെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 2022-ൽ ന്യൂയോർക്കിൽ വച്ചുണ്ടായ വധശ്രമത്തിനു പിന്നാലെ ഒരു കൈ തളരുകയും ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാവുകയുമൊക്കെ ചെയ്തിരുന്നു. എഴുതാനിരിക്കുമ്പോഴൊക്കെ ആ ട്രോമ തന്റെ മനസ്സിലേക്ക് വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. എഴുതുന്നതൊന്നും ശരിയായിരുന്നില്ലെന്നും അതിനു കാരണം ട്രോമയാണെന്നും പറഞ്ഞിരുന്നു. ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കുമോ പ്രകടമാവുക.

സൽമാൻ റുഷ്ദിയുടെ ലക്ഷണം പി.ടി.എസ്.ഡിയുടെ അവോയ്ഡൻസ് എന്ന വിഭാഗത്തിൽപ്പെടും. ട്രോമയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കാൻ ശ്രമിക്കും. എഴുതാൻ തുടങ്ങുമ്പോൾ ആ ട്രോമ വരികയും ഉത്കണ്ഠ കൂടുകയും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും ചെയ്യും. അതിനാൽ ആ അവസ്ഥയുണ്ടാകാതിരിക്കാൻ അവോയ്​ഡൻസ് ബിഹേവിയർ പ്രകടമാക്കും. പകുതിയോളം പേരിൽ കുറച്ചുമാസങ്ങൾക്കുള്ളിൽത്തന്നെ പി.ടി.എസ്.ഡി മാറാനുമിടയുണ്ട്. ചിലരിൽമാത്രം നീണ്ടുനിന്ന് സങ്കീർണമാവും.

ദുരന്തത്തിന് ഇരകളായവർ മാത്രമല്ല ഈ വാർത്തകൾ നിരന്തരം കണ്ടിരിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങളുണ്ടാവുമല്ലോ? വരാതിരിക്കാൻ എന്തുചെയ്യാം.

ദുരന്തവുമായി നേരിട്ട് ബന്ധമുള്ളവരാകില്ല ഇക്കൂട്ടർ. എങ്കിലും ഇത്തരം കാഴ്ചകൾ അവരെയും ബാധിക്കാനിടയുണ്ട്. പോലീസ് ഓഫീസർമാർ, ഫയർഫോഴ്സ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരിലൊക്കെ പി.ടി.എസ്.ഡി. യുടെ സാധ്യത കാണാം. ഇത്തരം വിഷമങ്ങൾ ഉള്ളിൽ വച്ചിരിക്കാതെ മറ്റുള്ളവരുമായി പങ്കിടാൻ ശ്രമിക്കുക. അത് ഒരുപരിധിവരെ ട്രോമയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. അതിലും മാറ്റം തോന്നുന്നില്ലെങ്കിൽ ആ സാഹചര്യത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നതാണ് നല്ലത്. ശേഷം മാനസികാവസ്ഥ മെച്ചപ്പെടുത്തി തിരികെവരാം. ദുരന്തത്തിൽ ഏർപ്പെട്ട എല്ലാവരും എന്തെങ്കിലും രീതിയിലുള്ള ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ശാസ്ത്രീയ ചികിത്സ തേടാനും ശ്രദ്ധിക്കണം.

മുതിർന്നവരിൽ മാത്രമാണോ പി.ടി.എസ്.ഡി. ഉണ്ടാവുക? കുട്ടികളിൽ അത്തരം ലക്ഷണങ്ങൾ എന്തൊക്കെയായിരിക്കും? കുട്ടികളിൽ ട്രോമയുണ്ടാകാൻ ഇടയാക്കുന്ന കാര്യങ്ങൾ എന്തൊക്കെയാവാം.

കുട്ടികളിൽ മുതിർന്നവരുടേതിനു സമാനമായ ലക്ഷണങ്ങളല്ല കാണുക. ട്രോമയുണ്ടാകുന്ന എന്തെങ്കിലും അനുഭവങ്ങളിലൂടെ കടന്നുപോയ കുട്ടികളുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് പി.ടി.എസ്.ഡി.യുടെ ലക്ഷണങ്ങളാണോ എന്ന് ശ്രദ്ധിക്കണം. അതുവരെ വലിയ കുഴപ്പമില്ലാതിരുന്ന കുട്ടി അമിതമായി വാശിപിടിക്കുക, പഠനത്തിലും മറ്റുകാര്യങ്ങളിലും പിന്നോട്ടുപോവുക, ഉറക്കത്തിനിടയിൽ മൂത്രമൊഴിക്കുക തുടങ്ങിയവയൊക്കെ കണ്ടാൽ ശ്രദ്ധിക്കണം. അതുകൂടാതെ കളിക്കുമ്പോഴും പടം വരയ്ക്കുമ്പോഴുമൊക്കെ ഈ ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തീമാക്കുന്നതെങ്കിലും ശ്രദ്ധിക്കണം. അല്ലാതെ കുട്ടികൾ പൊതുവേ അത്തരംകാര്യങ്ങൾ തുറന്നുപറയാറില്ല.

കുട്ടികളിൽ ഏറ്റവും ട്രോമാറ്റിക് ആയ കാര്യം മാതാപിതാക്കൾ നഷ്ടപ്പെടുന്നതാണ്. അതോടെ വളർന്നുവരുന്ന സാഹചര്യങ്ങളിൽ നിന്ന് പെട്ടെന്ന് പറിച്ചുനടപ്പെടുകയാണ്. ചെറിയ സംഭവങ്ങൾപ്പോലും കുട്ടികളിൽ വലിയ മുറിവേൽപ്പിക്കുകയും ചെയ്യാം. പ്രതിസന്ധികൾ തരണംചെയ്യാൻ ചിലരിൽ സ്വതസിദ്ധമായ കഴിവുകളുണ്ടാകും. അമിതമായി വാശിപിടിക്കുകയോ, ദേഷ്യമില്ലാത്തതോ ആയ കുട്ടികളാണെങ്കിൽ അവരിൽ പി.ടി.എസ്.ഡി വരാൻ സാധ്യത കൂടുതലാണ്. മറിച്ച് വൈകാരികമായ, പെട്ടെന്ന് ടെൻഷനാകുന്ന കുട്ടികളിൽ സാധ്യത കൂടുതലുമാണ്. ചെറുപ്പത്തിൽ ഇതേ പ്രകൃതം ഉള്ളവർ വലുതായാലും പി.ടി.എസ്.ഡി വരാനിടയുണ്ട്.

പാനിക് അറ്റാക്കിന് സമാനമായ ലക്ഷണങ്ങളാണ് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോർഡറിലും പ്രകടമാകുന്നത്. പി.ടി.എസ്.ഡി. ഉള്ളവരിൽ പാനിക് അറ്റാക്ക് സാധ്യത കൂടുതലാണോ.

അമിതമായി ഉത്കണ്ഠ അല്ലെങ്കിൽ വേവലാതി കണ്ടുവരുന്ന അവസ്ഥയാണ് പാനിക് അറ്റാക്ക്. നെഞ്ചിടിപ്പ്, നെഞ്ചിലും വയറിലും അസ്വസ്ഥത, തൊണ്ടവരളുക, വിയർക്കുക, മരിക്കാൻ പോകുന്നു, എന്തോ മോശം സംഭവിക്കുന്നുവെന്നുള്ള തോന്നലുകൾ  തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. പലപ്പോഴും ഹാർട്ട് അറ്റാക്കുമായി തെറ്റിദ്ധരിക്കാറുമുണ്ട്. ലക്ഷണങ്ങൾ കാണുമ്പോൾ കാഷ്വാൽറ്റിയിൽ പോവുകയും ഇ.സി.ജി. എടുക്കുമ്പോൾ ചെറുതായി ഹൃദയമിടിപ്പ് കൂടുന്നുവെങ്കിലും മറ്റുപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. വീണ്ടും ഇങ്ങനെ ഉണ്ടാകുമ്പോഴാണ് പാനിക് അറ്റാക്ക് ആണെന്ന് തിരിച്ചറിഞ്ഞ് മാനസികരോ​ഗവിദ​ഗ്ധന്റെ അടുക്കലെത്തുക. ഇതേപ്രശ്നങ്ങളാണ് പി.ടി.എസ്.ഡി.യിൽ ഉണ്ടാവുക. പക്ഷേ,  പാനിക് അറ്റാക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വരാം, എന്നാൽ പി.ടി.എസ്.ഡി. അങ്ങനെയല്ല. ഓർമകളുമായി ബന്ധപ്പെട്ടുള്ളതാണ്. അവ വീണ്ടും അനുഭവിക്കുന്നതായി തോന്നി പാനിക് അറ്റാക്ക് വരികയാണ് ചെയ്യുന്നത്. 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ഇത്തരം ലക്ഷണങ്ങളിലൂടെ കടന്നുപോകുന്നവരെ ചുറ്റുമുള്ളവർ മനസ്സിലാക്കേണ്ടത് എത്രത്തോളം പ്രധാനമാണ്? തൊഴിലിടത്തിലും വീടുകളിലുമൊക്കെ ഏതുരീതിയിൽ പിന്തുണയ്ക്കാനാവും.

ട്രോമയ്ക്കുശേഷമുള്ള അവരുടെ പ്രവർത്തനങ്ങൾ പണ്ടത്തെപ്പോലെയാവണമെന്നില്ല. പ്രത്യേകിച്ച് ഓർമക്കുറവ് ചിലരിൽ ഉണ്ടാകാറുണ്ട്. ഇത് തൊഴിലിടത്തിൽ ബാധിച്ചേക്കാം. ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ കഴിയാതിരിക്കുകയും ഉത്കണ്ഠ വർധിക്കുകയുമൊക്കെ ചെയ്യാം. പരമാവധി അവരെ മാനസികമായി പിന്തുണയ്ക്കണം. പക്ഷേ ഒരിക്കലും അവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നിർബന്ധിച്ചുകൊണ്ടാകരുത്. ചിലർക്ക് അവരുടെ ട്രോമയെക്കുറിച്ച് സംസാരിക്കുമ്പോൾ വീണ്ടും ഫ്ലാഷ്ബാക്കുകൾ വന്ന് വഷളാവാൻ സാധ്യതയുണ്ട്. തുറന്നുപറയാൻ സന്നദ്ധത കാണിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവസരം നൽകാം. പക്ഷേ, എല്ലായ്പ്പോഴും മാനസികരോ​ഗവിദ​ഗ്ധന്റെ സഹായം തേടുക എന്നത് പ്രധാനമാണ്. 

എന്തെങ്കിലും മാനസികരോ​ഗപ്രശ്നങ്ങൾ അനുഭവിക്കുന്നവരോട് ഒന്ന് സിനിമയ്ക്ക് പോയോ, യാത്ര ചെയ്തോ ഒക്കെ ചിൽ ചെയ്താൽ എല്ലാം ശരിയാവും എന്നുപറയുന്നവരുണ്ട്. അങ്ങനെ ചിൽ ചെയ്താൽ ശരിയാകുന്നതാണോ ഇത്തരം പ്രശ്നങ്ങൾ.

ഒരിക്കൽ വിഷാദരോ​ഗത്തിലൂടെ കടന്നുപോയ ഒരാൾ പറഞ്ഞത് അനുഭവിക്കുന്നവർക്കുമാത്രമേ അതിന്റെ ബുദ്ധിമുട്ടുകൾ എത്രത്തോളമുണ്ട് എന്ന മനസ്സിലാകൂ എന്ന്. സിനിമയ്ക്ക് പോയാലോ സുഹൃത്തുക്കളോട് സംസാരിച്ചാലോ മാറുന്നതല്ല പല മാനസികരോ​ഗപ്രശ്നങ്ങളും. അതിന് മുകളിൽ പോയിട്ടുള്ളതായതുകൊണ്ടുതന്നെ ശാസ്ത്രീയ ചികിത്സയിലൂടെ മാത്രമേ അവരെ സാധാരണ മാനസികാവസ്ഥയിലേക്ക് തിരികെയെത്തിക്കാനാവൂ. അമിതമായ ഉറക്കക്കുറവ്, പാനിക് സംബന്ധമായ ലക്ഷണങ്ങൾ തുടങ്ങിയവ കാണുന്നുണ്ടെങ്കിൽ മരുന്നെടുത്തുള്ള ചികിത്സയും നൽകാറുണ്ട്.

ആവർത്തിച്ച് ട്രോമ അനുഭവിച്ചവരിലായിരിക്കുമോ അതല്ലെങ്കിൽ കടുത്ത ആഘാതം ഏൽപിച്ച ഒരൊറ്റ ട്രോമ അനുഭവിച്ചവരിലായിരിക്കുമോ സാധ്യത കൂടുതൽ.

ട്രോമ കഴിഞ്ഞ് അപ്പോൾത്തന്നെ വരുന്ന ഒരു അവസ്ഥയല്ല പി.ടി.എസ്.ഡി. ഒരിടവേളയ്ക്കുശേഷമാവാം ലക്ഷണങ്ങൾ വരിക. ഒരു ട്രോമയുണ്ടായി എപ്പോൾ വേണമെങ്കിലും വരാമെങ്കിലും മൂന്നുമാസത്തിനുള്ളിലാണ് പൊതുവേ കണ്ടുവരിക. അതുകൊണ്ടാവാം പെട്ടെന്ന് സ്ഥിരീകരിക്കപ്പെടാതെ പോകുന്നത്. ചിലരിൽ വർഷങ്ങൾക്കുശേഷമാവാം ലക്ഷണങ്ങളുണ്ടാവുക.

ആവർത്തിച്ച് ഗൗരവമേറിയ ട്രോമ അനുഭവിച്ചവരിൽ ഇതിനേക്കാൾ ഗൗരവമേറിയ സാഹചര്യമുണ്ടാകും, അതാണ് കോംപ്ലക്സ് പി.ടി.എസ്.ഡി. സ്വന്തമായി മോശമാമെന്ന് തോന്നുക, ആത്മഹത്യാപ്രവണത തുടങ്ങിയവയൊക്കെ ഇവരിൽ കാണാം. ഇത് കുറച്ചുനാൾ നീണ്ടുനിൽക്കുന്നതുമാവാം.അത് കുറച്ചുനാൾ നീണ്ടുനിൽക്കുന്ന രീതിയിൽ ജീവിതത്തെ ബാധിക്കുന്നവിധം ഉണ്ടാകാം.

പി.ടി.എസ്.ഡി.യുടെ ചികിത്സ എപ്രകാരമാണ്? ചികിത്സ വൈകുന്നതുമൂലം ഉണ്ടാകുന്ന സങ്കീർണതകളും.

കണക്കുകൾ വച്ചുനോക്കുമ്പോൾ പി.ടി.എസ്.ഡിയുള്ള നാലിലൊരാൾ മാത്രമേ ചികിത്സയ്ക്ക് തയ്യാറാകുന്നുള്ളൂ. ചികിത്സ തേടാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടോ അതു തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടോ ഒക്കെയാവാം. പക്ഷേ, ചികിത്സ വൈകുന്നത് പുനരധിവാസത്തെ വളരെയധികം ബാധിക്കും. ട്രോമയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് പോകുന്ന യാത്രയെ ബാധിക്കുകയും ഗുരുതരമായാൽ ജീവനുതന്നെ ഭീഷണിയാവുകയും ചെയ്യും. യുദ്ധമൊക്കെ കഴി‍ഞ്ഞുവരുന്ന പട്ടാളക്കാരിൽ പി.ടി.എസ്.ഡി. സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. യുദ്ധമായിരിക്കും അവർ വീണ്ടും സങ്കൽപിക്കുന്നത്, ആ സാഹചര്യം പുനരാവിഷ്കരിക്കുകയോ സ്വന്തമായോ മറ്റുള്ളവരെയോ അപായപ്പെടുത്തുകയോ ചെയ്തേക്കാം.

സൈക്കോളജിക്കൽ ഫസ്റ്റ്എയ്ഡ് കൊടുക്കാം. അവരോട് സംസാരിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ കൊടുക്കാനായി സഹായിക്കുകയും ഈ അനുഭവം പങ്കുവെക്കാൻ താൽപര്യമുണ്ടെങ്കിൽമാത്രം അതിന് അവസരം നൽകുകയുമൊക്കെ ചെയ്യുന്നതാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്.

പി.ടി.എസ്.ഡി.യുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ശാസ്ത്രീയ ചികിത്സ നൽകണം.‌ ഒന്ന് മനഃശാസ്ത്രപരമായ ചികിത്സയും മറ്റൊന്ന് മരുന്നിന്റെ സഹായത്തോടെയുള്ളതുമാണ്. മനഃശാസ്ത്രപരമായ ചികിത്സയിൽ ട്രോമഫോക്കസ്ഡ് കോ​ഗ്​നിറ്റീവ് ബിഹേവിയറൽ തെറാപ്പിയാണ് നൽകുന്നത്. ചിന്തിക്കുന്നതിലും പെരുമാറുന്നതിലുമൊക്കെ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന കൗൺസിലിങ് ആണ് ഇവിടെ നൽകുന്നത്. ഇതുകൂടാതെ ഐമൂവ്മെന്റ് ഡീസെൻസിറ്റൈസേഷൻ& റീപ്രൊസസിങ് തെറാപ്പിയും നൽകാറുണ്ട്. ഇവിടെ കണ്ണുകളുടെ ചലനം ഉപയോ​ഗിച്ച് ആ ട്രോമയെ കൈകാര്യം ചെയ്യാൻ രോ​ഗിയെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരുകാര്യം ചികിത്സയുടെ തുടക്കത്തിൽ ലക്ഷണങ്ങൾ കൂടാനിടയുണ്ട്. അതിന്റെ കാരണം ഉള്ളിൽ അടക്കിവച്ചിരിക്കുന്ന ഓർമകളും ട്രോമകളുമൊക്കെ പുറത്തുവരുന്നതാണ്. അത് വൈകാതെ ശരിയാവും. രണ്ടാമത് മരുന്നുകൊണ്ടുള്ള ചികിത്സയാണ്. ഉറക്കക്കുറവിനുള്ള മരുന്നുകളും അമിതമായ ഉത്കണ്ഠയും ആകുലതയും മാറാനുള്ള മരുന്നുകളും കൊടുക്കാറുണ്ട്.