എല്ലാ കൊല്ലത്തെയും പോലെ ഈ കൊല്ലവും മാർച്ചിലെ രണ്ടാം വ്യാഴാഴ്ച ലോകവൃക്കദിനമായി ആചരിക്കുകയാണ്. ഈ അവസരത്തിൽ വൃക്കരോഗത്തിന്റെ പ്രസക്തി നോക്കാം. ലോകത്തിൽ ഏകദേശം 850 ദശലക്ഷം വൃക്കരോഗികൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ 10ൽ ഒരാൾക്ക് മാത്രമാണ് രോഗനിർണയം നടക്കുന്നത്. വൃക്കരോഗത്തിന്റെ പ്രധാനപ്രശ്നം എന്തെന്നാൽ അതിന്റെ തുടക്കകാലത്ത് കാര്യമായി രോഗലക്ഷണങ്ങൾ കുറവാണ് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ മിക്ക രോഗികളും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് രോഗമുണ്ടെന്ന് തിരിച്ചറിയുന്നത്. വൃക്കരോഗമുള്ളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കാരണങ്ങൾ കൊണ്ട് വൃക്കയുടെ പ്രവർത്തനം എന്താണെന്നും രോഗലക്ഷണത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും ഒരു സാധാരണ മനുഷ്യൻ അറിഞ്ഞിരിക്കണം.
ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതും മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതും നമ്മുടെ വൃക്കകളാണ്. ശരീരത്തിലെ ജലാംശത്തിന്റെയും ധാതുലവണങ്ങളുടെയും അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്.
രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ വൃക്കകൾക്ക് പ്രാധാന്യമുണ്ട്. വൃക്കകളിൽ നിന്ന് വരുന്ന erythropoietin എന്ന ഹോർമോണാണ് രക്തത്തിൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുന്നത്. വിറ്റാമിൻ ഡിയുടെ സജീവരൂപം ഉത്പാദിപ്പിക്കുന്നതും വൃക്കകളാണ്.
പ്രമേഹം, രക്തസമ്മർദം, പൊണ്ണത്തടി അഥവാ ഒബിസിറ്റി, പാരമ്പര്യമായി വൃക്കരോഗമുള്ളവർ തുടങ്ങിയവർക്ക് വൃക്കരോഗം വരാനുള്ള സാധ്യത വളരെ അധികം കൂടുതലാണ്. മാത്രമല്ല പുകവലി, മദ്യപാനം, വ്യായാമക്കുറവ്, ജങ്ക്ഫുഡ് അഥവാ ഫാസ്റ്റ്ഫുഡ് അധികമായി ഉപയോഗിക്കുന്നത്, ഭക്ഷണരീതി, അമിതമായ വേദനസംഹാരികൾ ഉപയോഗിച്ചുകൊണ്ടുള്ള സ്വയംചികിത്സ എന്നിവയും വൃക്കരോഗം വരാനുള്ള കാരണങ്ങളിൽ ചിലതാണ്.
നേരത്തെ പറഞ്ഞതുപോലെ വൃക്കരോഗം മൂർച്ഛിച്ചാൽ മാത്രമാണ് രോഗലക്ഷണങ്ങൾ കാണാറുള്ളു. ഇരുവൃക്കകളും ബാധിച്ചാൽ മാത്രമാണ് രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുകയുള്ളു. തുടക്കത്തിൽ മൂത്രത്തിൽ പതപോവുക, കാൽപാദങ്ങളിൽ നീര് കാണുക, മൂത്രത്തിൽ നിറവ്യത്യാസം, മൂത്രം രാത്രിയിൽ അധികമായി ഒഴിക്കുക എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങൾ. വൃക്കരോഗം മൂർച്ഛിച്ചാൽ ദേഹമാസകലം നീര്, ശ്വാസതടസ്സം, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ, വിളർച്ച, ചൊറിച്ചിൽ, മൂത്രത്തിൽ അളവ് കുറയുക തുടങ്ങിയ കാണപ്പെടും.
രോഗം വരുന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാളും നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന പൊതുതത്വം വൃക്കരോഗത്തിന്റെ കാര്യത്തിൽ വളരെ പ്രസക്തമാണ്. വൃക്കരോഗം മൂർച്ഛിച്ചു കഴിഞ്ഞാൽ ഡയാലിസിസ്, വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ തുടങ്ങിയ ചെലവേറിയ ചികിത്സാവിധികൾക്ക് രോഗി വിധേയമാകേണ്ടിവരും. അതുകൊണ്ട് രോഗപ്രതിരോധവും ശരിയായ ബോധവൽക്കരണവും പൊതുജനങ്ങളിൽ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രമേഹവും അമിത രക്തസമ്മർദവും അതിന്റെ തുടക്ക കാലഘട്ടത്തിൽ തന്നെ കണ്ടുപിടിച്ച് അതിന് ആവശ്യമായ മരുന്ന് കഴിച്ച് നിയന്ത്രണത്തിലാക്കാൻ ശ്രമിക്കാം. പൊണ്ണത്തടി, കൊളസ്ട്രോൾ തുടങ്ങിയവയും കണ്ടുപിടിച്ച് ചികിത്സിക്കാം. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുകയും പച്ചക്കറികളും പഴവർഗങ്ങളും വർധിപ്പിക്കുകയും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ വർധിപ്പിക്കുകയും ചെയ്യാം. ഫാസ്റ്റ്ഫുഡും ശീതളപാനീയങ്ങളും കുറക്കാം. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ നിർത്താം. ഡോക്ടറുടെ നിർദേശത്തിന് അനുസരിച്ച് മാത്രം മരുന്ന് കഴിക്കാം. ദിവസവും വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കാം. അരമണിക്കൂറെങ്കിലും എയറോബിക് വ്യായാമം ചെയ്യുന്നത് നല്ലതാണ്.
ഈ കാലഘട്ടത്തിൽ പ്രസക്തമായ സന്ദേശമാണ് ഈ ലോകവൃക്കദിനത്തിന്റെ തീം. Prepare for the unexpected, supporting the vulnerable. മനുഷ്യനിർമിതിയിലുള്ളതും പ്രകൃതിദത്തവുമായ എല്ലാ പ്രശ്നങ്ങളെയും നേരിടാൻ നമുക്ക് സുസജ്ജമാകാം. കൂടാതെ പ്രമേഹം, അമിത രക്തസമ്മർദം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളെ തടയാനും അതു വന്ന രോഗികളെ ബോധവൽക്കരിക്കാനും അവർക്ക് വേണ്ട ചികിത്സ ഒരുക്കാനും ഈ ദിനത്തിൽ മുന്നിട്ടിറങ്ങാം. മേൽപ്പറഞ്ഞ രോഗികൾ, ആറുമാസത്തിലൊരിക്കൽ എങ്കിലും മൂത്രത്തിൽ യൂറിൻ ആൽബുമിൻ, ക്രിയാറ്റിൻ റേഷ്യോ എന്ന ടെസ്റ്റും രക്തത്തിൽ ക്രിയാറ്റിൻ എന്ന പരിശോധനയും ചെയ്യേണ്ടതുണ്ട്.
ആരോഗ്യമുള്ള വൃക്കകൾ ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വൃക്കരോഗം വരാതിരിക്കാനും വൃക്കരോഗം നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കാനും ഒത്തുചേരാം.
പാലക്കാട് അഹല്യ ഡയബറ്റിസ് ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റാണ് ലേഖകൻ.
Content Highlights: world kidney day, symptoms and treatment of kidney disease
Published: 09 Mar 2023, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented